ചില സൂപ്പർമാർക്കറ്റുകളിൽ നിന്നും സാധനം വാങ്ങുന്നതിന് പ്രവാസികൾക്ക് വിലക്ക്
കുവൈത്ത് സിറ്റി: കുവൈത്തിലെ ചില സ്ഥാപനങ്ങളിൽ നിന്ന് സാധനം വാങ്ങുന്നതിന് പ്രവാസികൾക്ക് വിലക്ക് ഏർപ്പെടുത്തിയതായി റിപ്പോർട്ട്. റമദാൻ മാസത്തിൽ വിവിധ സൂപ്പർ മാർക്കറ്റുകളിലും മറ്റു സ്ഥാപനങ്ങളിലും സാധനങ്ങൾക്ക് ഗണ്യമായ വിലക്കുറവ് ഉണ്ട്. അതിനാൽ തന്നെ ഇത്തരം സാധനങ്ങൾ കുറഞ്ഞ വിലയിൽ വാങ്ങാൻ ധാരാളം പ്രവാസികൾ എത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ സ്വദേശികൾക്ക് സാധനം വാങ്ങാൻ കഴിയാതെ വരുമെന്ന പ്രശ്നം മുന്നിൽ കണ്ടാണ് തീരുമാനമെടുത്തതെന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന സ്ഥിരീകരണം.
എന്നാൽ സംഭവത്തിൽ പ്രതിഷേധമുയരുന്നുണ്ട്. സഹകരണ സ്ഥാപനങ്ങൾക്ക് കീഴിലുള്ള സൂപ്പർമാർക്കറ്റുകളിലാണ് വിലക്ക് ഏർപ്പെടുത്തിയത്. ഇത്തരം സ്ഥാപനങ്ങളിൽ പ്രവാസികൾ സാധനങ്ങൾ വാങ്ങുന്നതിന് പുറമെ പ്രവേശിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഈ നടപടി തികച്ചും നിയമ വിരുദ്ധമാണെന്ന് ഉപഭോക്തൃ സംരക്ഷണ അസോസിയേഷൻ മേധാവി മിഷാൽ അൽ-മന പ്രതികരിച്ചു.
പ്രവാസികൾക്ക് ഏതെങ്കിലും സ്ഥാപനത്തിൽ പ്രവേശനം തടയുന്നത് നിയമ വിരുദ്ധമാണെന്നും വിപണികളിൽ വാഗ്ദാനം ചെയ്യുന്ന ഉൽപ്പന്നങ്ങൾ വാങ്ങുന്നത് സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്താൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ നടപടികൾ സ്വീകരിക്കാൻ വാണിജ്യ മന്ത്രാലയത്തെയും ബന്ധപ്പെട്ട അധികാരികളെയും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."