കേന്ദ്ര സർക്കാരിൻ്റെ മുഖത്തടിച്ച് സുപ്രിംകോടതി; രാജ്യദ്രോഹനിയമത്തിന് വിലങ്ങിട്ടു
കെ.എ സലിം
ന്യൂഡൽഹി
രാജ്യദ്രോഹക്കേസ് ചുമത്തുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124 എ വകുപ്പ് സുപ്രിംകോടതി മരവിപ്പിച്ചു. നിയമം വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന പരാതിയുടെ പശ്ചാത്തലത്തിൽ ഇതിന്റെ ഭരണഘടനാ സാധുത പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിലാണ് ചീഫ് ജസ്റ്റിസ് എൻ.വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമാ കോഹ് ലി എന്നിവരടങ്ങിയ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഇതോടെ ഫലത്തിൽ 152 വർഷം പഴക്കമുള്ള നിയമം താൽക്കാലികമായി ഇല്ലാതായി. ഈ വകുപ്പ് പുനഃപരിശോധിക്കുകയാണെന്നും അതുവരെ മറ്റു നടപടികളിലേക്ക് കടക്കരുതെന്നും കേന്ദ്ര സർക്കാർ സുപ്രിംകോടതിയോട് അഭ്യർഥിച്ചിരുന്നതാണ്. എന്നാൽ, പുനഃപരിശോധന തീരുന്നതുവരെ വകുപ്പ് സുപ്രിംകോടതി മരവിപ്പിക്കുകയായിരുന്നു.
124 എ വകുപ്പിന്റെ അടിസ്ഥാനത്തിൽ പുതിയ കേസുകൾ രജിസ്റ്റർ ചെയ്യരുതെന്ന് കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും സുപ്രിംകോടതി നിർദേശം നൽകി. നിലവിൽ രാജ്യദ്രോഹക്കേസിൽ ജയിലിൽ കിടക്കുന്നവർക്ക് ജാമ്യത്തിനായി ബന്ധപ്പെട്ട കോടതികളെ സമീപിക്കാം. നിലവിലുള്ള കേസുകളിൽ അന്വേഷണം അടക്കമുള്ള തുടർ നടപടികൾ പാടില്ല. 124 എയുടെ അടിസ്ഥാനത്തിൽ അവർക്കെതിരേ ചുമത്തിയ എല്ലാ വകുപ്പുകളും മരവിച്ചതായി കണക്കാക്കും. എന്നാൽ അവർക്കെതിരേ മറ്റേതെങ്കിലും വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ അതുപ്രകാരമുള്ള നടപടികൾ തുടരാമെന്നും കോടതി അറിയിച്ചു. 124 എ പ്രകാരം എവിടെയെങ്കിലും പുതിയതായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയാണെങ്കിൽ ഈ വിധിയുടെ അടിസ്ഥാനത്തിൽ അതിനെതിരേ കോടതിയെ സമീപിക്കാമെന്നും ഉത്തരവിലുണ്ട്.
കേന്ദ്രത്തിന്റെ പുനഃപരിശോധന തീരുന്നതുവരെ 124 എയുടെ അടിസ്ഥാനത്തിലുള്ള ഒരു നടപടിയും പാടില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി. മറ്റൊരുത്തരവുണ്ടാകുന്നതുവരെ ഈ ഉത്തരവ് നിലനിൽക്കുമെന്നും ബെഞ്ച് പറഞ്ഞു. 124 എ ദുരുപയോഗം ചെയ്യുന്നതിനെതിരേ കേന്ദ്ര സർക്കാരിന് ആവശ്യമെങ്കിൽ നിർദേശങ്ങൾ പുറപ്പെടുവിക്കാം. സർക്കാരിന്റെ കടമയും പൗരൻമാരുടെ സ്വാതന്ത്ര്യവും ഒരുപോലെ മനസിലാക്കിയാണ് ഇക്കാര്യം ഉദാഹരണ സഹിതം അറ്റോർണി ജനറൽ തന്നെ കോടതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിയമം കാലഹരണപ്പെട്ടതാണെന്ന് കേന്ദ്രവും സമ്മതിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സർക്കാർ തീരുമാനമെടുക്കുന്നതുവരെ നിയമം മരവിപ്പിക്കുകയാണ് ഉചിതമെന്നും കോടതി പറഞ്ഞു. കേസ് ജൂലൈ മൂന്നാം വാരം വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."