ബി.ജെ.പി അനുകൂല പ്രസ്താവന: നിലപാട് ആവര്‍ത്തിച്ച് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി
തലശ്ശേരി: റബര്‍ വില 300 രൂപയാക്കിയാല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ സഹായിക്കുമെന്ന നിലപാട് ആവര്‍ത്തിച്ച് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. ബി.ജെ.പി അനുകൂല പ്രസ്താവനയില്‍ പിന്നോട്ടില്ലെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി ആവര്‍ത്തിച്ചു. മലയോര കര്‍ഷകരുടെ പ്രശ്നമാണ് താന്‍ പറഞ്ഞത്. ക്രൈസ്തവര്‍ക്കെതിരെ അക്രമങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ ആവശ്യമായ സമയത്ത് കൃസ്തീയ സഭ സര്‍ക്കാരുമായി ചര്‍ച്ച നടത്തും. നിലവില്‍ മലയോര കര്‍ഷകര്‍ നേരിടുന്ന വലിയൊരു പ്രശ്നമാണ് താന്‍ ഉന്നയിച്ചതെന്നും പാംപ്ലാനി പറഞ്ഞു.
ബിഷപ്പ് ഹൗസ് 24 മണിക്കൂറും തുറന്നിട്ടിരിക്കുകയാണ്. അവിടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും വരാറുണ്ട്. ബി.ജെ.പി നേതാക്കള്‍ തന്നെ കാണാന്‍ വന്നിട്ടില്ല. ന്യൂനപക്ഷ സെല്‍ പ്രവര്‍ത്തകരാണ് വന്നത്. ഇതിന്റെ പേരില്‍ താന്‍ ബി.ജെ.പിയില്‍ ചേരാന്‍ പോകുന്നുവെന്ന് വരുത്തിത്തീര്‍ക്കാനാണോ ശ്രമിക്കുന്നതെന്ന് ബിഷപ്പ് ചോദിച്ചു. വിഷയം ബി.ജെ.പി മുതലെടുക്കുന്നുണ്ടെങ്കില്‍ അതിന് കാരണക്കാര്‍ മറ്റ് രാഷ്ട്രീയ കക്ഷികളാണ്.
ബി.ജെ.പി വെക്കുന്ന എല്ലാ കല്ലിലും തേങ്ങ എറിയാന്‍ തങ്ങളെ കിട്ടില്ലെന്നും ബിഷപ്പ് വ്യക്തമാക്കി.റബര്‍ വില 300 രൂപയാക്കി നിശ്ചയിച്ചാല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ സഹായിക്കാമെന്നായിരുന്നു ബിഷപ്പ് കഴിഞ്ഞ ദിവസം പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."