മരുന്നുപോലെ അത്..<br>അല്ലെങ്കില്‍ ഭക്ഷണം പോലെ ഇത്..
ടി.എച്ച് ദാരിമി
ഉദാഹരണമായി കാന്‍സറെടുക്കാം. കാന്‍സറാണല്ലോ ഇപ്പോഴും നമ്മെ ഭീതിപ്പെടുത്തുന്ന രോഗങ്ങളിലൊന്ന്. പ്രാരംഭദശ വിട്ടാല്‍ ഇപ്പോഴും പിടികിട്ടാന്‍ പ്രയാസമുള്ള രോഗം. ഇതില്‍നിന്നു തന്നെ വേഗം മനസിലാക്കാന്‍ വേണ്ടി വ്യാപകമായി സ്ത്രീകളില്‍ കണ്ടുവരുന്ന സ്തനാര്‍ബുദമെടുക്കാം. അവരിലെ ഹോര്‍മോണുകളായ ഈസ്‌ട്രൊജന്‍, പ്രൊജസ്റ്റിറോണ്‍ തുടങ്ങിയവ അമിതമായി ഉല്‍പാദിപ്പിക്കപ്പെടുന്നതിനാല്‍ അവ ബ്രസ്റ്റ് കോശങ്ങളില്‍ പറ്റിപ്പിടിക്കുന്നു.
അതു സ്തനത്തിലെ ട്യൂമര്‍ കോശങ്ങളുടെ അതിവേഗ വിഭജനത്തിനു വഴിവയ്ക്കുന്നു. ഇതാണ് ആ രോഗം. ഇതിന്റെ ചികിത്സയ്ക്കായി ഇപ്പോള്‍ വൈദ്യശാസ്ത്രം പ്രയോഗിക്കുന്നത് തമോക്‌സിഫെന്‍ എന്ന ഒരു ഹോര്‍മോണ്‍ ആണ്. പക്ഷേ, ഈ ചികിത്സയ്ക്ക് ഒരു വെല്ലുവിളി ഉയര്‍ന്നിരിക്കുന്നു ഇപ്പോള്‍. രോഗപ്രതിരോധത്തിനായി നല്‍കുന്ന തെമോക്‌സിഫിന്‍ പ്രതിരോധിച്ച് പ്രതികരിക്കേണ്ടതിനു പകരം ശരീരത്തോട് പൊരുത്തപ്പെട്ട് ഇണങ്ങിപ്പോകുന്നു എന്നതാണത്.
അതോടെ ഈ ചികിത്സ ഫലപ്രദമല്ലാതെ വരുന്നു. ഈ സാഹചര്യത്തില്‍ അതിനുള്ള രക്ഷാമാര്‍ഗത്തെ കുറിച്ച് ഗവേഷണം നടത്തിയ ശാസ്ത്രജ്ഞര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത് ഭക്ഷണനിയന്ത്രണത്തിലാണ്. ഫാസ്റ്റിങ് ഡയറ്റ് എന്നും ഫാസ്റ്റിങ് മിമിക്കിങ് ഡയറ്റ് എന്നുമൊക്കെയാണ് അവര്‍ ഈ രീതിയില്‍ തെമോക്‌സിഫിനെ കൊണ്ട് അതിന്റെ ധര്‍മമായ രോഗപ്രതിരോധത്തിലേക്കു തിരിച്ചുകൊണ്ടുവരാന്‍ വേണ്ടിയുള്ള ഈ ശ്രമത്തെ വിളിക്കുന്നത്. കൃത്യമായ സമയക്രമം വച്ച് ആഹാരത്തെ അധികനേരം നിയന്ത്രിച്ചുനിര്‍ത്തി ശരീരത്തെ മെരുക്കുക എന്നതാണ് ചുരുക്കത്തില്‍ എഫ്.എം.ഡി എന്ന ഈ ഡയറ്റിന്റെ രീതി.
ഇനി ഈ ഡയറ്റ് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നു നോക്കാം.
