തുഞ്ചൻ പറമ്പിലെ വികസനങ്ങൾക്ക് സർക്കാർ മുൻഗണന നൽകും: മന്ത്രി തുഞ്ചൻ ഉത്സവം സമാപിച്ചു
തിരൂർ
തുഞ്ചൻ പറമ്പിന്റെ വികസന പ്രവർത്തനങ്ങൾക്കായി സർക്കാർ മുൻഗണന നൽകിയിട്ടുണ്ടെന്നും ഇനിയും സർക്കാർ എല്ലാവിധ സഹായ സഹകരണങ്ങൾ ചെയ്യാൻ തയ്യാറാണെന്നും മന്ത്രി കെ.എൻ ബാലഗോപാലൻ. തുഞ്ചൻ ഉത്സവം സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലയാള ഭാഷയുടേത് വിപ്ലവകരമായ ഭാഷാശൈലിയാണ്. അതുകൊണ്ടാണ് നൂറ്റാണ്ടുകളിലായി ഒരേ തരത്തിൽ ഇത് നിലനിൽക്കുന്നത്. ഇന്ത്യക്ക് മൊത്തം ഒറ്റ ഭാഷയാണ് നല്ലതെന്ന ആശയം വീണ്ടും ഉയർന്നുവരുന്നു. എന്തുകൊണ്ടാണ് അങ്ങനെ ചിന്തിക്കുന്നതെന്ന് ചിന്തിക്കാൻ പോലും കഴിയുന്നില്ല. ഉത്തരവാദിത്വപ്പെട്ടർ പോലും ഹിന്ദി ഭാഷയാണ് നല്ലതെന്നും അവകാശപ്പെടുന്നു. ദേശീയതയും പ്രാദേശികതയും എല്ലാം നമുക്ക് വളരെ സ്വകാര്യമായ അഭിമാനമാണ്. സംസ്ഥാനമില്ലെങ്കിൽ കേന്ദ്രത്തിന് പ്രാധാന്യമില്ലെന്നും കേവലം ഭരണപരവും സാമ്പത്തികവുമായ കാര്യങ്ങൾ പങ്കിട്ടെടുക്കുന്നതിനപ്പുറം സാംസ്കാരിക കാര്യങ്ങളും സംസ്ഥാനങ്ങളുടെ ഭാഷകളും സംരക്ഷിക്കപ്പെടണമെന്നും മന്ത്രി പറഞ്ഞു.
രണ്ടാം ലോക യുദ്ധത്തിന് തുല്ല്യമായ സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോൾ നിലനിൽക്കുന്നത്. അസ്വസ്ഥതകൾ ഉണ്ടാക്കുന്ന ഘട്ടത്തിൽ ഇത്തരം സ്ഥാപനങ്ങളാണ് ഭാഷാ ചരിത്രത്തിൽ ഒതുങ്ങിനിൽക്കാതെ നാടിന്റെ ചരിത്രം കൂടി നോക്കിക്കൊണ്ട് നമ്മെ മുന്നോട്ട് കൊണ്ടുപോവുന്നത്, ഇതാണ് തുഞ്ചൻ പറമ്പിന്റെ പ്രത്യേകതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാൻ എം.ടി വാസുദേവൻ നായർ അധ്യക്ഷനായി. കുറുക്കോളി മൊയ്തീൻ എം.എൽ.എ മുഖ്യാതിഥിയായി. തുഞ്ചൻ പറമ്പിന്റെ വികസന പ്രവർത്തനങ്ങൾക്കായി തന്റെ എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ അനുവദിക്കുന്നതായി അദ്ദേഹം പറഞ്ഞു. തുഞ്ചൻ പുരസ്കാരങ്ങൾ എം.ടി വാസുദേവൻ നായർ വിതരണം ചെയ്തു. തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി പി. നന്ദകുമാർ എം.എൽ.എ, എ. വിജയരാഘവൻ, സി. ഹരിദാസൻ, പി. കൃഷ്ണൻകുട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."