പുറത്താക്കാതെ 'പുറത്തായി' കെ.വി തോമസ്
സുനി അൽഹാദി
കൊച്ചി
തൃക്കാക്കരയിൽ ഇന്ന് ഇടതുമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷനിൽ പങ്കെടുക്കുന്നതോടെ മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസ് പുതിയൊരു 'രാഷ്ട്രീയ ജീവിതത്തിലേക്ക്'.
അഞ്ച് പതിറ്റാണ്ട് നീണ്ട കോൺഗ്രസ് ബന്ധം വഴിയിലുപേക്ഷിച്ചാണ് കെ.വി തോമസ് ഇടതുപാളയത്തിലെത്തുന്നത്. താൻ ഇനിയും കോൺഗ്രസുകാരനായിരിക്കുമെന്ന് കെ.വി തോമസും നടപടിയെടുത്ത് പുറത്താക്കാൻ മാത്രം തങ്ങൾക്ക് പ്രാധാന്യമുള്ള ആളല്ല തോമസെന്ന് കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരനും പറയുമ്പോഴും അദ്ദേഹം ഇനി പാർട്ടി അണികളുടെ മനസിൽ ഉണ്ടാകില്ലെന്ന് ഉറപ്പ്. കോൺഗ്രസിലൂടെ എം.എൽ.എ,എം.പി,സംസ്ഥാനമന്ത്രി,കേന്ദ്രമന്ത്രി തുടങ്ങിയ സ്ഥാനങ്ങൾ നേടിയ കെ.വി തോമസിൻ്റെ ഇപ്പോഴത്തെ നീക്കം കടുത്ത നന്ദികോടായാണ് അണികൾ കാണുന്നത്. സി.പി.എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തപ്പോൾ പോലും കെ.വി തോമസിനെ ഒരു പരിധിവരെ തുണച്ച ദേശീയ നേതാക്കൾ പോലും പുതിയ സാഹചര്യത്തിൽ അദ്ദേഹത്തെ കൈയൊഴിഞ്ഞു.
എ.കെ ആൻ്റണി, ശശി തരൂർ തുടങ്ങിയവരെല്ലാം തോമസിന്റെ പുതിയ നീക്കത്തിൽ കടുത്ത അസംതൃപ്തരാണ്. അണികളുടെ പിൻബലം ഇല്ലാത്ത കെ.വി തോമസ് പുറത്തുപോയാലും പാർട്ടിക്ക് ഒരു ക്ഷീണവും സംഭവിക്കില്ലെന്ന വിലയിരുത്തലിലാണ് കെ.പി.സി.സി നേതൃത്വവും. അതേസമയം, ഔപചാരികമായി പാർട്ടിയിൽ നിന്ന് പുറത്താക്കി ഒരു രക്തസാക്ഷി പരിവേഷവും നൽകേണ്ടതില്ലെന്ന നിലപാടിലാണ് നേതൃത്വം.
ഒരു പാർട്ടിയുടെ അഖിലേന്ത്യാകമ്മിറ്റി അംഗമായിരിക്കെ തന്നെ എതിർ പാർട്ടിയുടെ സ്ഥാനാർഥിക്കുവേണ്ടി പ്രചാരണത്തിന് ഇറങ്ങുന്നതോടെ അദ്ദേഹം പാർട്ടി സംവിധാനത്തിൽ നിന്ന് പുറത്താകും. മാത്രമല്ല ഇനി സാങ്കേതികമായി ഒരു പുറത്താക്കലിൻ്റെ ആവശ്യമില്ലെന്നും നേതൃത്വം വിലയിരുത്തുന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എറണാകുളത്ത് സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് കെ.വി തോമസ് കോൺഗ്രസുമായി അകന്നുതുടങ്ങിയത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും അദ്ദേഹം സീറ്റ് മോഹിച്ചിരുന്നു. ഏറ്റവും ഒടുവിൽ നടന്ന രാജ്യാസഭാ തെരഞ്ഞെടുപ്പിലും തഴയപ്പെട്ടതോടെ അദ്ദേഹത്തിന്റെ അകൽച്ച പൂർണമായി.
ഇതിൻ്റെ തുടർച്ചയായാണ് ദേശീയ നേതൃത്വത്തിൻ്റെ വിലക്ക് പോലും അവഗണിച്ച് കണ്ണൂരിൽ സി.പി.എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തത്. അതിൻ്റെ പേരിലുള്ള അച്ചടക്ക നടപടിക്ക് വിധേയനായിരിക്കെയാണ് പരസ്യമായി പാർട്ടി വിരുദ്ധപ്രവർത്തനത്തിന് ഇറങ്ങുന്നത്. സി.പി.എമ്മിന്റെ ഭാഷ കടമെടുത്താൽ, അരനൂറ്റാണ്ട് കാലം ജയ് വിളിച്ച അണികളുടെ മനസിൽ കെ.വി തോമസ് ഇനി വെറും കുലംകുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."