ഒംനൈ, ചെറിയലോകത്തെ വലിയ മനുഷ്യര്‍
മുഹമ്മദലി ശിഹാബ്. ഐ. എ. എസ്.
ജോലിയുടെ ഭാഗമായി എട്ടുവര്‍ഷം മുന്‍പ് വളരെ സന്തോഷത്തോടെയാണ് നാഗാലാന്‍ഡില്‍ കാലുകുത്തിയത്. ഇന്ത്യാ രാജ്യത്ത് ആദ്യമായി അരുണോദയം ദൃശ്യമാകുന്ന സംസ്ഥാനം എന്നതോടൊപ്പംതന്നെ ഇവിടുത്തെ നിഷ്‌കളങ്കരായ മനുഷ്യരെക്കുറിച്ച് നേരത്തെ പറഞ്ഞു കേട്ടിട്ടുമുണ്ട്. നമ്മുടെ രാജ്യത്ത് നേരത്തെ ഉറങ്ങാനും നേരത്തെ ഉണരാനും ഭാഗ്യം സിദ്ധിച്ചവര്‍ ഒരുപക്ഷേ, നാഗാലാന്‍ഡുകാരായിരിക്കും. മലകളും കുന്നുകളും അരുവികളുമുള്ള വളരെ പ്രകൃതി സുന്ദര ഭൂമി. വര്‍ഷത്തില്‍ ഒന്‍പത് മാസവും തണുപ്പോ അല്ലെങ്കില്‍ മഴയോ ഈ നാടിനെ ഇപ്പോഴും പച്ചപുതപ്പിച്ചു കൊണ്ടേയിരിക്കും.
ഇന്ത്യയുടെ വടക്കുകിഴക്കേ അറ്റത്തുള്ള സംസ്ഥാനമാണ് നാഗാലാന്‍ഡ്. 1963ലാണ് രൂപീകൃതമായത്. കൊഹിമയാണ് തലസ്ഥാനം. ദിമാപുര്‍ ആണ് നാഗാലാന്‍ഡിലെ ഏറ്റവും വലിയ പട്ടണം. ഇന്തോ-മംഗോളീസ് സങ്കര വംശമാണ് നാഗന്മാര്‍. ജനസംഖ്യയില്‍ അധികവും നാഗന്മാരായതിനാലാണ് നാഗാലാന്‍ഡ് എന്ന പേര് ലഭിച്ചത്. 87 ശതമാനവും ക്രിസ്ത്യന്‍ വംശജരാണ്.
മുസ്‌ലിം ജനസംഖ്യ പത്ത് ശതമാനത്തില്‍ താഴെയാണിവിടെ. ആയതിനാല്‍ തന്നെ മുസ്‌ലിം പള്ളികള്‍ പ്രധാന പട്ടണങ്ങളില്‍ ഒതുങ്ങും. കൂടുതലാളുകളും ബംഗാള്‍, ആസ്സാം തുടങ്ങി സംസ്ഥാനങ്ങളില്‍ നിന്ന് കുടിയേറിപ്പാര്‍ത്തവരാണ്. ഞാന്‍ ജോലിചെയ്യുന്ന മോണ്‍ ജില്ലയില്‍ നിന്ന് 32 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മ്യാന്‍മാര്‍-ഇന്ത്യ അതിര്‍ത്തിയായി. മുസ്‌ലിംകള്‍ കുറവെങ്കിലും ആചാരാനുഷ്ഠാനങ്ങള്‍ അവരുടെ അറിവനുസരിച്ച് വച്ച് പുലര്‍ത്തുന്നവരാണ്. നോമ്പ് ഒഴിവാക്കുന്നവര്‍ വളരെ വിരളമാണിവിടെ.
നോമ്പ് തുടങ്ങുന്നതിന് മുന്‍പുതന്നെ വിശ്വാസികള്‍ ബാങ്കിന്റെയും അത്താഴത്തിന്റെയും സമയം രേഖപ്പെടുത്തിയ ചാര്‍ട്ട് നല്‍കും. ബാങ്കിന് സമയം ക്ലിപ്തപ്പെടുത്തുന്നത് കണ്ടിട്ടുണ്ടെങ്കിലും അത്താഴസമയം ചാര്‍ട്ട് നല്‍കുന്ന കാഴ്ച നാഗാലാന്‍ഡിലെത്തിയപ്പോഴാണ് കാണുന്നത്. ഇവിടെ നോമ്പിന് അത്താഴ സമയം പുലര്‍ച്ചെ 2.45 ആണ്. ഉദയം ആദ്യം നാഗാലാന്‍ഡിലായതിനാല്‍ നോമ്പിന് പതിനഞ്ചര മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടാവും. റമദാനോടുനുബന്ധിച്ച് പള്ളികളും വീടുകളും ശുചീകരിക്കുമെങ്കിലും നിസ്‌കാരത്തിനൊന്നും പ്രത്യേക ആളുകളെ നിയമിക്കുന്ന രീതിയില്ല. തൊഴിലാളികളും കച്ചവടക്കാരുമാണ് നാഗാലാന്‍ഡിലെ കൂടുതല്‍ മുസ്‌ലിംകളും. അവരുടെ ഇഫ്താറിലും പങ്കെടുക്കാറുണ്ട്. വിഭവങ്ങളുടെ കാര്യത്തില്‍ ഉത്തരേന്ത്യക്ക് സമാനമാണിവിടെ. ഖുലാവ എന്ന പേരില്‍ അറിയപ്പെടുന്ന നാട്ടിലെ ബിരിയാണിക്ക് തുല്യമായ ഭക്ഷണമാണ് പ്രധാനം. ആട്, മാട് മാംസം സുലഭം. പരിപ്പ് കൊണ്ടുള്ള ദാല്‍ അടക്കം കൂട്ടത്തിലുണ്ടാകും.
