കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ നിന്ന് മന്ത്രിസഭയിലേക്ക്
തിരുവനന്തപുരം: പത്തു വര്‍ഷം തിരുവനന്തപുരം നഗരസഭയില്‍ കൗണ്‍സിലറായി ജനമനസില്‍ ഇടംപിടിച്ചാണ് ജി.ആര്‍ അനില്‍ മന്ത്രിസഭയിലേക്കെത്തുന്നത്. നഗരസഭയില്‍ നേമം വാര്‍ഡിനെ പ്രതിനിധീകരിച്ചായിരുന്നു പത്തുവര്‍ഷം അനില്‍ പ്രവര്‍ത്തിച്ചത്. അഞ്ചു വര്‍ഷം ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായിരുന്നു. സി.പി.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗണ്‍സില്‍ അംഗവുമാണ്. ജില്ലയിലെ വിവിധ ട്രേഡ് യൂണിയന്‍ സംഘടനകളുടെ നേതാവുകൂടിയാണ്. എ.ഐ.എസ്.എഫിലൂടെ പൊതുരംഗത്തേക്ക് എത്തി.
എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ്, കിസാന്‍സഭ എന്നീ സംഘടനകളുടെ ജില്ലാ സെക്രട്ടറിയായും സംസ്ഥാന ഭാരവാഹിയായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ഔഷധി ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമായി പ്രവര്‍ത്തിക്കുന്ന ജി.ആര്‍ അനില്‍ ഹാന്റക്സിന്റെ ഡയറക്ടറായും കൈത്തറി ക്ഷീരസംഘം പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നെടുമങ്ങാട് നിന്നാണ് കന്നിയങ്കത്തില്‍ ചരിത്ര ഭൂരിപക്ഷത്തില്‍ എംഎല്‍എയായത്. നടുക്കാട് സാല്‍വേഷന്‍ ആര്‍മി എല്‍.പി സ്‌കൂളിലും കൃഷ്ണപുരം യു.പി സ്‌കൂളിലും എസ്.എം.വി ഹൈസ്‌കൂളിലും പ്രാഥമിക പഠനം.
എം.ജി കോളജില്‍ പ്രീഡിഗ്രിയും യൂണിവേഴ്സിറ്റി കോളജില്‍ ബി.എ പൊളിറ്റിക്സ് ബിരുദവും ലോ അക്കാദമി ലോ കോളജില്‍ നിന്ന് എല്‍.എല്‍.ബി ബിരുദവും നേടി. വിദ്യാര്‍ത്ഥിയുവജന രംഗങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ നിരവധി സമരങ്ങളില്‍ പങ്കെടുത്ത് പലതവണ പൊലീസ് മര്‍ദ്ദനവും മൂന്നുതവണ ജയില്‍ വാസവും അനുഭവിച്ചിട്ടുണ്ട്. മുന്‍ എം.എല്‍.എയും വര്‍ക്കല എസ് എന്‍ കോളജ് ചരിത്രവിഭാഗം മുന്‍ മേധാവിയുമായ ഡോ. ആര്‍ ലതാദേവിയാണ് ഭാര്യ. മകള്‍: അഡ്വ. ദേവിക, മരുമകന്‍: മേജര്‍ എസ് പി വിഷ്ണു. ചെറുമകള്‍: അനുഗ്രഹ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."