ഭക്ഷണം നിയന്ത്രിക്കുന്നതോടെ പ്രധാനമായും മൂന്നു പ്രതിഫലനങ്ങള്‍ ഉണ്ടാകും. ഒന്നാമതായി രക്തത്തിലെ ഇന്‍സുലിന്‍ അളവ് ഗണ്യമായി കുറയും. ഇന്‍സിലിന്റെ സഹായത്തോടെയാണ് വേണ്ടാത്ത ഹോര്‍മോണുകള്‍ ട്യൂമര്‍ കോശങ്ങളിലേക്ക് കടക്കുന്നത്. രണ്ടാമതായി ഇന്‍സുലിനു സമാനമായ മറ്റൊരു പ്രോട്ടീനുണ്ട്. ഇന്‍സുലിന്‍ ലൈക് ഫാക്ടര്‍ (ഐ.ജി.എഫ്) എന്നാണ് ശാസ്ത്രജ്ഞര്‍ അതിനെ വിളിക്കുന്നത്. അതും കുറയും. പിന്നെ ചീത്ത കൊഴുപ്പിന്റെ മൂലകാരണമായ ലെപ്റ്റിന്‍ കുറയും. ഇവ ഓരോന്നും കോശവിഭജനത്തിന്റെ പ്രധാന പ്രചോദനങ്ങളാണ്. അവ കുറയുന്നതോടൊപ്പം അഡിപ്പോനെറ്റിന്‍ എന്ന ഹോര്‍മോണ്‍ രക്തത്തില്‍ കൂടുകയും കാന്‍സറിനു കാരണമാകുന്ന ഒരു പ്രത്യേക സെറ്റ് ജീനുകള്‍ മന്ദീഭവിക്കുകയും ചെയ്യുന്നതോടെ നേരത്തെ പറഞ്ഞ തെമോക്‌സിഫിന്‍ പ്രതിരോധത്തിനു സജ്ജമാകും.
അങ്ങനെ ആ ചികിത്സ ഫലപ്രദമാവുകയും ചെയ്യും. ആരോഗ്യരംഗത്തുള്ളവര്‍ വിശദമായി വിശദീകരിച്ചുതരുന്ന ഈ പ്രക്രിയ നമ്മുടെ പഠനത്തില്‍ ചുരുക്കിപ്പറഞ്ഞാല്‍ ഭക്ഷണം നിയന്ത്രിക്കുക വഴി കാന്‍സറിനെ പ്രതിരോധിക്കാം എന്നതാണ്. ആഹാരത്തെ നിയന്ത്രിക്കുന്നത് വന്ന രോഗത്തെ പോലും തടയുമെന്ന് ഇതിലൂടെ മനസിലാക്കുമ്പോള്‍ ആ രോഗങ്ങളെ തന്നെ നേരത്തെ പ്രധിരോധിക്കാന്‍ എത്രകണ്ട് ഉപയുക്തമായിരിക്കുമെന്ന് ഇനി നമ്മുടെ ബുദ്ധി തന്നെ പറഞ്ഞുതരും.
ആരോഗ്യ വിജ്ഞാന കോശത്തില്‍ ഡോ. ഗോപാലകൃഷ്ണന്‍, വൈദ്യരത്‌നം വേലായുധന്‍ നായര്‍ എന്നിവര്‍ പറയുന്ന കാര്യങ്ങള്‍ ഈ സത്യത്തിലേക്കു വിരല്‍ചൂണ്ടുന്നു. അവര്‍ പറയുന്നത്; ആഹാരത്തിന്റെ നിയന്ത്രിത ഉപയോഗമാണ് ആരോഗ്യത്തിന്റെ കാതല്‍ എന്നാണ്. എന്നാല്‍ മനുഷ്യന്റെ ഇച്ഛകള്‍ അപകടമാണ് എന്നറിയുമ്പോഴും ഈ നിയന്ത്രണങ്ങള്‍ മറികടക്കാന്‍ അവനെ പ്രലോഭിപ്പിച്ചുകൊണ്ടേയിരിക്കുന്നു. പലപ്പോഴും അവനതില്‍ വീണുപോവുകയും ചെയ്യുന്നു. അങ്ങനെ അഹിതവും അമിതവുമായ ഭക്ഷണക്രമം അവനെ ശാരീരിക-മാനസിക പ്രയാസങ്ങളിലെത്തിക്കുന്നു.
