സിറ്റിങ് എം.എല്‍.എ രാജിവച്ചു; ഭവാനിപ്പൂരില്‍ നിന്ന് ജനവിധി തേടാനൊരുങ്ങി മമത ബാനര്‍ജി
കൊല്‍ക്കത്ത: ഭവാനിപ്പൂരിലെ സിറ്റിങ് എം.എല്‍.എ സൊവാന്‍ദേബ് ചട്ടോപാധ്യായ രാജിവെച്ചതിനെ തുടര്‍ന്ന് ജനവിധി തേടാനൊരുങ്ങി മമത ബാനര്‍ജി.
നേരത്തെ പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വന്‍ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയെങ്കിലും നന്ദിഗ്രാമില്‍നിന്ന് മത്സരിച്ച മമത പരാജയപ്പെട്ടിരുന്നു. സിറ്റിങ് എം.എല്‍.എയും തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേരുകയും ചെയ്ത സുവേന്ദു അധികാരിയായിരുന്നു മമതയെ പരാജയപ്പെടുത്തിയത്.
പാര്‍ട്ടി വമ്പന്‍വിജയം നേടിയതിനു പിന്നാലെ മമത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തെങ്കിലും നിയമസഭാംഗം അല്ലാത്തയാള്‍ മന്ത്രിയായാല്‍ ആറുമാസത്തിനകം നിയമസഭാംഗത്വം നേടിയിരിക്കണം. അല്ലെങ്കില്‍ രാജി സമര്‍പ്പിക്കണമെന്നാണ് ഭരണഘടനയുടെ 164-ാ അനുച്ഛേദത്തില്‍ പറയുന്നത്.
ആറുമാസത്തിനകം നിയമസഭാംഗത്വം നേടിയില്ലെങ്കില്‍ മമതയ്ക്ക് അധികാരത്തില്‍ തുടരാനാകില്ല. ഈ പശ്ചാത്തലത്തിലാണ് ഭവാനിപ്പൂരില്‍നിന്ന് മമത വീണ്ടും മത്സരിക്കാന്‍ ഒരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."