വിചാരണത്തടവുകാരും<br>പിന്നോക്ക ജനവിഭാഗവും
അഡ്വ. ജി. സുഗുണന്‍
നമ്മുടെ രാജ്യത്തെ പതിനായിരക്കണക്കിന് വിചാരണത്തടവുകാര്‍ ഒരു പുത്തരിയല്ല. എന്നാല്‍, ഈ തടവുകാരില്‍ മഹാഭൂരിപക്ഷവും പിന്നോക്ക ജനവിഭാഗങ്ങളില്‍പ്പെട്ടവരാണെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ ഏറ്റവും ഒടുവില്‍ വ്യക്തമാക്കിയിരിക്കുന്നു. ഒരു ജനാധിപത്യ രാജ്യത്തില്‍ വിചാരണത്തടവുകാരെ വര്‍ഷങ്ങളോളം ജയിലിലടയ്ക്കുന്നതിന് യാതൊരു കാരണവുമില്ലെന്ന് പരമോന്നത കോടതി തന്നെ മുമ്പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍, സി.ആര്‍.പി.സിയിലെ സാങ്കേതികത്വവും സാമ്പത്തിക ശേഷിയില്ലാത്തവരും ജാമ്യം നല്‍കാന്‍ മറ്റാരുമില്ലാത്തവരുമായ പതിനായിരക്കണക്കിന് വിചാരണത്തടവുകാര്‍ അനിശ്ചിതമായി ഇവിടെ തടവില്‍ കഴിയേണ്ട സാഹചര്യമാണ് ഇപ്പോഴുമുള്ളത്.
ജാമ്യനടപടികള്‍ വേഗത്തിലാക്കാന്‍ പ്രത്യേക ജാമ്യനിയമം കൊണ്ടുവരണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി ശുപാര്‍ശ ചെയ്തിരുന്നു. സി.ബി.ഐയും സത്യേന്ദ്രകുമാര്‍ അന്തിലും തമ്മിലുള്ള കേസിന്റെ വിധിയിലാണ് ജസ്റ്റിസ് എസ്.കെ കൗള്‍ അധ്യക്ഷനായ ബെഞ്ച് വളരെ ശ്രദ്ധേയമായ ഈ നിരീക്ഷണം നടത്തിയത്. രാജ്യത്ത് ജാമ്യത്തടവുകാരുടെ കാര്യത്തില്‍ അന്വേഷണ ഏജന്‍സികള്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കാതിരിക്കാന്‍ നടത്തുന്ന നിയമപരമായ ഒളിച്ചുകളിക്കെതിരായി ശക്തമായ ഇടപെടലും അന്ന് സുപ്രിംകോടതി നടത്തി. അന്വേഷണ ഏജന്‍സികളും അതിലെ ഉദ്യോഗസ്ഥരും സി.ആര്‍.പി.സിയിലെ 41, 41എ വകുപ്പുകള്‍ പ്രകാരം അര്‍നേഷ്‌കുമാര്‍ കേസിന്റെ വിധിയില്‍ പ്രസ്താവിച്ച നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. അതില്‍ വീഴ്ചവരുത്തിയാല്‍ പ്രതിക്ക് ജാമ്യത്തിന് അവകാശമുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഇത്തരമൊരു ഉത്തരവ് ബാധകമാണെന്നുള്ള നിര്‍ദേശം ഇപ്പോഴും നിലനിര്‍ക്കുകയാണ്.
വിചാരണത്തടവുകാര്‍ക്ക് ജാമ്യം അനുവദിക്കുന്നതിന് ഫലപ്രദമായ പുതിയ നിയമം കൊണ്ടുവരണമെന്ന് സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. രാജ്യത്തുള്ള വിചാരണത്തടവുകാരില്‍ മഹാഭൂരിപക്ഷവും ദലിത്-പിന്നോക്ക-ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരാണെന്നുള്ളത് ഗൗരവതരമായ ഒരു വസ്തുതയാണ്. ഇവരെ സംരക്ഷിക്കാന്‍ ആരാണുള്ളത്? സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം അഭിഭാഷകനെ നിയോഗിക്കാനും ജാമ്യക്കാരെ ഹാജരാക്കാനും ജാമ്യനടപടികള്‍ സ്വീകരിക്കാനും കഴിയാത്തവരാണ് ഇതില്‍ മഹാഭൂരിപക്ഷവും.
