ഗസ്സയില്‍ ആക്രമണം തുടരുന്നു; വെടിനിര്‍ത്തലിനില്ലെന്ന് ഇസ്‌റാഈല്‍
ഗസ്സ സിറ്റി: ഗസ്സയില്‍ ഇന്നലെയും വിവിധ കേന്ദ്രങ്ങളില്‍ ഇസ്‌റാഈല്‍ സൈന്യം വ്യോമാക്രമണം നടത്തി. ഹമാസ് നേതാക്കളെ ലക്ഷ്യംവച്ചും ജനവാസ കേന്ദ്രങ്ങളിലുമായിരുന്നു ആക്രമണം.
വ്യോമാക്രമണത്തില്‍ ഇതുവരെ 217 പേര്‍ ഫലസ്തീനില്‍ കൊല്ലപ്പെട്ടതായാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. ഇതില്‍ 63 പേര്‍ കുട്ടികളാണ്. 1,400 ലധികം പേര്‍ക്ക് പരുക്കേറ്റു. അതിനിടെ ഇസ്‌റാഈലില്‍ മരണം 12 ആയി. ഇതില്‍ രണ്ട് തായ്‌ലന്റ് സ്വദേശികളും ഉള്‍പ്പെടും. ഇവര്‍ ജോലി ചെയ്തിരുന്ന ഫാക്ടറിയാണ് ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ തകര്‍ന്നത
ഹമാസിനെ ലക്ഷ്യമാക്കിയാണ് ആക്രമണമെന്നാണ് ഇസ്‌റാഈല്‍ ഭാഷ്യം. അതിനിടെ ഇസ്‌റാഈലിനു നേരെയും ഇന്നലെ കനത്ത തിരിച്ചടിയുണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗസ്സയുടെ തെക്കന്‍ മേഖലയില്‍ നിന്ന് നിരവധി റോക്കറ്റുകള്‍ ഇസ്‌റാഈല്‍ നഗരങ്ങളായ അഷ്‌ദോദ്, അഷ്‌കെലോണ്‍ എന്നിവ ലക്ഷ്യമാക്കി ഹമാസ് തൊടുത്തുവിട്ടു. അതേസമയം, ഹമാസിനെതിരേ ആക്രമണം ശക്തിപ്പെടുത്തുമെന്നാണ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതികരണം. വെടിനിര്‍ത്തല്‍ തങ്ങളുടെ പരിഗണനയിലില്ലെന്ന് ഇസ്‌റാഈല്‍ പ്രതിരോധ വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. പത്താം ദിവസവും ഇസ്‌റാഈല്‍ രാത്രി മുഴുവന്‍ ഗസ്സയില്‍ ആക്രമണം നടത്തി. ഇതില്‍ രണ്ട് ഹമാസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഒരു അപ്പാര്‍ട്ട്‌മെന്റിനു നേരെയുള്ള ആക്രമണത്തിലാണ് ഇവര്‍ മരിച്ചത്. അതിനിടെ ഇസ്‌റാഈല്‍ നടത്തുന്നത് യുദ്ധക്കുറ്റമാണെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു.
സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് ആക്രമണമെന്ന് ഇസ്‌റാഈല്‍ പറയുന്നുണ്ടെങ്കിലും ജനവാസ കേന്ദ്രങ്ങളിലും ആക്രമണം നടത്തുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സംഘടിത ഭീകരവാദവും യുദ്ധക്കുറ്റവും ഇസ്‌റാഈല്‍ ആവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."