തിരുവനന്തപുരത്ത് പട്ടാപ്പകല്‍ കവര്‍ച്ച; പെട്രോള്‍ പമ്പ് മാനേജരില്‍ നിന്ന് തട്ടിയെടുത്തത് രണ്ടര ലക്ഷം രൂപ
തിരുവനന്തപുരം കണിയാപുരത്ത് പട്ടാപ്പകല്‍ വന്‍ കവര്‍ച്ച. പമ്പ് മാനേജരില്‍ നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്തു. ഇന്നലെ മൂന്നരയോടെ കണിയാപുരത്തുള്ള എസ് ബി ഐ പള്ളിപ്പുറം ശാഖയുടെ മുന്നിലാണ് കവര്‍ച്ച നടന്നത്.
ഇന്ത്യന്‍ ഓയില്‍ കമ്പനിയുടെ കണിയാപുരത്തെ നിഫി ഫ്യൂവല്‍സ് മാനേജര്‍ ഷാ ഉച്ച വരെയുള്ള കളക്ഷനായ രണ്ടര ലക്ഷം രൂപ തൊട്ടടുത്ത ബാങ്കിലടക്കാന്‍ പോകുമ്പോഴാണ് സ്‌കൂട്ടറിലെത്തിയ രണ്ട് പേര്‍ പണം തട്ടിപ്പറിച്ച് കടന്നത്. ബാങ്കിനു മുന്നിലുണ്ടായിരുന്ന ജനറേറ്ററിന്റെ മറവില്‍ നിന്നവര്‍ ഷാ അടുത്തെത്തിയപ്പോഴേക്കും കൈയിലെ പൊതി തട്ടിപ്പറിച്ച് സ്‌കൂട്ടറില്‍ക്കയറി അമിത വേഗതയില്‍ കടന്നുകളയുകയായിരുന്നു. ഷാ പിറകെ ഓടിയെങ്കിലും ഇവരെ പിടികിട്ടിയില്ല.
സ്‌കൂട്ടറിന്റെ നമ്പര്‍ പ്ലേറ്റ് ഇളക്കി മാറ്റിയ നിലയിലാണ്. മോഷ്ടാക്കള്‍ പോത്തന്‍കോട് ഭാഗത്തേക്കാണ് രക്ഷപ്പെട്ടതെന്ന് മനസിലായിട്ടുണ്ട്. രാത്രിയോടെ ഹോണ്ട ഡിയോ സ്‌കൂട്ടര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പൂലന്തറയില്‍ നിന്നും കണ്ടെടുത്തു. പ്രതികള്‍ക്കായി പൊലിസ് അന്വേഷണം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."