സമ്മര്‍ദ്ദത്തിലകപ്പെട്ട് നെതന്യാഹു ഗസ്സ ആക്രമണത്തില്‍ ഇസ്‌റാഈല്‍ ഒറ്റപ്പെടുന്നു, ഹമാസിന്റെ തിരിച്ചടിയും ശക്തം
ഗസ്സ ജറൂസലേം : ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്ന വ്യോമാക്രമണത്തിനെതിരേ കനത്ത തിരിച്ചടിക്കൊപ്പം അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതിഷേധവും കനത്തതോടെ ഇസ്‌റാഈല്‍ പ്രതിരോധത്തില്‍.
കഴിഞ്ഞ ദിവസം വരെ ഇസ്‌റാഈലിനൊപ്പം നിന്ന യു.എസ് ഇസ്‌റാഈലിനെ വിമര്‍ശിച്ചു തുടങ്ങിയതും മറ്റു രാജ്യങ്ങള്‍ ശക്തമായ പ്രതിഷേധം അറിയച്ചതും നെതന്യാഹുവിനെ പ്രതിസന്ധിയിലാക്കി. ഇന്നലെ വിവിധ നയതന്ത്ര ഉദ്യോഗസ്ഥരുടെ യോഗത്തില്‍ നെതന്യാഹു ആക്രമണം വിഡിയോ ദൃശ്യങ്ങള്‍ വഴി വിശദീകരിച്ചു.
ഹമാസിനെയാണ് ആക്രമിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇതു സ്ഥിരപ്പെടുത്താന്‍ അദ്ദേഹം വ്യോമാക്രമണ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു. നെതന്യാഹുവിന്റെ ശരീരഭാഷയും ഇസ്‌റാഈലിനെതിരേയുള്ള സമ്മര്‍ദം വ്യക്തമാക്കുന്നതായിരുന്നു. യു.എസ് സ്വരം മാറ്റുന്നതും ഇന്ന് യു.എന്‍ പൊതുസഭ ചേരുന്നതും ഇസ്‌റാഈലിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്ന കൂട്ടക്കുരുതി അന്താരാഷ്ട്ര തലത്തില്‍ ഫലസ്തീന്‍ വിഷയം ചര്‍ച്ചയാക്കിയതും ഇസ്‌റാഈലിനു തിരിച്ചടിയായേക്കും. ദ്വിരാഷ്ട്ര പരിഹാരമെന്ന നിര്‍ദേശം യൂറോപ്യന്‍ യൂനിയനും ഇന്ത്യയും വീണ്ടും ആവര്‍ത്തിച്ചു. നയതന്ത്ര തലത്തിലെ തിരിച്ചടിക്കൊപ്പം നെതന്യാഹു അധികാരം തുടരാനാണ് ആക്രമണം നടത്തുന്നതെന്ന പ്രതിപക്ഷ ആരോപണവും ഇസ്‌റാഈലില്‍ ചര്‍ച്ചയാകുന്നുണ്ട്.
മുന്‍ വര്‍ഷങ്ങളേക്കാള്‍ ഹമാസ് ശക്തമായി തിരിച്ചടിക്കുന്നത് ജനങ്ങള്‍ സര്‍ക്കാരിന് എതിരേ തിരിയുമെന്ന ആശങ്കയിലാണ് നെതന്യാഹു ഭരണകൂടം. മെയ് 10 മുതല്‍ 3,500 റോക്കറ്റുകളാണ് ഹമാസ് ഇസ്‌റാഈലിനു നേരെ പ്രയോഗിച്ചത്. കഴിഞ്ഞ ദിവസവും രണ്ട് വിദേശികള്‍ ഇസ്‌റാഈലില്‍ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇസ്‌റാഈല്‍ ഗസ്സയിലെ മീഡിയ ടവറിനു നേരെ ആക്രമണം നടത്തിയത് അന്താരാഷ്ട്ര മാധ്യമങ്ങളെയും ഇസ്‌റാഈലിന് എതിരാക്കി.
ഹമാസ് ഇതുവരെ 12,000 മിസൈലുകളും റോക്കറ്റുകളും ഇസ്‌റാഈലിനു നേരെ അയച്ചുവെന്നാണ് ഇസ്‌റാഈല്‍ ആരോപണം. യു.എന്‍ കണക്കനുസരിച്ച് അരലക്ഷം പേര്‍ ഗസ്സയില്‍ നിന്ന് പലായനം ചെയ്തിട്ടുണ്ട്. ആറു ആശുപത്രികളും ഒന്‍പത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 450 കെട്ടിടങ്ങളാണ് ഗസ്സയില്‍ തകര്‍ന്നതെന്ന് യു.എന്‍ ഏജന്‍സികള്‍ അറിയിച്ചു. 48,000 പേരെ 58 യു.എന്‍ സ്‌കൂളുകളിലും മറ്റു കേന്ദ്രങ്ങളിലുമായി മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. യുദ്ധമെങ്കില്‍ യുദ്ധം സമാധാനമെങ്കില്‍ സമാധാനം എന്ന നിലപാടാണ് തങ്ങള്‍ക്കുള്ളതെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്.
ജനവാസ കേന്ദ്രങ്ങളിലെ ആക്രമണം യുദ്ധക്കുറ്റമാണെന്ന ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ പ്രതികരണത്തെയും കരുതലോടെയാണ് നെതന്യാഹു നേരിട്ടത്. 2014 ല്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ഇസ്‌റാഈലിനും ഫലസ്തീന്‍ ഗ്രൂപ്പുകള്‍ക്കും എതിരേ യുദ്ധക്കുറ്റ ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇസ്‌റാഈലിനു നേരെ ഉപരോധം ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്. ഇസ്‌റാഈലിനെ സംരക്ഷിക്കുന്ന യു.എസ് നിലപാടിനെതിരേ തുറന്നടിച്ച ചൈനയ്‌ക്കൊപ്പം കൂടുതല്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്ന റഷ്യയുടെ നിലപാടും നെതന്യാഹുവിനെ വിഷമവൃത്തത്തിലാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."