എന്തുവിധിയിത്…ഓണ്‍ലൈന്‍ തട്ടിപ്പില്‍ വീണ് മലയാളികള്‍ക്ക് നഷ്ടമാവുന്നത് ചെറിയ തുകയല്ല! ഞെട്ടിക്കുന്ന കണക്ക്
തിരുവനന്തപുരം: ഓണ്‍ലൈന്‍ തട്ടിപ്പ് ദിവസം തോറും പുത്തന്‍ രീതിയില്‍ പരിചയപ്പെട്ടുകൊണ്ടിരിക്കുകയാണ് ലോകജനത. ചിലരെല്ലാം ഇനി ഇത്തരം ചതികളില്‍ വീഴരുതെന്ന് കരുതി വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുന്നതായി നമുക്ക് കാണാം.എന്നാല്‍ മറ്റു ചിലര്‍ പഠിച്ചിട്ടും പഠിക്കാതെ വീണ്ടും പല ഓണ്‍ലൈന്‍ ചതിക്കുഴികളിലും ചെന്ന് വീഴുന്നത് കാണാന്‍ സാധിക്കും. ചെറിയ തുകയൊന്നുമല്ല ഇത്തരക്കാര്‍ കളഞ്ഞുകുളിക്കുന്നത്. തട്ടിപ്പിനിരയായ വിവരം അറിയിക്കാത്തവരും ധാരാളമുണ്ടെന്നു പൊലീസ് പറയുന്നു.
കഴിഞ്ഞ ആറുമാസത്തിനിടെ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ഒരോ മാസവും മലയാളികള്‍ക്ക് നഷ്ടമായത് ശരാശരി പത്തുകോടി രൂപയാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നാഷണല്‍ ക്രൈം, സൈബര്‍ ക്രൈം പോര്‍ട്ടല്‍, സംസ്ഥാനത്തെ സൈബര്‍ സെല്‍ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലുളള കണക്കാണിത്. 1930 എന്ന നമ്പറില്‍ പരാതിപ്പെട്ടാല്‍ മാത്രമേ ബാങ്കുകള്‍ ഇടപെട്ട് പണം നഷ്ടപ്പെടാതെ ഇടപാട് മരവിപ്പിക്കാന്‍ കഴിയൂ.
ഓണ്‍ലൈന്‍ തട്ടിപ്പിനിരയാകുന്നവരുടെ പണം നഷ്ടപ്പെടാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയ ഹെല്‍പ്പ് ലൈന്‍ നമ്പറാണ് 1930. 1930ലേക്ക് വന്ന പരാതികളുടെ കണക്കെടുത്താല്‍ ദിവസവും ശരാശരി 20 ലക്ഷം രൂപയുടെ തട്ടിപ്പാണ് കേരളത്തില്‍ നടക്കുന്നത്. ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ പരാതി നല്‍കിയാല്‍ നഷ്ടപ്പെട്ട പണം ഉപഭോക്താവിന് തിരികെ നല്‍കാന്‍ ബാങ്കുകള്‍ക്ക് ഉത്തരവാദിത്തവുമുണ്ട്. കേരളത്തില്‍ ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരകളേറെയും കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലുള്ളവരാണ്. 1930 നമ്പറില്‍ ദിവസം ശരാശരി 40 പരാതികള്‍ കിട്ടാറുണ്ട്. ലോണ്‍ ആപ്പുകള്‍, യുപിഐ ഐഡി, ഗൂഗിള്‍ പേ എന്നിവ വഴിയൊക്കെ തട്ടിപ്പു നടക്കുന്നുണ്ട്.
വാഹനം വില്‍ക്കാനോ വീടു വാടകയ്ക്കു കൊടുക്കാനോ ഓണ്‍ലൈന്‍ സൈറ്റുകളില്‍ പരസ്യം കൊടുക്കുന്നവരെ സൈനിക യൂണിഫോം ധരിച്ചു വിഡിയോ കോള്‍ വിളിച്ചു സംസാരിച്ചു ഗൂഗിള്‍ പേ വഴി പണം തട്ടുന്ന രീതിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പെന്‍ഷന്‍ പണം വരുന്ന ബാങ്ക് അക്കൗണ്ട് പുതുക്കണമെന്നാവശ്യപ്പെട്ടു മെസേജ് നല്‍കിയും തട്ടിപ്പുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."