നിങ്ങള്‍ക്ക് നോമ്പുകാലമാണ്,<br>ടാസ്‌കുകളൊന്നും വേണ്ട
അനസ് എടത്തൊടിക
നോമ്പുകാലം താരങ്ങളെ സംബന്ധിച്ച് വലിയ പ്രശ്‌നങ്ങളുടേതൊന്നുമായിരുന്നില്ല. വിവിധ വിശ്വാസങ്ങളെ പരസ്പരം മനസിലാക്കുമ്പോള്‍ അതില്‍ കൂടുതല്‍ പ്രശ്‌നമുണ്ടാകേണ്ടതുമില്ല. 2007ലാണ് ഞാനെന്റെ കരിയര്‍ ആരംഭിക്കുന്നത്. അന്നുമുതല്‍, വിശ്വാസപരമായ കാര്യങ്ങളില്‍ എന്തെങ്കിലും അപാകതകള്‍ സംഭവിക്കുമോ എന്നായിരുന്നു ഉമ്മയ്ക്ക് എന്റെ കാര്യത്തില്‍ ഉണ്ടായിരുന്ന ഏക ഭയം. അത്രമേല്‍ കാര്‍ക്കശ്യക്കാരിയാണ് ഉമ്മ. അതുകൊണ്ടുതന്നെ കളിയാണെങ്കിലും പരിശീലനമാണെങ്കിലും നോമ്പ് ഒഴിവാക്കിയാല്‍ പിന്നീട് നാട്ടില്‍ വന്ന് തിങ്കളാഴ്ചയോ വ്യാഴാഴ്ചയോ അതു മുഴുവനായും നോറ്റുവീട്ടാറുണ്ട്. അത് തുടര്‍ന്നുപോരുന്നതിന്റെ പിന്നില്‍ ഉമ്മയുടെ സാരോപദേശങ്ങളാണ്.
നോമ്പിനെയും നോമ്പുകാരെയും ഏറെ പരിഗണിക്കുകയും കൂടുതല്‍ ശ്രദ്ധ നല്‍കുകയും ചെയ്യുന്ന കോച്ചുമാരായിരുന്നു ക്ലബിലും നാഷനല്‍ ടീമിലും കളിക്കുന്ന സമയങ്ങളില്‍ ഞങ്ങള്‍ക്കുണ്ടായിരുന്നത്. 2007ല്‍ ആദ്യമായി മുംബൈ എഫ്.സി ക്ലബില്‍ കളിക്കുന്ന സമയങ്ങളില്‍ ഡേവിഡ് ബൂത്ത് എന്ന കോച്ച് മുസ്‌ലിം താരങ്ങളെ പ്രത്യേകം പരിഗണിച്ച് രാവിലെയുള്ള പരിശീലനത്തില്‍നിന്ന് ഒഴിവാക്കി. വൈകുന്നേരമുള്ള പരിശീലനത്തില്‍ തീവ്രമായ ടാസ്‌കുകള്‍ ഞങ്ങളെക്കൊണ്ട് ചെയ്യിപ്പിക്കാറുമില്ല. മറ്റുള്ളവര്‍ക്കെല്ലാം രണ്ടുനേരവും സാധാരണ പോലെയുള്ള പരിശീലനമുണ്ടാവും.
പൂനെ എഫ്.സിയിലുണ്ടായിരുന്ന സമയത്ത് ഒന്നിടവിട്ട ദിവസങ്ങളില്‍ നോമ്പെടുത്ത് പരിശീലനം നടത്തിയിട്ടുണ്ട്. ക്ഷീണം കാരണം എട്ട് നോമ്പ് മാത്രമേ അങ്ങനെ എടുക്കാന്‍ സാധിച്ചിരുന്നുള്ളൂ.
പിന്നീട് നാഷനല്‍ ടീമില്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന് കീഴില്‍ കളിക്കുന്ന സമയത്തും ഇതുതന്നെയായിരുന്നു അനുഭവം. അവിടെ അത്താഴവും ഇഫ്താറുമെല്ലാം ഞങ്ങള്‍ക്ക് വിപുലമായി ലഭിക്കാറുണ്ട്. വെള്ളിയാഴ്ച ജുമുഅക്ക് പോകാനായി വാഹനസൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. നോമ്പെടുക്കാന്‍ വിലക്കോ നോമ്പെടുത്ത് കടുത്ത പരിശീലനമോ എന്റെ കരിയറില്‍ അനുഭവിച്ചിട്ടില്ല.
ഇന്ത്യന്‍ ടീമിലേക്ക് പുതിയ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് തിരിച്ചുവിളിച്ചത് ഒരു നോമ്പുകാലത്തായിരുന്നു. എന്നാല്‍ അന്ന് കുടുംബത്തോടൊപ്പം ഉംറയ്ക്ക് പോവുകയായിരുന്നു. ആ സമയത്ത് നാഷനല്‍ ടീമില്‍ കളിക്കാനായില്ല. വിശ്വാസപരമായ കാര്യങ്ങളില്‍ കൃത്യത പുലര്‍ത്താന്‍ നോമ്പുകാലത്ത് പ്രത്യേകം ശ്രദ്ധിക്കാന്‍ കാരണം സഹതാരങ്ങളുടെ പിന്തുണയും കരുതലും തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."