അടിമുടി മാറ്റത്തിന് കോണ്‍ഗ്രസ്; ചിന്തന്‍ ശിബിരിന് നാളെ തുടക്കം
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് പുതുജീവന്‍ നല്‍കാനായി സംഘടിപ്പിക്കുന്ന ചിന്തന്‍ ശിബിരിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഒരു കുടുംബത്തില്‍നിന്ന് ഒരു സ്ഥാനാര്‍ഥി മതി എന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ ശിബിരില്‍ ചര്‍ച്ച ചെയ്യും. രാജസ്ഥാനിലെ ഉദയ്പൂരില്‍ നാളെയാണ് ചിന്തന്‍ ശിബിര്‍ തുടങ്ങുക.
ചിന്തന്‍ ശിബിര്‍ സമിതികള്‍ നല്‍കിയ റിപ്പോര്‍ട്ടിലാകും ചര്‍ച്ചകള്‍. ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഉദയ്പ്പൂര്‍ പ്രഖ്യാപനത്തോടെയായിരിക്കും ചിന്തന്‍ ശിബിര്‍ സമീപിക്കുക. 2003ലെ ഷിംല ചിന്തന്‍ ശിബര്‍ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു 2004ല്‍ യു.പി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്.
എന്നാല്‍ ഷിംല മാതൃകയില്‍ രാജസ്ഥാനില്‍ വീണ്ടും ചിന്തന്‍ ശിബരിന് വേദിയൊരുങ്ങുമ്പോള്‍ പഴയ പ്രതാപങ്ങളൊന്നും കോണ്‍ഗ്രസിനില്ല. ആകെ കൈവശമുള്ളത് രാജസ്ഥാനും ചത്തീസ്ഗഡും മാത്രം. ലോക്‌സഭയില്‍ 52 സീറ്റ്. നെഹ്‌റു കുടുംബത്തിനെതിരെ പാര്‍ടിക്കുള്ളില്‍ കലാപം. നേതൃത്വം മാറണമെന്ന് ഗ്രൂപ്പ് 23 നേതാക്കള്‍. അങ്ങനെ പ്രശ്‌നങ്ങള്‍ പലവിധയാണ്.
പാര്‍ലമെന്ററി ബോര്‍ഡ് ഇല്ലാതാകുകയും അധികാരം ഹൈക്കമാന്‍ഡില്‍ മാത്രം കേന്ദ്രീകരിക്കുകയും ചെയ്തത് സംഘടനയെ ദുര്‍ബലപ്പെടുത്തിയെന്ന് ഉപസമിതി നിരീക്ഷിക്കുന്നുണ്ട്. ഒരു കുടുംബത്തില്‍ നിന്നും ഒന്നിലേറെ പേര്‍ മത്സരരംഗത്ത് വരുന്നതുകൊണ്ട് കുടുംബാധിപത്യം എന്ന ചാപ്പയടിക്കാന്‍ എതിരാളികള്‍ക്ക് അവസരം ഒരുക്കുന്നു. ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തിന് കൃത്യമായ മറുപടി നല്‍കാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ല. ഈ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം തേടലാണ് ചിന്തന്‍ ശിബിര്‍ കൊണ്ടുദ്ദേശിക്കുന്നത്. 50 വയസിനു താഴെയുള്ളവരെ ശിബിരിലേക്ക് തെരെഞ്ഞെടുത്തപ്പോള്‍ വിവിധ സംസ്ഥാനങ്ങളിലെ മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കിയത് എതിര്‍പ്പിന് കാരണമായിട്ടുണ്ട്.
കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ മാന്ത്രിക വടിയില്ലെന്നായിരുന്നു തിങ്കളാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ അദ്ധ്യക്ഷ സോണിയാഗാന്ധി പറഞ്ഞത്. കോണ്‍ഗ്രസില്‍ ഐക്യത്തിന്റെ സന്ദേശം ഉയരണമെന്നും സോണിയ ആവശ്യപ്പെട്ടിരുന്നു.
ചിന്തിന്‍ ശിബരത്തിന് മുന്നോടിയായി രണ്ട് ദിവസം മുമ്പ് ചേര്‍ന്ന പ്രവര്‍ത്തകസമിതി യോഗത്തില്‍ സുപ്രധാന നിര്‍ദേശങ്ങളാണ് ഉയര്‍ന്നുവന്നത്. ബി.ജെ.പി ഉയര്‍ത്തിവിടുന്ന വര്‍ഗീയ അജണ്ടകളെ പ്രതിരോധിക്കുന്നതിനൊപ്പം തൊഴിലില്ലായ്മ, അവശ്യസാധനങ്ങളുടെ വിലവര്‍ധന തുടങ്ങിയ വിഷയങ്ങളും സജീവ ചര്‍ച്ചയാക്കണമെന്ന നിര്‍ദേശവും പ്രവര്‍ത്തകസമിതി യോഗത്തില്‍ ഉയര്‍ന്നു. നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പരാജയത്തെ തുടര്‍ന്ന് പാര്‍ട്ടിക്കുള്ളില്‍ നവീകരണം വേണമെന്ന ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ചിന്തന്‍ ശിബിര്‍ വിളിക്കാന്‍ നേതൃത്വം തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."