നിര്‍ണിത ദിവസങ്ങളില്‍ നിശ്ചിത മണിക്കൂറുകള്‍ അന്നപാനീയങ്ങള്‍ പൂര്‍ണമായും വര്‍ജിക്കുക വഴി അവന്റെ മനസിന്റെയും ശരീരത്തിന്റെയും ഇത്തരം കേടുപാടുകള്‍ തീര്‍ക്കാന്‍ കഴിയുന്നു. ഇങ്ങനെ ശരീരകോശങ്ങള്‍, മജ്ജ, കരള്‍, വൃക്കകള്‍, ഹൃദയം, അന്നനാളം മുതല്‍ വിസര്‍ജനാവയവങ്ങള്‍ വരെയുള്ള ദഹനേന്ദ്രിയങ്ങള്‍ എന്നിവയെല്ലാം പുനക്രമീകരിക്കപ്പെടുന്നു. എന്നാല്‍ ഈ വിശ്രമസമയത്തും ശരീരത്തിന്റെ മറ്റു പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജം ലഭിക്കേണ്ടതുണ്ട്. ശരീരത്തില്‍ മലിനമായി അടിഞ്ഞുകൂടിയ പോഷകങ്ങള്‍ ഈ സമയത്തെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഉപയോഗപ്പെടുക വഴി ഇതു പരിഹരിക്കുന്നു. ഈ പ്രക്രിയയില്‍ ഉപയോഗിക്കപ്പെടുന്നത് ചീത്ത കൊളസ്‌ട്രോള്‍ (എല്‍.ഡി.എല്‍) ആണ് എന്നതും ശ്രദ്ധേയമാണ്. കാരണം അതാണ് ആദ്യം ഉപയോഗിക്കപ്പെടുന്നത്. ഇതിലൂടെ അതിന്റെ അളവ് എട്ടു ശതമാനമായി കുറയുകയും നല്ല കൊളസ്‌ട്രോളിന്റെ അളവ് 14.3 ശതമാനമായി ഉയര്‍ന്നു നില്‍ക്കുകയും ചെയ്യും. മാത്രമല്ല, ഈ കൊഴുപ്പുകള്‍ ഉണ്ടാക്കുന്ന ദുര്‍മേദസ്സുകളില്‍ നിന്ന് മുക്തമാകുവാന്‍ അതൊരു വഴിയായിത്തീരുകയും ചെയ്യും. ഇങ്ങനെ ഉപവാസവും ശരിയായ വ്രതവും മിക്ക രോഗങ്ങള്‍ക്കും ഔഷധവും ചികിത്സയുമായിത്തീരുന്നു. 'ആരോഗ്യവും റമദാനും' എന്ന ശീര്‍ഷകത്തില്‍ ആദ്യമായി നടന്ന 1994ലെ സമ്മേളനത്തില്‍ ലോകത്തിന്റെ വിവിധ ദിക്കുകളില്‍ നിന്നുള്ള ശാസ്ത്രജ്ഞന്‍മാര്‍ അവതരിപ്പിച്ച അഞ്ഞൂറോളം പ്രബന്ധങ്ങളുടെ സമര്‍ഥനവും ഈ സത്യങ്ങളായിരുന്നു. കാസാബ്ലാങ്കയിലായിരുന്നു ആ സമ്മേളനം.
അമിതാഹാരത്തിന്റെ വിനയെക്കുറിച്ച് ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റിസ് പറഞ്ഞത് ഇപ്രകാരമാണ്: 'ജനങ്ങള്‍ വന്യമൃഗങ്ങളെ പോലെ അമിതമായി ഭക്ഷണം കഴിച്ചു. ഇതു നിമിത്തം അവര്‍ രോഗബാധിതരായി. അവര്‍ക്ക് പക്ഷികളുടെ ആഹാരം നല്‍കി. അപ്പോള്‍ അവര്‍ ആരോഗ്യദൃഢഗാത്രരായി.' ബി.സി അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ച അദ്ദേഹം തന്റെ രോഗികളോട് വ്രതമനുഷ്ഠിക്കാന്‍ ഉപദേശിച്ചിരുന്നു. തത്വചിന്തകനായിരുന്ന പൈതഗോറസും ഇങ്ങനെ നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നിലുള്ള ശാസ്ത്രീയ യുക്തി വളരെ വ്യക്തമാണ്.
