കലിമ ചൊല്ലിക്കൊടുക്കാന്‍ നിമിത്തമായതില്‍ സന്തോഷം മാനവികതയും മതബോധവും രണ്ടല്ലെന്ന് ഡോ. രേഖാ കൃഷ്ണന്‍
പട്ടാമ്പി: മതേതര രാജ്യത്ത് വര്‍ഗീയ വിഷം തുളുമ്പി രാജ്യത്തെ തകര്‍ക്കുന്നവര്‍ക്കുള്ള ശക്തമായ മറുപടിയായി ഡോ. രേഖ കൃഷ്ണന്റെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനത്തെ വാനോളം പുകഴ്ത്തുകയാണ് നവമാധ്യമങ്ങള്‍.
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വയോധികയുടെ മരണാസന്നസമയത്ത് അവരുടെ വിശ്വാസത്തിന്റെ ഭാഗമായ ശഹാദത്ത് കലിമ ചൊല്ലി കൊടുത്ത പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോ.രേഖ കൃഷ്ണന്‍ ജാതിമത വേലിക്കെട്ടുകള്‍ക്കപ്പുറത്ത് സമൂഹമാധ്യമങ്ങളിലൂടെ ആദരിക്കപ്പെടുകയാണ്.
പാലക്കാട് ജില്ലയിലെ കൂറ്റനാടിനടുത്ത് പട്ടിത്തറ പഞ്ചായത്തിലെ കക്കാട്ടിരി വേണാട്ട് കുന്നത്ത് താമസിക്കുന്ന ഇല്ലത്ത് വളപ്പില്‍ കുഞ്ഞുവിന്റെ ഭാര്യ ബീവാത്തുവിന്റെ മരണാസന്നവേളയിലാണ് ഐ.സി.യുവില്‍ ബന്ധുക്കളാരും സമീപത്തില്ലാതിരുന്ന സാഹചര്യത്തില്‍ അവര്‍ക്കുവേണ്ടി ഡോ.രേഖ ബീവാത്തുവിന് ശഹാദത്ത് കലിമ ചൊല്ലി കൊടുത്തത്.കലിമ ഏറ്റുചൊല്ലാന്‍ കഴിയുന്ന സാഹചര്യത്തിലല്ലായിരുന്നു ബീവാത്തുവെങ്കിലും കലിമ ചൊല്ലിക്കേള്‍പ്പിച്ചപ്പോള്‍ ആശ്വാസത്തിന്റെ രണ്ടുമൂന്നുശ്വാസം അവരില്‍ നിന്നുണ്ടായെന്ന് വിവരിക്കുന്ന ഡോ.രേഖയുടെ കണ്ണുകളില്‍ ചാരിതാര്‍ഥ്യത്തിന്റെ തിളക്കം.
ബീവാത്തുവിന്റെ അവസാന നിമിഷങ്ങളെക്കുറിച്ച് ഡോ.രേഖയുടെ വാക്കുകള്‍ ഇങ്ങനെ : ഹൃദയമിടിപ്പും രക്തസമ്മര്‍ദവും നാഡിമിടിപ്പുമെല്ലാം കുറഞ്ഞു തുടങ്ങി. അവര്‍ ശ്വാസമെടുക്കുന്ന ദൈന്യത കണ്ടപ്പോള്‍ മനസ്സില്‍ വല്ലാത്ത വിഷമം തോന്നി. കുടുംബാംഗങ്ങളാരും അടുത്തില്ല. നമുക്കാര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ. അവര്‍ക്കായി പ്രാര്‍ഥിക്കാനായിരുന്നു ആദ്യം തോന്നിയത്. എന്തുകൊണ്ട് അവരുടെ തന്നെ വിശ്വാസ പ്രകാരമുള്ള വിടപറച്ചിലായിക്കൂടാ എന്ന് അനന്തരം ഉള്ളില്‍ നിന്നാരോ ചോദിച്ചു. അങ്ങോട്ടുമില്ല, ഇങ്ങോട്ടുമില്ല എന്ന ഖേദകരമായ സ്ഥിതിവിശേഷത്തില്‍ ഞാന്‍ അവരുടെ കണ്ണുകളടച്ച് ചെവിയില്‍ ശഹാദത് കലിമ ചൊല്ലിക്കൊടുക്കുകയായിരുന്നു. യു.എ.ഇയില്‍ ജനിച്ച് അവിടെ 18 വയസ്സുവരെ പഠിച്ചു വളര്‍ന്ന രേഖ അറബി ഭാഷയും ഇസ്‌ലാമിനെക്കുറിച്ച ബാലപാഠങ്ങളും സ്വായത്തമാക്കിയിട്ടുണ്ട്. എല്ലാ മതങ്ങളേയും വിശ്വാസങ്ങളെയും ബഹുമാനിക്കാനാണു മാതാപിതാക്കള്‍ പഠിപ്പിച്ചതെന്നും മാനവികബോധവും മതവിശ്വാസവും തീര്‍ച്ചയായും ഒന്നാണെന്നും അവര്‍ സുപ്രഭാതത്തോട് പറഞ്ഞു.
ആശുപത്രിയില്‍ തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് സുഹൃത്തുകൂടിയായ ഡോ. മുസ്തഫയോട് പങ്കുവച്ചിരുന്നു. അദ്ദേഹമാണ് അത് സമൂഹമാധ്യമങ്ങളിലൂടെ പുറംലോകത്തെ അറിയിച്ചത്. യു.എ.ഇ യില്‍ ബിസിനസുകാരനായ മേലേ പട്ടാമ്പി ചേമ്പ്ര മേലേമഠത്തില്‍ രാമകൃഷ്ണന്‍ മഠത്തിലിന്റെ മകളാണു രേഖ. കുന്നംകുളം യൂനിറ്റി ആശുപത്രിയിലെ ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ. ജീജി വി. ജനാര്‍ദനാണു ഭര്‍ത്താവ്. റിഷിത്, ഹൃദ്യ എന്നിവരാണ് മക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."