ശിക്ഷിക്കപ്പെട്ടാല്‍ ഉടന്‍ അയോഗ്യരാക്കുന്നത് ഒഴിവാക്കണം; സുപ്രിംകോടതിയില്‍ ഹരജി
ന്യൂഡല്‍ഹി: ജനപ്രതിനിധികളെ ക്രിമിനല്‍ കേസില്‍ രണ്ടുവര്‍ഷത്തേക്ക് ശിക്ഷിച്ചാല്‍ ഉടന്‍ അയോഗ്യരാക്കുന്നതിനെതിരെ സുപ്രിംകോടതിയില്‍ ഹരജി. ജനപ്രാതിനിധ്യ നിയമത്തിലെ എട്ട്(3) വകുപ്പ് പ്രകാരം ഉടനടി അയോഗ്യത കല്‍പ്പിക്കുന്ന വ്യവസ്ഥ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി. സാമൂഹിക പ്രവര്‍ത്തകയായ ആഭാ മുരളീധരന്‍ ആണ് സുപ്രിംകോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്.
ക്രിമിനല്‍ കേസുകളില്‍ തടവോ രണ്ടോ അതിലധികമോ വര്‍ഷമോ തടവുശിക്ഷ ലഭിക്കുന്ന ജനപ്രതിനിധികള്‍ ഉടന്‍ അയോഗ്യരാകുമെന്ന് 2013ലെ ലില്ലി തോമസ് കേസിലാണ് സുപ്രിംകോടതി വിധിച്ചിരുന്നത്.
അയോഗ്യത സംബന്ധിച്ച ഉത്തരവിറക്കുന്നതിന് മുന്‍പ് ശിക്ഷിച്ച കേസിന്റെ സ്വഭാവം കണക്കിലെടുക്കണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെടുന്നത്. മോദിമാരെല്ലാം കള്ളന്മാര്‍ പരാമര്‍ശത്തിലെ ക്രിമിനല്‍ മാനനഷ്ടക്കേസില്‍ സൂറത്ത് ചീഫ് മജിസ്‌ട്രേറ്റ് കോടതി രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം ലോക്‌സഭാ സെക്രട്ടറിയേറ്റ് റദ്ദാക്കിയ കാര്യവും ആഭാ മുരളീധരന്‍ ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ജനപ്രാതിനിധ്യ നിയമത്തിലെ എട്ട് (3) വകുപ്പ് രാഷ്ട്രീയ എതിരാളികള്‍ക്കെതിരേ സര്‍ക്കാര്‍ വ്യാപകമായി ഉപയോഗിക്കുകയാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."