വ്രതമനുഷ്ഠിക്കുമ്പോള്‍ സിറം ഗ്ലൂക്കോസിന്റെ അളവ് രക്തത്തില്‍ 3.3 മില്ലിമോള്‍ മുതല്‍ 3.9 മില്ലിമോള്‍ വരെ കുറയുന്നു. ഇതു കരളിലെ ഗ്ലൂക്കോനിയോ ജെനിസിന്റെ വര്‍ധനവിനു കാരണമാകുന്നു. ഇന്‍സുലിന്റെ സാന്ദ്രത കുറയുന്നതിനാലാണിത്. ഇതോടെ ഗ്ലൂക്കോസിന്റെ അളവ് കൂടുന്നു. ഗ്ലക്കോസിന്റെ ഈ വ്യതിയാനം ആദ്യനാളുകളില്‍ മാത്രമാണുണ്ടാകുക. പിന്നെ അതു സാധാരണ നിലയിലേക്ക് വരുന്നു. അപ്രകാരം തന്നെ രക്തവും കോശങ്ങളുമായും ബന്ധപ്പെട്ട ഈ മാറ്റങ്ങള്‍ക്കൊപ്പം ശരീരഭാരം ഏതാണ്ട് മൂന്നു കിലോഗ്രാമോളം കുറയുകകൂടി ചെയ്യുമ്പോള്‍ നോമ്പ് മനുഷ്യന്റെ ശരീരത്തെയാകമാനം അനുകൂലമായി സ്വാധീനിക്കുന്ന ഒന്നായി മാറുകയാണ്. ഇത്തരം അനുകൂലമായ ആരോഗ്യ നേട്ടങ്ങള്‍ കൈവരിക്കാന്‍ അതനുഷ്ഠിക്കുന്ന സമയം, കാലം തുടങ്ങിവയ്‌ക്കെല്ലാം ഒരു കണിശത അനിവാര്യമാണ്. ഈ വിഷയത്തില്‍ നടത്തിയിട്ടുള്ള ഫലങ്ങളെല്ലാം അത് ഊന്നിപ്പറയുന്നുണ്ട്. കേവലം ഒരിക്കല്‍ വേണമെന്ന് തോന്നുകയോ സൗകര്യപ്പെടുകയോ ചെയ്യുന്ന സമയത്ത് ഒന്നോ രണ്ടോ നേരം ഭക്ഷണം കുറച്ചതു കൊണ്ടൊന്നും ഈ ഗുണങ്ങള്‍ ലഭിക്കില്ല എന്നു ചുരുക്കം.
നിക്കോളാസ് ബല്‍വി തന്റെ 'ആരോഗ്യത്തിനു വേണ്ടി ജീവിക്കാം' എന്ന പുസ്തകത്തില്‍ പറയുന്നു: 'ജീവിതകാലം മുഴുവനും ആരോഗ്യം ആഗ്രഹിക്കുന്ന ഒരാള്‍ എല്ലാ വര്‍ഷവും നാല് ആഴ്ചയെങ്കിലും ഭക്ഷണം നിയന്ത്രിച്ച് ഉപവസിക്കണം.' ഇസ്‌ലാം മുന്നോട്ടുവയ്ക്കുന്ന റമദാന്‍ വ്രതത്തിലേക്കു നമ്മുടെ വിഷയങ്ങള്‍ പുരോഗമിക്കുമ്പോള്‍ ഈ നിരീക്ഷണം ഏറെ അര്‍ഥപൂര്‍ണമാണെന്നു നമുക്കനുഭവപ്പെടും.
ഇവ്വിഷയകമായി ശാസ്ത്രത്തോടൊപ്പം ചേര്‍ത്തുവായിക്കേണ്ട രണ്ടു കാര്യങ്ങള്‍ കൂടിയുണ്ട്. ഒന്നാമത്തേത്, അനുഭവമാണ്. വയര്‍ നിറക്കാന്‍ വേണ്ടി ഓടുന്ന മനുഷ്യര്‍ വയറു കുറക്കാന്‍ തിരിഞ്ഞോടുന്ന പുതിയ കാലത്ത് അവര്‍ക്കിടയില്‍ വികസിച്ചുകൊണ്ടിരിക്കുന്നതും പ്രചരിക്കപ്പെട്ടു കൊണ്ടിരിക്കുന്നതുമായ ചില ഭക്ഷ്യഇടപെടലുകള്‍ ആണ് അനുഭവങ്ങളില്‍ ആദ്യത്തേത്. പലതരം ഡയറ്റുകള്‍ ഇന്ന് പ്രധാനമായും സോഷ്യല്‍മീഡിയ വഴി പ്രചാരത്തിലുണ്ട്. കീറ്റോജനിക് ഡയറ്റ്, ഡ്യൂക്കന്‍ ഡയറ്റ്, ആറ്റ് കിന്‍സ് ഡയറ്റ്, പാലിയോ ഡയറ്റ്, എല്‍.സി.എച്ച്.എഫ് തുടങ്ങി ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് വരെയുള്ളവ ഇന്നു പ്രചാരത്തിലുണ്ട്. ഇവയുടെ പ്രചാരകന്‍മാര്‍ തങ്ങള്‍ പിന്തുടരുന്നതിനെ അനുകൂലിച്ചും പിന്തുടരാത്തതിനെ പ്രതികൂലിച്ചും ധാരാളമായി വാചാലരാകുന്നുമുണ്ട്. അതു നമ്മുടെ പ്രധാന വിഷയമല്ല. പക്ഷേ, ഒരു സത്യമുണ്ട്. അത് ഇവയെല്ലാം ഡയറ്റുകളാണ് എന്നതാണ്. ഇവയുടെയെല്ലാം ആത്യന്തികമായ ചെയ്തി ഭക്ഷണം കുറക്കുക എന്നതാണ്.
