ശ്രീലങ്കയിലേക്ക് സൈന്യത്തെ അയക്കില്ലെന്ന് ഇന്ത്യ മഹിന്ദ രാജ്യത്തെത്തിയെന്ന റിപ്പോർട്ടും നിഷേധിച്ചു
കൊളംബോ
ശ്രീലങ്കയിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ അവിടേക്ക് ഇന്ത്യ സൈന്യത്തെ അയക്കുമെന്ന് സമൂഹമാധ്യമങ്ങളിൽ അഭ്യൂഹം. എന്നാൽ ഇതു സംബന്ധമായ വാർത്തകൾ കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ നിഷേധിച്ചു.
പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയും കുടുംബവും ഇന്ത്യയിലേക്കു കടന്നുവെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം ഇന്ത്യൻ ഹൈക്കമ്മിഷൻ നിഷേധിച്ചിരുന്നു. അതേസമയം ശ്രീലങ്കയിലെ ജനാധിപത്യവും സ്ഥിരതയും സംരക്ഷിക്കുന്നതിനും സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനും ഇന്ത്യ പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഇന്ത്യ ശ്രീലങ്കയിലേക്ക് സൈന്യത്തെ അയക്കുമെന്ന തരത്തിലുള്ള വാർത്തകൾ ചില മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും കണ്ടു. ഇത്തരം റിപ്പോർട്ടുകളും നിരീക്ഷണവും ഹൈക്കമ്മിഷൻ നിഷേധിക്കുന്നു. ഇത് ഇന്ത്യയുടെ നിലപാടിന് വിരുദ്ധവുമാണ്- ഹൈക്കമ്മിഷൻ ട്വിറ്ററിലൂടെ അറിയിച്ചു. ഇന്ത്യ ശ്രീലങ്കയിലെ ജനങ്ങളുടെ താൽപര്യങ്ങൾക്കൊപ്പമാണെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയ വക്താവ് അരിൻദാം ബഗ്ചി വ്യക്തമാക്കിയിരുന്നു.
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതോടെയാണ് 76കാരനായ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവച്ചത്. അദ്ദേഹത്തിന്റെ അനുയായികൾ സർക്കാർ വിരുദ്ധ പ്രതിഷേധക്കാരെ ആക്രമിച്ചതോടെ രാജ്യം കലാപത്തിലേക്ക് നീങ്ങുകയായിരുന്നു. തുടർന്ന് തെരുവുകളിൽ സൈന്യത്തെ വിന്യസിക്കുകയും രാജ്യവ്യാപക കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തു. പ്രക്ഷോഭം ശക്തിപ്പെട്ടതോടെ മഹിന്ദ ട്രിൻകൊമാലിയിലെ നാവിക ആസ്ഥാനത്ത് അഭയംതേടിയിരിക്കുകയാണ്. എന്നാൽ അദ്ദേഹം രാജ്യംവിടുന്നത് തടയാൻ ഒരുവിഭാഗം പ്രക്ഷോഭകർ നാവിക ആവസ്ഥാനത്തിനു പുറത്ത് ക്യാംപ് ചെയ്യുകയാണ്. ഇതിനിടയിലാണ് അദ്ദേഹം ഇന്ത്യയിലേക്ക് കടൽമാർഗം കടന്നെന്ന അഭ്യൂഹം പരന്നത്.
ഇതുവരെ സമരക്കാരും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ എട്ടുപേർ കൊല്ലപ്പെട്ടിട്ടുണ്ട്. 250ലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തു. രാജിവച്ചതിനു പിന്നാലെ പ്രധാനമന്ത്രിയുടെ വീടും തറവാടും മന്ത്രിമാരുടെ വീടുകളും പ്രക്ഷോഭകർ കത്തിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."