പുരോഗമനപരമായ ജാമ്യവ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന സി.ആര്‍.പി.സി നിയമമാണ് കാലഘട്ടം ആവശ്യപ്പെടുന്നത്. അതു തന്നെയാണ് പരമോന്നത കോടതിയും ചൂണ്ടിക്കാട്ടിയത്. പ്രതികള്‍ക്ക് എളുപ്പം ജാമ്യം ലഭിക്കുന്ന യു.കെയിലേയും മറ്റും നിലവിലുള്ള ജാമ്യ നിയമവ്യവസ്ഥകള്‍ നമ്മുടെ രാജ്യത്തും കൊണ്ടുവന്നേ മതിയാകൂ. വിചാരണത്തടവുകാര്‍ക്ക് ജാമ്യം നിഷേധിച്ച് അനിശ്ചിത കാലത്തേക്ക് തടവില്‍ വയ്ക്കുന്നത് തികഞ്ഞ മൗലികാവകാശ നിഷേധമാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ഇവിടെ നഗ്നമായി ലംഘിക്കപ്പെടുകയാണ്. വിചാരണത്തടവില്‍ കഴിയുന്ന പിന്നോക്ക ജനവിഭാഗങ്ങള്‍ അടക്കമുള്ള എല്ലാ തടവുകാര്‍ക്കും വളരെ വേഗം ജാമ്യം നല്‍കി ജയില്‍മോചനം ലഭിക്കാനുള്ള അടിയന്തരമായ നിയമനിര്‍മാണമാണ് രാജ്യം ആവശ്യപ്പെടുന്നത്.
വിചാരണത്തടവുകാരുടെ ജാമ്യാപേക്ഷ രണ്ടാഴ്ചയ്ക്കുള്ളില്‍ തീര്‍പ്പാക്കണമെന്നായിരുന്നു സുപ്രിംകോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷകളില്‍ സമയപരിധി ആറാഴ്ചയാണ്. കര്‍ശന ജാമ്യവ്യവസ്ഥകള്‍ ബാധകമാകാത്ത തടവുകാരെ കണ്ടെത്താന്‍ ഹൈക്കോടതി നടപടി സ്വീകരിക്കണം. തുടര്‍ന്ന് അവരുടെ മോചനത്തിനായി സി.ആര്‍.പി.സി 440 പ്രകാരം നടപടികളെടുക്കണം. ജാമ്യക്കാരുടെ കാര്യത്തില്‍ 440 വകുപ്പ് അടിസ്ഥാനമാക്കി തന്നെ 436എ വകുപ്പുകൂടി ജില്ലാ കോടതികളും ഹൈക്കോടതികളും പരിഗണിക്കണമെന്ന് നിര്‍ദേശവും സുപ്രിംകോടതി പുറപ്പെടുവിച്ചിരുന്നു. ജാമ്യവ്യവസ്ഥ സംബന്ധിച്ച പുതിയ നിര്‍ദേശങ്ങള്‍ സംസ്ഥാന-കേന്ദ്രഭരണ പ്രദേശ സര്‍ക്കാരുകളും ഹൈക്കോടതികളും തല്‍സ്ഥിതി റിപ്പോര്‍ട്ട് വ്യക്തമാക്കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും സുപ്രിംകോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അറസ്റ്റ് ഒരാളിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന കടുത്ത നടപടിയാണ്. കഴിയുന്നതും അറസ്റ്റ് ഒഴിവാക്കണമെന്നും അറസ്റ്റ് ചെയ്യാനുള്ള അധികാരം പൊലിസ് മിതമായി മാത്രമേ ഉപയോഗിക്കാവൂ എന്നുമായിരുന്നു സുപ്രിംകോടതിയുടെ അന്നത്തെ നിരീക്ഷണം. ജനാധിപത്യ ഭരണത്തിനു കീഴില്‍ ഇതൊരു പൊലിസ് ഭരണകൂടമാണെന്ന ധാരണ ഒരിക്കലും ഉണ്ടാകരുതെന്നും കോടതി വ്യക്തമാക്കി. രാജ്യത്തെ ജയിലുകള്‍ വിചാരത്തടവുകാരെ കൊണ്ട് നിറയുന്നതില്‍ യാതൊരു നീതീകരണവുമില്ല. ജയില്‍ത്തടവുകാരില്‍ ഏതാണ്ട് നാലില്‍ മൂന്ന് ഭാഗവും വിചാരണത്തടവുകാരാണെന്നുള്ളത് നമ്മുടെ രാജ്യത്തെ നീതിന്യായ സംവിധാനത്തിന്റെ പോരായ്മ തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്. ഏഴു വര്‍ഷമോ, അതില്‍ താഴെയോ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തപ്പെട്ട ഈ വിഭാഗത്തിലുള്ള തടവുകാരില്‍ ഭൂരിപക്ഷം പേരേയും അറസ്റ്റ് ചെയ്യേണ്ട കാര്യം പോലുമില്ല. നിര്‍ഭാഗ്യവശാല്‍ ദരിദ്രരും നിരക്ഷരരും സ്ത്രീകളുമായ ഇത്തരക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയാണ് നമ്മുടെ രാജ്യത്ത് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
