പെൻഷൻ പ്രായം വർധിപ്പിക്കുന്നതിനെതിരെ ഫ്രാൻസിൽ ശക്തമായ പ്രക്ഷോഭം
പാരിസ്: പെൻഷൻ പ്രായം 62ൽനിന്ന് 64 ആയി വർധിപ്പിക്കുന്നതിനെതിരെ ഫ്രാൻസിൽ ശക്തമമായ പ്രക്ഷോഭം. വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, റോഡുകൾ എന്നിവിടങ്ങളിൽ എല്ലാം പ്രതിഷേധം നടക്കുകയാണ്. പ്രക്ഷോഭത്തെ തുടർന്ന് ചില സ്കൂളുകൾ അടച്ചു. പാരീസ് നഗരത്തിലെ വിവിധ കോണുകളിൽ പ്രതിഷേധം കനക്കുകയാണ്.
പാരിസിലെ ചാൾസ് ഡി ഗല്ലെ വിമാനത്താവള ടെർമിനലിലേക്കുള്ള പ്രവേശനം സമരക്കാർ തടസ്സപ്പെടുത്തി. ട്രെയിൻ സർവിസുകളും തടസ്സപ്പെട്ടു. റോഡ് തടസ്സപ്പെടുത്തി കൂട്ടിയിട്ട മാലിന്യം കത്തിച്ച് തീയും പുകയും ഉയർന്നു. രാജ്യത്തുടനീളം പ്രതിഷേധറാലികൾ നടന്നു. അതേസമയം, പ്രതിഷേധം വിമാനസർവിസുകളെ ബാധിച്ചില്ലെന്ന് അധികൃതർ പറഞ്ഞു.
പെൻഷൻ പ്രായം 62ൽനിന്ന് 64 ആയി ഉയർത്താൻ പാർലമെന്റിൽ വോട്ടെടുപ്പ് നടത്താതെ കൊണ്ടുവന്ന നിയമം വർഷാവസാനത്തോടെ പ്രാബല്യത്തിലാകുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതാണ് രോഷം അണപൊട്ടാനിടയാക്കിയത്. ജനുവരി മുതൽ സമാധാനപരമായ പ്രതിഷേധം നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."