ഇസ്ലാമിക ഐക്യം പ്രധാനം: അബുദബി അന്താരാഷ്ട്ര സമ്മേളനം
അഷറഫ് ചേരാപുരം
ദുബൈ: അബുദാബിയില്‍ അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനം നടത്തി. അബുദബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററിലാണ് രണ്ടു ദിവസത്തെ സമ്മേളനം നടന്നത്. മുസ്ലിംകള്‍ക്കെതിരെ അനിയന്ത്രിതമായ ആക്രമണങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ മുസ്ലിം ഐക്യം ലക്ഷ്യമിട്ടാണ് യു.എ.ഇ സഹിഷ്ണുതാ, സഹവര്‍ത്തിത്വ മന്ത്രാലയം സമ്മേളനം സംഘടിപ്പിച്ചത്. സമ്മേളനത്തില്‍ 150 ലേറെ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.ഇസ്ലാമിക ഐക്യത്തിന് വ്യക്തമായ തന്ത്രം അനിവാര്യമാണെന്ന് യു.എ.ഇ സഹിഷ്ണുതാ, സഹവര്‍ത്തിത്വ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍നഹ്യാന്‍ പറഞ്ഞു. അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മുസ്ലിം സമൂഹങ്ങളില്‍ ചിലര്‍ നിലനില്‍പ്പിന് ഭീഷണിയാകുന്ന ഗുരുതരമായ വെല്ലുവിളികള്‍ക്ക് സാക്ഷ്യം വഹിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഇസ്ലാമിക ഐക്യം പ്രധാനമാണ്.
ആഗോള ശക്തിയായി മാറാന്‍ സാധിക്കുംവിധം ഇസ്ലാമിക ഐക്യം കൈവരിക്കുന്നതിന് മൊത്തത്തിലുള്ളതും വ്യക്തവുമായ ഒരു തന്ത്രം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മതനിന്ദ കുറ്റകൃത്യമാക്കാനും തീവ്രവാദ, ഭീകരവാദ ഗ്രൂപ്പുകള്‍ക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കാനും അന്താരാഷ്ട്ര വേദികളില്‍ നമുക്കിടയില്‍ ഏകോപനം ആവശ്യമാണെന്ന് ഈജിപ്ഷ്യന്‍ ഔഖാഫ് മന്ത്രി ഡോ.മുഹമ്മദ് മുഖ്താര്‍ ജുംഅ പറഞ്ഞു. തീവ്രവാദ ഗ്രൂപ്പുകളെ എല്ലാവരുടെയും മുന്നില്‍ തുറന്നു കാട്ടാന്‍ പണ്ഡിതരും വിദഗ്ധരും മുന്നോട്ടു വരണമെന്നും അദ്ദേഹം സൂചിപ്പിച്ചു.ഇസ്ലാമിക ഐക്യം: ആശയം, അവസരങ്ങള്‍, വെല്ലുവിളികള്‍ എന്ന ശീര്‍ഷകത്തിലാണ് അന്താരാഷ്ട്ര സമ്മേളനം. പാകിസ്താന്‍ മതകാര്യ മന്ത്രി മുഫ്തി അബ്ദുല്‍ ശുക്കൂര്‍, സിറിയന്‍ ഔഖാഫ് മന്ത്രി മുഹമ്മദ് അബ്ദുല്‍ സത്താര്‍ അല്‍സയ്യിദ്, ഒ.ഐ.സി സെക്രട്ടറി ജനറല്‍ ഹുസൈന്‍ ഇബ്രാഹിം താഹ എന്നിവര്‍ സമ്മേളനത്തില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."