ഒരേ കുറ്റം ചുമത്തപ്പെട്ട വ്യക്തികളെ ഒരിക്കലും വ്യത്യസ്തമായി പരിഗണിക്കരുത്. നീണ്ടുപോവുന്ന വിചാരണ, അപ്പീലോ കസ്റ്റഡിയിലോ തടവിലോ കഴിയുന്ന ഒരു പ്രതിക്ക് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21 ലംഘനമാകുമെന്ന് സുപ്രിംകോടതി ബെഞ്ച് നിരീക്ഷിച്ചിരുന്നു. ജീവിക്കാനുള്ള പൗരന്റെ മൗലികാവകാശത്തെയാണ് ഭരണകൂടം ഇവിടെ ചോദ്യംചെയ്യുന്നത്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ജയിലുകളില്‍ കഴിയുന്ന തടവുകാരില്‍ മഹാഭൂരിപക്ഷവും പിന്നോക്ക ജനവിഭാഗങ്ങളാണെന്ന് ഒടുവിലത്തെ സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഉത്തർപ്രദേശിലെ ജയിലുകളില്‍ കഴിയുന്ന വിചാരണത്തടവുകാരിൽ 75 ശതമാനവും പിന്നോക്ക വിഭാഗങ്ങളിലുള്ളവരാണ്. കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച രേഖയിലേതാണ് ഈ വിവരങ്ങള്‍. 2021ല്‍ സംസ്ഥാനത്ത് തടവിലാക്കപ്പെട്ടവരെ 75 ശതമാനവും എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. 96,666ല്‍ 21,942 പേര്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളവരാണ്. പട്ടികവര്‍ഗം 4,657 പേരും ഒ.ബി.സി 41,678 എന്നിങ്ങനെയാണ് ഈ കണക്ക്.
ബി.എസ്.പി അംഗം ശ്യാംസിങ് യാദവിന്റെ ചോദ്യത്തിനുള്ള മറുപടിയായി ആഭ്യന്തര സഹമന്ത്രി അജയ്കുമാര്‍ മിശ്രയാണ് ഈ വിവരങ്ങള്‍ സഭയെ അറിയിച്ചത്. 1,410 കുറ്റവാളികള്‍ ശിക്ഷാകാലാവധി കഴിഞ്ഞിട്ടും പിഴയടയ്ക്കാത്തതിനാല്‍ ജയിലുകളില്‍ തന്നെ കഴിയുന്നുണ്ടെന്നും സര്‍ക്കാര്‍ വെളിപ്പെടുത്തി. രാജ്യത്തെ ജയിലുകളില്‍ മൂന്നര ലക്ഷത്തിലധികം പേരാണ് വിചാരണകാത്ത് കഴിയുന്നത്. തടവറകളിലെ നാലില്‍ മൂന്നും (76%) വിചാരണകാത്ത് കഴിയുന്നവരാണ്. ഇത് ആഗോള ശരാശരിയായ 34 ശതമാനത്തേക്കാള്‍ വളരെ ഉയര്‍ന്നതാണെന്ന് ശ്യാംസിങ് യാദവ് ചൂണ്ടിക്കാട്ടി.
ലോക്ക്ഡൗണിനു ശേഷം അറസ്റ്റുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത് ജയിലുകള്‍ നിറയുന്നതിനും സാംക്രമിക രോഗങ്ങള്‍ പടരുന്നതിനും കാരണമായോ എന്ന ചോദ്യത്തിന് ജയിലുകളും തടവുകാരും സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ വരുന്നതാണെന്നാണ് ആഭ്യന്തര മന്ത്രാലയം നല്‍കിയ മറുപടി. കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ തടവുകാരുള്ളത് യു.പിയിലാണ് (1,17,789), ബിഹാര്‍ (66,879), മധ്യപ്രദേശ് (48,517), മഹാരാഷ്ട്ര (36,853), പഞ്ചാബ് (26,146) പശ്ചിമബംഗാള്‍ (25,769) എന്നിങ്ങനെയാണ് ഈ കണക്ക്. 2021ലെ കണക്ക് പ്രകാരം രാജ്യത്തെ ജയിലുകളില്‍ 5,54,034 തടവുകാരാണുള്ളത്. ഇത് അനുവദനീയമായ 4,25,609നേക്കാളും അധികമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."