രാജ്യദ്രോഹ നിയമം താൽക്കാലികമായി നിർത്തിവച്ചുകൂടെ: സുപ്രിംകോടതി
പുനഃപരിശോധന വരെ പുതിയ കേസുകൾ അരുത്, നിലവിലെ
കേസുകളിൽ നടപടി നിർത്താമോ എന്നും കോടതി
കെ.എ സലിം
ന്യൂഡൽഹി
രാജ്യദ്രോഹ നിയമം താൽക്കാലികമായി നിർത്തിവച്ചുകൂടെ എന്ന് കേന്ദ്രത്തോട് സുപ്രിംകോടതി. കേസ് നീട്ടിവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാം. നിങ്ങൾ മൂന്നോ നാലോ മാസമെടുത്തോളൂ. അതുവരെ രാജ്യദ്രോഹക്കേസുമായി ബന്ധപ്പെട്ട എല്ലാ തുടർനടപടികളും നിർത്തിവയ്ക്കണം. ഈ വകുപ്പിൽ പുതിയ കേസുകൾ രജിസ്റ്റർ ചെയ്യരുതെന്ന് ആവശ്യപ്പെട്ട കോടതി, ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകാൻ കഴിയുമോയെന്നും ഇതിന് മാർഗരേഖ പുറപ്പെടുവിക്കാൻ പറ്റില്ലേയെന്നും ചോദിച്ചു. ചീഫ് ജസ്റ്റിസ് എൻ.വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമാ കോഹ് ലി എന്നിവരടങ്ങിയ ബെഞ്ചാണ് ചോദ്യമുന്നയിച്ചത്.കഴിഞ്ഞ ദിവസം നൽകിയ സത്യവാങ്മൂലത്തിൽ നിയമം പുനഃപരിശോധിക്കുന്നതായി കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. കേസ് പരിഗണിച്ചപ്പോൾ സർക്കാറിന് സമയം അനുവദിക്കണമെന്നും അതുവരെ കേസ് നീട്ടിവയ്ക്കണമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം.
പുനഃപരിശോധനയ്ക്ക് എത്ര സമയം വേണമെന്ന് കോടതി ആരാഞ്ഞു. കൃത്യമായ സമയം പറയാൻ കഴിയില്ലെന്നും എന്നാൽ പുനഃപരിശോധന ആരംഭിച്ചതായും തുഷാർ മേത്ത അറിയിച്ചു. രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവുമായി ബന്ധപ്പെട്ട വിഷയം കൂടിയാണിതെന്നും മേത്ത പറഞ്ഞു. തുടർന്ന് ഇന്നുതന്നെ മറുപടി അറിയിക്കാൻ കോടതി ആവശ്യപ്പെട്ടു. കേസ് ഇന്ന് വീണ്ടും പരിഗണിക്കും.
സമയം നീട്ടി നൽകുന്നതിനെ ഹരജിക്കാരുടെ അഭിഭാഷകൻ കപിൽ സിബൽ എതിർത്തു. കേന്ദ്രസർക്കാർ പുനഃപരിശോധിച്ചാലും ഇല്ലെങ്കിലും സുപ്രിംകോടതി കേസുമായി മൂന്നോട്ടുപോകണമെന്ന് സിബൽ ആവശ്യപ്പെട്ടു. കേന്ദ്രം നിയമം പുനഃപരിശോധിക്കുന്നെന്ന കാരണത്താൽ കേസ് നീട്ടേണ്ടതില്ല. നിയമത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കേണ്ടത് ജുഡീഷ്യറിയാണെന്നും സിബൽ വാദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."