ചേരുവകളുടെ സ്വാധീനത്തിന്റെ ഏറ്റക്കുറച്ചില്‍ മാത്രമാണ് ചര്‍ച്ചയ്ക്കു വിധേയമാകുന്നത്. ഭക്ഷണം നിയന്ത്രിക്കുകയാണ് ശരീരഭാരം കൂടാതിരിക്കാനും സൗന്ദര്യവും സൗകുമാര്യവും വര്‍ധിക്കാനും മാര്‍ഗം എന്ന കാര്യത്തില്‍ എല്ലാ ഡയറ്റുകളും യോജിക്കുന്നു. ഭക്ഷണം നിയന്ത്രിക്കുകയാണ് ശരീരം നേരിടുന്ന വെല്ലുവിളികളുടെ പരിഹാരം എന്നത് പുതിയ ലോകത്തിന്റെ അനുഭവവും തിരിച്ചറിവുമാണ് എന്നു ചുരുക്കം.
ഭക്ഷണത്തെ നമ്മുടെ ശരീരം അന്നജമാക്കി മാറ്റിയെടുത്തുകൊണ്ടാണ് പ്രയോജനപ്പെടുത്തുന്നത് എന്നത് ലളിതമായ ഒരു സത്യമാണ്. ഈ പ്രക്രിയ നടത്തുന്നത് ആന്തരികാവയവങ്ങളാണ്. ഭക്ഷണം കൂടുമ്പോള്‍ അവയുടെ ജോലിഭാരം കൂടുമെന്നതും കുറയുമ്പോള്‍ അതു കുറയുമെന്നതും വ്യക്തമാണ്. ആന്തരികാവയവങ്ങള്‍ക്ക് കൃത്യവും കണിശവുമായ ഒരു വിശ്രമവേള ലഭിച്ചാല്‍ അത് അവയെ പുനരൂര്‍ജപ്പെടുത്തുമെന്ന് പ്രത്യേകപ്പെടുത്തേണ്ടതില്ലല്ലോ. നന്നായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യത്തെയാണ് ആരോഗ്യം എന്ന് വിവക്ഷിക്കുന്നത്.
രണ്ടാമത്തേത് മതമാണ്. മനുഷ്യന്റെ ഐഹിക ജീവിതത്തിന്റെ ശരിതെറ്റുകളില്‍ ഇടപെടുന്ന ഒരു വിശാല അര്‍ഥമാണല്ലോ മതം. മതങ്ങളെല്ലാം കടുത്ത ആഹാരനിയന്ത്രണങ്ങള്‍ ഉപദേശിക്കുന്നവയാണ്. ആത്മീയതയും ദൈവസാമീപ്യവും വിധേയത്വവുമെല്ലാം വളര്‍ത്തിയെടുക്കുക എന്ന പരമമായ ലക്ഷ്യത്തോടൊപ്പം ശരീരികമായ ആരോഗ്യം ഉറപ്പുവരുത്താന്‍ വേണ്ടി കൂടി ഈ മതങ്ങളെല്ലാം അതിന്റെ വിശ്വാസികളെ കൃത്യമായ കലങ്ങളില്‍ നോമ്പെടുക്കുവാന്‍ നിര്‍ബന്ധിക്കുന്നുണ്ട്. ക്രിസ്ത്യാനികള്‍ക്ക് നാല്‍പത് ദിവസ നോമ്പുണ്ട്. യേശു നാല്‍പത് ദിവസം ഉപവസിച്ചതിന്റെ ഓര്‍മയായിട്ടാണ് അവരുടെ നോമ്പ്. മത്തായിയുടെ സുവിശേഷം നാലാം അധ്യായം രണ്ട് ആറാം അധ്യായത്തില്‍ 16 വചനങ്ങളില്‍ അതു പറയുന്നുണ്ട്.
