വ്യത്യസ്ത സംസ്കാരങ്ങളെ ഉൾക്കൊള്ളുന്ന ജനതയാകണം: റൊമീല ഥാപ്പർ
സ്വന്തം ലേഖകൻ
തിരൂർ (മലപ്പുറം)
എല്ലാ സംസ്കാരങ്ങളേയും മൂല്യങ്ങളേയും മുറുകെപ്പിടിച്ച് മുന്നോട്ടുപോകുകയാണ് രാജ്യത്തിനിന്ന് അഭികാമ്യമെന്ന് ചരിത്രകാരി റൊമീല ഥാപ്പർ. രാജ്യത്തെ പഴമക്കാർ ചെയ്തപോലെ വിവിധ സംസ്കാരങ്ങളുടെ കൊടുക്കൽ വാങ്ങലുകളെ ഉറപ്പാക്കുകയും അവ ഉൾക്കൊള്ളുന്ന ഒരു ജനതയായി ജീവിക്കണമെന്നും, ഇത് നാം നമ്മോട്തന്നെ ചെയ്യേണ്ട വാഗ്ദാനമാണെന്നും അവർ പറഞ്ഞു. തിരൂരിൽ തുഞ്ചൻ ഉത്സവം ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഥാപ്പർ.
നാം നേരത്തെ ഉൾക്കൊണ്ട സംസ്കാരങ്ങൾ, മതങ്ങൾ, അവയുടെ മൂല്യസമ്പ്രദായം എന്നിവ നിരാകരിച്ചുള്ള രീതി സമകാലിക ഇന്ത്യ സ്വീകരിച്ചാൽ അത് നമ്മുടെ ചരിത്രത്തേയും സമകാലിക അവസ്ഥയേയും ഏറെ മോശമായി ബാധിക്കും. അത് സ്വയം ദ്രോഹിക്കുന്ന നടപടിയായി മാറും. അതുകൊണ്ടുതന്നെ ഒരു ക്രിയാത്മക സമൂഹമായി നമുക്ക് മുന്നോട്ടുപോകാനാകില്ല. നാം അപൂർവരാണെന്നുള്ള പ്രഖ്യാപനം നിർത്തുകയും യാഥാർഥ്യം തിരിച്ചറിയുകയും വേണം.
ജനതയും സംസ്കാരവും രാഷ്ട്രവും സന്തോഷത്തോടെ ഒന്നിച്ചുവരുമ്പോഴാണ് അവർ പുതിയ അർഥതലങ്ങളിലേക്കുയരുന്നത്. ഇത്തരം മൂല്യങ്ങൾ നഷ്ടപ്പെടുത്തിയവർ സ്വന്തം ജനതക്കെതിരായ കടന്നാക്രമണങ്ങളിലൂടെയാണ് കടന്നുപോയിട്ടുള്ളതെന്നും റൊമീല ഥാപ്പർ ഓർമ്മിപ്പിച്ചു. 1930ലെ ജർമനിയും 1960ലെ ചൈനയും നൽകുന്ന മുന്നറിയിപ്പ് നാം ഓർക്കണമെന്നും ഇത് ആപത്കരമായ അവസ്ഥയിലേക്ക് നയിക്കുമെന്നും അവർ പറഞ്ഞു.
എം.ടി വാസുദേവൻ നായർ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."