എന്റെ റമദാന്‍ ദിനങ്ങളെ ഓംനൈയെ കൂടി ചേര്‍ത്തുവായിക്കണം. ഓംനൈ ആരെന്നറിയേണ്ടേ. നാഗാലാന്‍ഡുകാരനായ ഒരു ക്രിസ്ത്യാനി യുവാവ്. നാലുവര്‍ഷം മുന്‍പ് എന്റെ അടുത്ത് വരുമ്പോള്‍ അവന് മുപ്പതിന് താഴെ പ്രായം കാണും. ഉയരം കുറഞ്ഞ വെളുത്തു മെലിഞ്ഞ ശരീരം. പതിഞ്ഞ മൂക്ക്. ഇറുകിയ കണ്ണുകള്‍. എന്നാലും ആ കണ്ണുകള്‍ നക്ഷത്രങ്ങളെ പോലെ തിളങ്ങുന്നതായി തോന്നിയിട്ടുണ്ട്. അവന്റെ വാക്കുകളിലും പ്രവര്‍ത്തിയിലും നിറഞ്ഞുനില്‍ക്കുന്ന ആത്മാര്‍ഥതയു സ്‌നേഹവും, ബഹുമാനവുമാണ് എന്നെ എന്നും അത്ഭുതപ്പെടുത്തിയിരുന്നത്. സ്‌നേഹിക്കാന്‍ മാത്രം അറിയാവുന്ന നിസ്വാര്‍ഥ ജന്മം.
മോണ്‍ ജില്ലയില്‍ അഡിഷണല്‍ ജില്ലാ കലക്ടറായി ജോലി ചെയ്യുമ്പോള്‍ എന്റെ ഓഫിസ് െ്രൈഡവറായിരുന്നയാളുടെ സഹോദരനാണവന്‍. ഒരിക്കല്‍ ഡ്രൈവറുടെ വീട്ടില്‍ പോയപ്പോഴാണ് ആദ്യമായി അവനെ പരിചയപ്പെട്ടത്. പ്രത്യേകിച്ച് ജോലിയൊന്നുമില്ല. എന്നെ സഹായിക്കാനായി കൂടെക്കൂടി. നന്നായി പാചകം ചെയ്തിരുന്ന അവന് എന്റെ കാര്യങ്ങളില്‍ വലിയ ശ്രദ്ധയായിരുന്നു.
പിന്നീട് കൊഹിമ ജോയിന്റ് സെക്രട്ടറി ആകുമ്പോഴും കിഫൈറിലെ ജില്ലാ കലക്ടറായപ്പോഴുമൊക്കെ എന്റെ നിഴലായി അവനും കൂടെയുണ്ടായിരുന്നു. ഒരു ജോലിക്കാരനിലുപരി ഒരു സുഹൃത്തെന്നോ സഹോദരനെന്നോ എന്തുവേണമെങ്കിലും വാക്കുകളില്ലാത്ത ആ ബന്ധത്തെ വിളിക്കാം. ശമ്പളം പ്രതീക്ഷിച്ചൊന്നുമല്ല അവന്‍ എന്റെ കൂടെ ഉണ്ടായിരുന്നത്.
റമദാനിലെ എന്റെ നോമ്പ് എന്നെക്കാള്‍ ശ്രദ്ധിച്ചിരുന്നത് ഓംനൈ ആയിരുന്നു. പുലര്‍ച്ചെ മൂന്നുമണിക്ക് മുന്‍പുതന്നെ സൂര്യോദയം. അതിനുമുന്‍പേ അത്താഴം കഴിക്കണം. ഏകദേശം വൈകിട്ട് 6. 15ന് മഗ്‌രിബ് ബാങ്ക് വിളിക്കും. കൂടുതലും ഹനഫി പള്ളികളാണ്. നോമ്പിന് പൊതുവെ നല്ല തണുപ്പായിരിക്കും. രണ്ടുമണിക്കെങ്കിലും എഴുന്നേറ്റെങ്കിലേ അത്താഴം കഴിക്കാന്‍ സാധിക്കൂ. പക്ഷേ, നോമ്പിന്റെ ക്ഷീണവും, വശ്യസുന്ദരമായ പ്രകൃതിയുടെ തണുപ്പില്‍ മൂടിപ്പുതച്ചുള്ള ഉറക്കവും സ്വര്‍ഗീയ സുഖം നല്‍കുമായിരുന്നു.
