മഹിന്ദ രാജ്യംവിട്ടിട്ടില്ലെന്ന് ശ്രീലങ്ക
കൊളംബോ
രാജിവച്ച പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജ്യം വിട്ടെന്ന അഭ്യൂഹത്തിനിടെ വാർത്ത നിഷേധിച്ച് സർക്കാർ. അദ്ദേഹം രാജ്യത്തുണ്ടെന്നും സുരക്ഷാ കാരണങ്ങളാൽ ട്രിൻകോമാലീ നാവിക താവളത്തിലേക്കു മാറ്റിയിരിക്കുകയാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ക്രമസമാധാനനില പഴയപടിയാകുന്നതോടെ അദ്ദേഹത്തെ മറ്റൊരിടത്തേക്ക് മാറ്റുമെന്നും മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ തിങ്കളാഴ്ച രാജിവച്ച മഹിന്ദ രാജപക്‌സെയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭകർ രംഗത്തെത്തിയതോടെ അദ്ദേഹത്തെ സൈന്യം സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇവിടെ നിന്ന് അദ്ദേഹം രാജ്യം വിട്ടുപോയെന്ന് അഭ്യൂഹമുണ്ടായിരുന്നു.
അതിനിടെ, മറ്റു മന്ത്രിമാരും പ്രസിഡന്റ് ഗോതബായ രാജപക്‌സെയും രാജിവയ്ക്കണമെന്ന ആവശ്യമുയർത്തിയ പ്രക്ഷോഭകർ രാജപക്‌സെയുടെ പിതാവിന്റെ പ്രതിമ തകർത്തു. പ്രക്ഷോഭകരെ കണ്ടാലുടൻ വെടിവയ്ക്കാൻ ഉത്തരവിട്ടെന്ന റിപ്പോർട്ട് പ്രതിരോധ മന്ത്രാലയം സെക്രട്ടറി ജനറൽ ജി.ഡി.എച്ച് കമാൽ ഗുണരത്‌നെ നിഷേധിച്ചു. അവസാന മാർഗമെന്ന നിലയിൽ മാത്രമേ വെടിവയ്ക്കൂവെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."