രാജ്യദ്രോഹക്കുറ്റം മരവിപ്പിക്കുമ്പോൾ
രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124 എ വകുപ്പ് മരവിപ്പിച്ചുകൊണ്ടുള്ള സുപ്രിംകോടതി ഉത്തരവ് രാജ്യത്തെ ജനാധിപത്യ, മതേതര സമൂഹത്തിൽ ഉയർത്തിയ പ്രതീക്ഷയും ആത്മവിശ്വാസവും കുറച്ചൊന്നുമല്ല. കേന്ദ്രസർക്കാർ പുനഃപരിശോധിക്കും വരെ കേന്ദ്രമോ സംസ്ഥാനങ്ങളോ ഈ വകുപ്പിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യരുതെന്നും സുപ്രിംകോടതി നിർദേശിച്ചിരിക്കുകയാണ്. നിലവിൽ ഈ കേസിൽ ജയിലിൽക്കഴിഞ്ഞവർക്ക് ജാമ്യത്തിനായി ബന്ധപ്പെട്ട കോടതിയെ സമീപിക്കാം. നേരത്തെ രജിസ്റ്റർ ചെയ്ത കേസുകളിൽ തുടർനടപടികളും പാടില്ല. രാജ്യത്തെ സമീപകാല രാഷ്ട്രീയ സാഹചര്യത്തിൽ വിധി ചരിത്രപരമെന്നുതന്നെ പറയണം. രാഷ്ട്രീയ എതിരാളികളെ ദ്രോഹിക്കാൻ ഈ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന വസ്തുത മനുഷ്യാവകാശപ്രവർത്തകരും പൗരബോധമുള്ളവരും നിരന്തരം ചൂണ്ടിക്കാട്ടിയതാണ്. അന്തിമമായി കോടതിയും ഈ വാദത്തിന് അംഗീകാരം നൽകിയിരിക്കുന്നു.
ഈ നിയമം നിലനിർത്തണമെന്ന് തുടക്കത്തിൽ വാദിച്ച കേന്ദ്ര സർക്കാരിന് സാഹചര്യങ്ങളുടെ സമ്മർദം കാരണം നിലപാട് മാറ്റേണ്ടി വന്നുവെന്നതും സുപ്രധാനമാണ്. വാക്കിലൂടെയോ എഴുതിയതോ അല്ലെങ്കിൽ അടയാളങ്ങളിലൂടെയോ ദൃശ്യമായ പ്രാതിനിധ്യത്തിലൂടെയോ സർക്കാരിനോട് വിദ്വേഷമോ അവഹേളനമോ ഉണ്ടാക്കുകയോ അസംതൃപ്തി ഉണർത്താൻ ശ്രമിക്കുകയോ ചെയ്യുന്നതാണ് രാജ്യദ്രോഹക്കുറ്റം ചുമത്താനുള്ള കാരണമായി 124 എ വകുപ്പിൽ നിർവചിച്ചിട്ടുള്ളത്. അതായത് സർക്കാരിന് അതൃപ്തിയുണ്ടാക്കുന്നതെന്തും രാജ്യദ്രോഹമായി വ്യാഖ്യാനിക്കുകയും അതിന്റെ പേരിൽ ഈ വകുപ്പ് ചുമത്തുകയും ചെയ്യാം. കുറ്റം തെളിഞ്ഞാൽ ജീവപര്യന്തം തടവുശിക്ഷയും പിഴയും വിധിക്കാം. ബ്രിട്ടീഷ് ഭരണകാലത്ത്, 1860ൽ ഇന്ത്യൻ ശിക്ഷാനിയമം തയാറാക്കിയ തോമസ് മക്കാലെയാണ് രാജ്യദ്രോഹ നിയമം അതിന്റെ കൂട്ടത്തിൽ ഉൾപ്പെടുത്തിയത്. എന്നാൽ, 1860ൽ നിലവിൽ വന്ന നിയമത്തിൽ അതുണ്ടായിരുന്നില്ല. പിന്നീട് 1890ൽ 124 എ വകുപ്പ് പ്രത്യേകമായി ഉൾപ്പെടുത്തുകയായിരുന്നു.
ഇതിനു മുമ്പ് നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടത് സ്വാതന്ത്ര്യസമര കാലത്താണ്. സ്വാതന്ത്ര്യസമര സേനാനികളായ ബാലഗംഗാധര തിലക്, ആനി ബസന്റ്, മൗലാനാ ഷൗക്കത്തലി, മൗലാനാ മുഹമ്മദലി, മൗലാനാ ആസാദ്, മഹാത്മാഗാന്ധി എന്നിവരുൾപ്പെടെയുള്ളവർക്കെതിരേ 124 എ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. 1998ലെ ബ്രിട്ടീഷ് രാജ്ഞി-ബാലഗംഗാധര തിലക് കേസ് ഇതിൽ ഏറ്റവും ശ്രദ്ധ നേടിയതാണ്. സ്വാതന്ത്ര്യത്തിനു ശേഷം, അഭിപ്രായസ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ഭരണഘടന നിലവിൽ വന്ന രാജ്യത്ത് 75 വർഷത്തോളം ഈ വകുപ്പ് അതുപോലെ നിലനിന്നുവെന്നത് അതിശയകരമാണ്. 1950ൽ രമേശ് താപ്പർ കേസിലാണ് ആദ്യമായി സുപ്രിംകോടതി ഈ വകുപ്പിനുമേൽ സംശയമുന്നയിക്കുന്നത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന പ്രവൃത്തിയിലേർപ്പെടുകയോ രാജ്യത്തെ അട്ടിമറിക്കാൻ ശ്രമിക്കുകയോ ചെയ്യാതെ ഈ വകുപ്പ് ചുമത്താൻ പാടില്ലെന്ന് അന്ന് ജസ്റ്റിസ് പദാജ്ഞലി ശാസ്ത്രി നിർദേശം നൽകിയെങ്കിലും നിയമത്തിന്റെ സാധുത ചോദ്യം ചെയ്യപ്പെട്ടില്ല.