ഹിന്ദുമതത്തില്‍ ഏകാദശി, ശിവരാത്രി, യാഗങ്ങള്‍, പ്രത്യേക പൂജകള്‍, ഹോമങ്ങള്‍ എന്നിവയ്‌ക്കെല്ലാമുള്ള ഒരുക്കം എന്ന നിലയ്ക്ക് നോമ്പുണ്ട്. അവരിലെ ബ്രാഹ്മണ സമൂഹത്തില്‍ എല്ലാ ഹിന്ദി മാസങ്ങളുടെയും പതിനൊന്ന്, പന്ത്രണ്ട് ദിവസങ്ങളില്‍ പ്രത്യേക നോമ്പുള്ളതായും എന്‍.ബി.എസ് വിജ്ഞാന കോശത്തിലെ ഉപവാസം എന്ന അധ്യായത്തില്‍ കാണാം. മൂസാ പ്രവാചകന്‍ സീനായ് പര്‍വതത്തില്‍ കഴിച്ചുകൂട്ടിയ നാല്‍പത് ദിനങ്ങളെ അനുസ്മരിച്ചുകൊണ്ട് നോമ്പെടുക്കുന്ന ആചാരമുണ്ട്. പുറപ്പാട് 34:28ല്‍ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. ഇങ്ങനെ ഓരോ മതങ്ങളിലും ആഹാരനിയന്ത്രണമെന്ന സ്വഭാവത്തോടെയുള്ള വ്രതമുള്ളതായി പഠനങ്ങളില്‍ കാണാം. എന്നാല്‍ ഇസ്‌ലാമിലെ വ്രതം പോലെ കൃത്യമായ നിരാഹാരത്തിലേക്കു ഈ പറഞ്ഞ പല വ്രതങ്ങളും എത്തുന്നില്ല എന്നത് ഒരു വസ്തുതയാണ്. മേല്‍പ്പറഞ്ഞ നോമ്പുകളെല്ലാം ചിലയിനം ഭക്ഷണങ്ങള്‍ മാത്രം ഉപേക്ഷിക്കുന്ന സ്വഭാവത്തിലാണ് പ്രത്യേകിച്ചും ഇപ്പോഴുള്ളത്. അല്ലാത്ത അതികഠിനമായ നിരാഹാരഭാവമുള്ള വ്രതങ്ങളുമുണ്ട്. ഉദാഹരണമായി തിബത്തിലെ ലാമമാര്‍ ഉമിനീരു പോലും ഇറക്കാതെയാണ് നോമ്പെടുക്കുന്നത്. ബുദ്ധ പാരമ്പര്യത്തിലെ ഏറ്റവും ഉന്നതമായ ആത്മീയ പദവി നേടാന്‍ വേണ്ടി അനുഷ്ഠിക്കുന്നതാണത്. സൗരാഷ്ട്ര മതത്തിലെ പൗരോഹിത്യ പ്രക്രിയയുടെ ഭാഗമായും വ്രതമുണ്ട്. അവരുടേത് അഞ്ചു വര്‍ഷത്തെ ദൈര്‍ഘ്യമുള്ളതാണ് എന്നാണ് പഠനങ്ങളില്‍ കാണുന്നത്.
ഇസ്‌ലാമിലെ ഭക്ഷണനിയന്ത്രണം പക്ഷേ, നോമ്പ് എന്ന ആരാധനയോടൊപ്പം ശാരീരികാരോഗ്യത്തെ കൂടി വ്യക്തമായും ലക്ഷ്യം വയ്ക്കുന്നുണ്ട്. നബി(സ) അവതരിപ്പിച്ച ഭക്ഷ്യനയങ്ങളില്‍ അതു വ്യക്തമാണ്. നബി(സ) പറഞ്ഞു: 'മനുഷ്യന്‍ നിറക്കുന്ന പാത്രങ്ങളില്‍ തന്റെ വയറിനോളം മോശമായത് മറ്റൊന്നുമില്ല. മുതുക് നിവര്‍ത്താന്‍ സഹായകമാകുന്ന ഏാതാനും ചെറു ഉരുളകള്‍ മതി (ഭക്ഷണമായി) മനുഷ്യന്. ഇനിയത് അനിവാര്യമെങ്കില്‍ ഭക്ഷണത്തിനു വേണ്ടി മൂന്നിലൊന്നും പാനീയങ്ങള്‍ക്കു വേണ്ടി മൂന്നിലൊന്നും വായു സഞ്ചാരത്തിനു വേണ്ടി മൂന്നിലൊന്നുമാവാം' (അഹ്മദ്, തിര്‍മുദി). ഇതേ അര്‍ഥത്തില്‍ ധാരാളം അധ്യാപനങ്ങള്‍ ഹദീസില്‍ കാണാം. അല്ലാഹു തന്നെ തന്റെ കലാമിലൂടെ നല്‍കിയ ഉപദേശമാണല്ലോ ഇത്. അല്ലാഹു പറയുന്നു: 'നിങ്ങള്‍ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുക, പരിധി വിടരുത്' (7:31).