രണ്ടുമണിയോടെ വാതിലില്‍ മുട്ടുകേള്‍ക്കാം. ''സാര്‍, എഴുന്നേല്‍ക്ക്''.
ഉറക്കച്ചടവോടെ കണ്ണുംതിരുമ്മി വാഷ് ബേസിലില്‍ പോയി ബ്രഷ് ചെയ്ത് വരുമ്പോഴേക്കും ഡൈനിങ് ടേബിളില്‍ ആവി പറക്കുന്ന രുചികരമായ ഭക്ഷണം റെഡിയായിരിക്കും. കേരളീയ ഭക്ഷണത്തോടൊപ്പം നാഗാ വിഭവങ്ങളും കൂട്ടത്തില്‍ സ്‌പെഷ്യലായി ഉണ്ടാകും. വളരെ രുചികരമാണത്. കൂടെ നിന്ന് ഭക്ഷണം കഴിപ്പിച്ചേ അവന്‍ ഉറങ്ങാറുള്ളൂ. എത്ര കഷ്ടപ്പെട്ടാലും വേണ്ടില്ല എന്നെ ഫ്രഷ് ഭക്ഷണം കഴിപ്പിക്കണം എന്നത് അവന് വളരെ നിര്‍ബന്ധമുള്ള കാര്യമാണ്. എന്റെ കാര്യത്തില്‍ ഒരുസങ്കടം എന്നും അവനുണ്ടായിരുന്നു.
മണിക്കൂറുകളോളം സമയം വെള്ളം കുടിക്കാതെയിരുന്നാല്‍ ഞാന്‍ മരിച്ചുപോകുമെന്നാണവന്റെ ഭയം. ''ഞങ്ങള്‍ ക്രിസ്ത്യാനികളുടെ നോമ്പില്‍ വെള്ളം കുടിക്കാം. നിങ്ങള്‍ക്കും വെള്ളം കുടിച്ചാലെന്താ… അല്ലെങ്കില്‍ മരിച്ചുപോകില്ലേ'' ഇതായിരുന്നു നോമ്പുകാലത്ത് ഇപ്പോഴും അവന് പറയാനുണ്ടായിരുന്നത്. കാലാവസ്ഥ മാറുന്ന സമയത്ത് സീസണല്‍ ഫുഡ് തയാറാക്കിത്തന്നിരുന്നതും അവന്‍തന്നെ. ഫുട്‌ബോള്‍ ഭ്രാന്തനാണ് ഓംനൈ. കഴിഞ്ഞ ലോകക്കപ്പ് റമദാനിലായിരുന്നല്ലോ. ഞങ്ങള്‍ ഒന്നിച്ചിരുന്നാണ് മുഴുവനും കണ്ടത്. അതുമാത്രമേ അവന് വിനോദമുള്ളൂ. വീട്ടിലെ അത്യാവശ്യത്തിന് അവന്‍ പോയിട്ട് കുറെ നാളുകളായി.
എന്ന് തിരിച്ചുവരുമോ ഇല്ലയോ എന്ന് ഒരു ഉറപ്പുമില്ല. എന്നാലും ഇപ്പോഴും അവന്‍ നടന്നകന്ന വഴിയിലേക്ക് ഞാന്‍ കണ്ണുംനട്ടിരിക്കാറുണ്ട്.
ചെറിയലോകത്തെ വലിയമനുഷ്യരാണ് നാഗാലാന്‍ഡുകാര്‍. സാമ്പത്തികമായി പിന്നാക്കം. ആര്‍ഭാടങ്ങളില്ലാത്ത ജീവിതം. അവര്‍ക്കിടയിലാണ് അതിലും വലിയ നിഷ്‌കളങ്കനായി ഓംനൈ ജീവിക്കുന്നത്. പകരം ആളെ ലഭിക്കാത്തത് കൊണ്ടല്ല. കാരണം ഒരു ഓംനൈ ആകാന്‍ അവനുമാത്രമേ സാധിക്കൂ. ചില വ്യക്തികള്‍ അങ്ങനെയാണ് നമ്മെ സ്‌നേഹിച്ചുകൊല്ലും. അവരുടെ അസാന്നിധ്യത്തില്‍ നാം വീര്‍പ്പുമുട്ടി മരിക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."