പിന്നാലെ 1951ൽ താരാസിങ് ഗോപിചന്ദ് കേസിൽ പഞ്ചാബ് ഹരിയാന ഹൈക്കോടതിയും 1959ൽ രാംനന്ദൻ കേസിൽ അലഹബാദ് ഹൈക്കോടതിയും ബ്രിട്ടീഷ് കാലത്തുള്ള ഈ നിയമം തുടരേണ്ടതുണ്ടോയെന്ന് സംശയമുന്നയിച്ചു. ഇത് കൊളോണിയൽ യജമാനന്മാർക്ക് തദ്ദേശീയരെ എതിർക്കാനുണ്ടാക്കിയ നിയമമാണെന്നും ഭരണഘടനാവിരുദ്ധമാണെന്നും കോടതികൾ ചൂണ്ടിക്കാട്ടുകയും ചെയ്തു. പിന്നീട് 1962ലാണ് പ്രസിദ്ധമായ കേദാർനാഥ് സിങ് കേസ് സുപ്രിംകോടതിയിൽ വരുന്നത്. ബിഹാറിലെ ബേഗുസരായിയിൽ നിന്നുള്ള ഫോർവേഡ് ബ്ലോക്ക് നേതാവായിരുന്ന കേദാർനാഥ് സിങ് 1953ൽ ബറൗനി ഗ്രാമത്തിൽ സർക്കാരിനെ വിമർശിച്ച് നടത്തിയ ശക്തമായ പ്രസംഗത്തിന്റെ പേരിൽ അദ്ദേഹത്തിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയതാണ് കേസ്. 124 എ വകുപ്പ് പ്രകാരം കേദാർനാഥ് ശിക്ഷിക്കപ്പെട്ടു. അപ്പീൽ ഹൈക്കോടതി തള്ളിയതോടെ സുപ്രിംകോടതിയിലെത്തി. കേദാർനാഥിനെതിരായ രാജ്യദ്രോഹക്കുറ്റം സുപ്രിംകോടതി ശരിവച്ചെങ്കിലും നിയമത്തിന്റെ ദുരുപയോഗം തടയണമെന്ന് കോടതി ആവശ്യപ്പെട്ടു. അക്രമമുണ്ടാക്കാൻ പ്രേരിപ്പിക്കാതെയുള്ള സർക്കാരിനെതിരായ വിമർശനത്തിന്റെ പേരിൽ 124 എ ചുമത്തരുതെന്ന് സുപ്രിംകോടതി നിർദേശിച്ചു. ഇതിനായി ഏഴു നിർദേശങ്ങൾ സുപ്രിംകോടതി പുറപ്പെടുവിക്കുകയും ചെയ്തു. കേദാർനാഥ് കേസിലെ വിധി തുടർന്ന് രാജ്യദ്രോഹവുമായി ബന്ധപ്പെട്ട നിരവധി കേസുകളിൽ സുപ്രിംകോടതിയും കീഴ്‌ക്കോടതികളും റഫറൻസായി ഉപയോഗിച്ചെങ്കിലും 124 എ ദുരുപയോഗം ചെയ്യുന്നതിന് കുറവൊന്നുമുണ്ടായില്ല.
13,000 പേരാണ് രാജ്യദ്രോഹക്കുറ്റത്തിന്റെ പേരിൽ നിലവിൽ ജയിലിൽക്കഴിയുന്നത്. ഒരു ടെലിവിഷൻ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ വിമർശനം ഉന്നയിച്ചതിന് രാജ്യദ്രോഹക്കേസ് ചുമത്തപ്പെട്ട ഡൽഹിയിലെ മാധ്യമപ്രവർത്തകൻ വിനോദ് ദുവ മുതൽ സമൂഹമാധ്യമങ്ങളിൽ സർക്കാർ നയങ്ങളെ വിമർശിച്ചതിന് കേസെടുക്കപ്പെട്ട അനവധി സാധാരണക്കാർ വരെ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതിനും പക്ഷപാതപരമായി ഉപയോഗിക്കുന്നതിനുമുള്ള ഉദാഹരണങ്ങളാണ്. 124 എ മരവിപ്പിക്കുക മാത്രമല്ല, ഈ രൂപത്തിലോ മറ്റൊരു രൂപത്തിലോ ഈ കരിനിയമം തിരിച്ചുവരില്ലെന്ന് ഉറപ്പാക്കേണ്ട ബാധ്യതകൂടി രാജ്യത്തെ നീതിന്യായ സംവിധാനങ്ങൾക്കുണ്ട്. യു.എ.പി.എ പോലുള്ള കരിനിയമങ്ങളും വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ട്. യു.എ.പി.എ 124 എയുടെ പകരക്കാരനാവുന്നില്ലെന്ന് ഉറപ്പാക്കണം. ഇക്കാര്യത്തിലും രാജ്യത്തെ നീതിന്യായ സംവിധാനത്തിന്റെ ശ്രദ്ധപതിയൽ അനിവാര്യമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഇളംകാറ്റ് വീശുന്നതിന് തടസ്സം നിൽക്കുന്നതൊന്നും രാജ്യത്ത് നിലനിന്നു കൂടാ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."