വൈവിധ്യവും അമിതവുമായ ഭക്ഷണശീലം നബി(സ) തങ്ങള്‍ക്കോ അനുയായികള്‍ക്കോ ഉണ്ടായിരുന്നില്ലെന്ന് ഇസ്‌ലാമിക സംസ്‌കാര ചരിതം പഠിപ്പിക്കുന്നുണ്ട്.
ദാരിദ്ര്യം പറ്റിപ്പിടിച്ച ജീവിതമായിരുന്നു അവരുടേതെന്നത് അതിന് ആക്കംകൂട്ടുകയും ചെയ്യുന്നുണ്ട്. എന്നിട്ടും സമ്പന്നതയും സൗകര്യവുമുള്ളവരില്‍ ചിലര്‍ മൃഷ്ടാന്നഭോജനം നടത്തിയിരുന്നത് സ്വഹാബിമാര്‍ ചോദ്യം ചെയ്യുമായിരുന്നു എന്നത് അത്തരമൊരു പൊതുസംസ്‌കാരം നിലനിന്നിരുന്നു എന്നതിനു തെളിവുമാണ്. യസീദ് ബിന്‍ അബീ സുഫ്‌യാന്‍ ഇങ്ങനെ വൈവിധ്യമുള്ള ഭക്ഷണം കഴിക്കുന്ന ആളായിരുന്നു. ഇത് ഉമര്‍(റ)വിന്റെ മുന്നില്‍ ഒരിക്കല്‍ പരാതിയായി എത്തുകയുണ്ടായി. യസീദ് ഭക്ഷണം കഴിക്കുമ്പോള്‍ തന്നെ അറിയിക്കാന്‍ ഖലീഫ അദ്ദേഹത്തിന്റെ ഭൃത്യനെ ചട്ടംകെട്ടി. അങ്ങനെ ഉമര്‍(റ) യസീദിനോടൊപ്പം ഭക്ഷണം കഴിക്കാനെത്തി. അവര്‍ ഒന്നിച്ച് മാംസം ചേര്‍ത്ത പത്തിരി പോലുള്ള ഒരു ഭക്ഷണം കഴിച്ചു. അതു കഴിഞ്ഞയുടനെ തീയില്‍ ചുട്ടെടുത്ത മറ്റൊരു ഭക്ഷണം കൊണ്ടുവരപ്പെട്ടു. ആ രണ്ടാം വിഭവത്തിനു നേരെ യസീദ് കൈ നീട്ടിയതും ഖലീഫ ഇടപെട്ടു. അദ്ദേഹം പറഞ്ഞു: 'അല്ലാഹുവിനെ സൂക്ഷിക്കുക, യസീദ്, ഒരു ഭക്ഷണത്തിനു മേല്‍ മറ്റൊരു ഭക്ഷണമോ?. (ഇഹ്‌യ).
അബ്ബാസീ ഭരണാധികാരികളില്‍ പ്രശസ്തനായിരുന്ന ഖലീഫ ഹാറൂണ്‍ റഷീദ് ഒരിക്കല്‍ രോഗം വരാതിരിക്കാനുള്ള മരുന്ന് ഏതാണെന്ന് ചോദിക്കാന്‍ നാലു ഭിഷഗ്വരന്‍മാരെ വിളിച്ചുവരുത്തിയ ചരിത്രമുണ്ട്. അവരില്‍ ഒരാള്‍ ഒരു ആഫ്രിക്കന്‍ വംശജനും രണ്ടാമത്തെയാള്‍ ഇറാഖുകാരനും മൂന്നാമത്തെയാള്‍ ഇന്ത്യന്‍ വംശജനും നാലാമത്തെയാള്‍ റോമന്‍ വംശജനുമായിരുന്നു. രോഗം വരാതിരിക്കാന്‍ കറുത്ത കടുക്ക കഴിച്ചാല്‍ മതിയെന്ന് ഇന്ത്യക്കാരന്‍ പറഞ്ഞു. ചൂടുവെള്ളം കുടിച്ചാല്‍ മതിയെന്നായിരുന്നു റോമന്‍ വൈദ്യന്റെ പക്ഷം. അഗാളിക്കുരു കഴിച്ചാല്‍ മതിയെന്ന് ഇറാഖിയുടെ പക്ഷം.
