മുഖ്യമന്ത്രി ഇന്ന് തൃക്കാക്കരയിൽ മന്ത്രിസഭാ യോഗം നാളേക്ക് മാറ്റി
തിരുവനന്തപുരം
ഈ ആഴ്ചത്തെ പതിവ് മന്ത്രിസഭാ യോഗം നാളെ നടക്കും. ബുധനാഴ്ചയാണ് സാധാരണ മന്ത്രിസഭാ യോഗമെങ്കിലും ചികിത്സ കഴിഞ്ഞ് അമേരിക്കയിൽ നിന്ന് ചൊവ്വാഴ്ച പുലർച്ചെ മടങ്ങിയെത്തിയ മുഖ്യമന്ത്രിക്ക് തിരക്കായതിനാലാണ് മന്ത്രിസഭാ യോഗം നാളേക്ക് മാറ്റിയത്.
ഇന്നലെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായുള്ള രാഷ്‌ട്രീയ ചർച്ചകളിൽ സജീവമായി. രാവിലെ ഔദ്യോഗിക വസതിയിൽ ചീഫ് സെക്രട്ടറിയുമായും ഡി.ജി.പിയുമായും ചർച്ച നടത്തി. കൊച്ചിയിലുള്ള എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനുമായും എറണാകുളം ജില്ലയുടെ ചുമതലയുള്ള പി.രാജീവ് എന്നിവരുമായും ചർച്ച നടത്തി.
ഇടതു സ്ഥാനാർഥിക്കു വേണ്ടി പ്രചാരണത്തിന് എത്തുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ കെ.വി തോമസുമായും മുഖ്യമന്ത്രി ഫോണിൽ ചർച്ച നടത്തി. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി സി.പി.എം മന്ത്രിമാരും സി.പി.എം സെക്രട്ടേറിയേറ്റ് അംഗങ്ങളും പരമാവധി സമയം മണ്ഡലത്തിൽ തന്നെ ഉണ്ടാകണമെന്നും എല്ലാ കുടുംബയോഗങ്ങളിലും പങ്കെടുക്കണമെന്നും അദ്ദേഹം നിർദേശം നൽകി. ഇന്ന് രാവിലെ തന്നെ മുഖ്യന്ത്രി കൊച്ചിയിലെത്തും. ഇടതു നേതാക്കളുമായും തെരഞ്ഞെടുപ്പിന് നേതൃത്വം നൽകുന്ന സി.പി.എം നേതാക്കളുമായും ചർച്ച നടത്തും. കൂടാതെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായും ജില്ലയിലെ പ്രമുഖരുമായും ചർച്ച നടത്തുമെന്നും അറിയുന്നു. പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അമേരിക്കയിൽ ചികിത്സയിൽ ആയതിനാൽ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ചുക്കാൻ മുഖ്യമന്ത്രിയിലായിരിക്കും.
വൈകിട്ട് നാലിന് പാലാരിവട്ടം ബൈപാസ് ജങ്ഷനിൽ നടക്കുന്ന എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. എൽ.ഡി.എഫ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണവും തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസ് ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കും. വരും ദിവസങ്ങളിൽ മണ്ഡലത്തിലെ വിവിധ പൊതുയോഗങ്ങളിലും മുഖ്യമന്ത്രി പങ്കെടുക്കുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."