ഗരീബ് നവാസ് മസ്ജിദ് പൊളിച്ചുനീക്കിയ സംഭവം: ജുഡീഷ്യല്‍ അന്വേഷണത്തിന് യു.പി സര്‍ക്കാര്‍ തയ്യാറാവണമെന്ന് സിറാജ് ഇബ്രാഹിം സേട്ട്
കൊച്ചി: ഉത്തര്‍പ്രദേശിലെ ബറാബങ്കി ജില്ലയിലെ ഗരീബ് നവാസ് മസ്ജിദ് ജില്ലാ ഭരണകൂടം പൊളിച്ചുനീക്കിയ നടപടി അപലപനീയമാണെന്നും രാജ്യത്തിന്റെ മതേതര മനസില്‍ ഭിന്നിപ്പുണ്ടാക്കുന്നതാണെന്നും ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗവും ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറിയുമായ സിറാജ് ഇബ്രാഹിം സേട്ട് പറഞ്ഞു.
മെയ് 29 വരെ മസ്ജിദ് പൊളിക്കരുതെന്ന് കഴിഞ്ഞ മാസം 24ന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് ലംഘിച്ചുകൊണ്ടാണ് ജില്ലാ ഭരണകൂടം മസ്ജിദ് പൊളിച്ചുനീക്കിയത്. ഈ വിഷയത്തില്‍ സര്‍ക്കാരും കോടതിയും അടിയന്തരമായി ഇടപെടണം. മസ്ജിദ് പുനര്‍നിര്‍മിക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കണം. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്‍പേ നിര്‍മിച്ച മസ്ജിദായിരുന്നിട്ടും അനധികൃതമാണെന്ന് കാട്ടിയാണ് ബറാബങ്കി ജില്ലാ ഭരണകൂടം മസ്ജിദ് പൊളിച്ചുനീക്കിയത്. രാജ്യത്ത് കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഇതിന്റെ മറവില്‍ നടത്തിയ ഈ നടപടി ആസൂത്രിതമാണോയെന്ന് സംശയമുണ്ട്.
എന്‍ഡിഎ ഗവണ്‍മെന്റ് അധികാരത്തിലേറിയതിന് ശേഷം ഒരു വിഭാഗത്തിന്റെ അടയാളപ്പെടുത്തലുകള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇത് രാജ്യത്ത് വര്‍ഗീയാന്തരീക്ഷം സൃഷ്ടിക്കാന്‍ ഇടയാക്കും. കാലങ്ങളായി നാം കാത്തുസൂക്ഷിച്ചുപോന്നിരുന്ന ഇന്ത്യയുടെ മതേതര മുഖം നിലനിര്‍ത്തേണ്ടത് പൗരന്മാരുടെയും സര്‍ക്കാരുകളുടെയും ബാധ്യതയാണെന്നും സിറാജ് ഇബ്രാഹിം സേട്ട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."