ഈ മൂന്നു പക്ഷത്തിന്റെയും നിലപാടുകള്‍ ശരിയല്ലെന്നു പറയുകയായിരുന്നു നാലാമത്തെയാള്‍ ആദ്യം ചെയ്തത്. കരിംകടുക്ക ആമാശയത്തെ നേര്‍മയുള്ളതും ദുര്‍ബലവുമാക്കും. ചൂടുവെള്ളം അധികം കുടിക്കുക വഴി ആമാശയത്തിനു തളര്‍ച്ചയുണ്ടാകും. അഗാളിക്കുരു ആമാശയത്തിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കും. അതോടെ താങ്കളുടെ അഭിപ്രായം പറയൂ എന്നായി മറ്റു മൂന്നുപേരും. അദ്ദേഹം പറഞ്ഞു: 'ആശ തീരുന്നതു വരെ കഴിക്കാതിരിക്കുക, ആശ അവശേഷിക്കെത്തന്നെ ഭക്ഷണം കഴിക്കുന്നത് നിര്‍ത്തുകയും ചെയ്യുക.' ഇതായിരിക്കും രോഗങ്ങളെ പ്രതിരോധിക്കാന്‍ ഏറ്റവും നല്ല ഉപായമെന്ന് മറ്റു വൈദ്യന്‍മാര്‍ക്കെല്ലാം വേഗത്തില്‍ ബോധ്യം വന്നു. ഭക്ഷ്യനിയന്ത്രണം തന്നെയാണ് രോഗങ്ങളെ പ്രതിരോധിക്കാന്‍ ഏറ്റവും നല്ല വഴിയും മാര്‍ഗവുമെന്ന് പൗരാണിക കാലത്തെ ഭിഷഗ്വരന്‍മാര്‍ കണ്ടതിന് ഇത്തരം ധാരാളം ചരിത്രങ്ങളുടെ പിന്‍ബലമുണ്ട്.
ഇമാം ശാഫി(റ) പറയുന്നുണ്ട്: 'അമിതാഹാരം വഴി ശരീരഭാരം വര്‍ധിക്കും.
അതു ചിന്താശേഷിയെ മന്ദീഭവിപ്പിക്കും. അങ്ങനെ അത് ഉറക്കം വര്‍ധിപ്പിക്കുകയും ആരാധനയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യും.' മതപരമായ ഒരു ഉപദേശം എന്ന അര്‍ഥത്തിലാണ് ഈ ഉദ്ധരണിയിലെ ആരാധനയെ നാം വായിക്കേണ്ടത്. അതിന്റെ വിശാലമായ അര്‍ഥം ഓരോ മനുഷ്യന്റെ ഉത്തരവാദിത്വങ്ങളും കര്‍ത്തവ്യങ്ങളുമാണ്. അമിതാഹാരമുണ്ടാക്കുന്ന ആലസ്യത മനുഷ്യന്റെ കര്‍മകുശലതയെ ഭഞ്ജിക്കുമെന്ന് ചുരുക്കം. വളരെ ഹൃസ്വമായ ജീവിതത്തില്‍ മനുഷ്യന് നിര്‍വഹിക്കാനുള്ള ഉത്തരവാദിത്തങ്ങള്‍ ആലസ്യത്തില്‍പെട്ട് മുടങ്ങിപ്പോവുക എന്നത് ജീവിതം തന്നെ പാഴാവുന്നതിനു സമാനമാണ്. അതുതന്നെയാണ് അമിതാഹാര ശീലം ഉണ്ടാക്കുന്നതും. അങ്ങനെ വരുമ്പോള്‍ മനുഷ്യന്‍ സ്വന്തം ജീവിതത്തിനു മുന്നില്‍ പരാജയപ്പെടുകയും അവനെ വഴിതെറ്റിക്കാന്‍ നടക്കുന്ന പിശാച് വിജയിക്കുകയും ചെയ്യുന്നു. അങ്ങനെ നാം ആ സത്യത്തിലെത്തിച്ചേരുന്നു, മരുന്ന് പേലെ ഭക്ഷണം കഴിക്കുന്നില്ലെങ്കില്‍ ഭക്ഷണം പോലെ മരുന്ന് കഴിക്കേണ്ട ദുരവസ്ഥ വരും. മരുന്നുണ്ടെന്ന് കരുതി അഹങ്കരിക്കേണ്ട, മരുന്നുകള്‍ രോഗങ്ങളെ മാറ്റുകയല്ല, കുറച്ചുകൂടി നീട്ടിയിടുക മാത്രമാണ് എന്നുകൂടി മനസിലാക്കുമ്പോള്‍ ഈ സത്യം പരമമായിത്തീരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."