കോൺഗ്രസ് ചിന്തൻ ശിബിരം പാർലമെന്ററി ബോർഡ് രൂപീകരണത്തിന് പച്ചക്കൊടി 50 ശതമാനം സീറ്റുകൾ ദുർബല വിഭാഗങ്ങൾക്ക്
ഉദയ്പൂർ
നേതാക്കൾ ഉന്നയിച്ച പാർലമെന്ററി ബോർഡ് രൂപീകരണ ആവശ്യത്തിന് രാജസ്ഥാനിലെ ഉദയ്പൂരിൽ നടക്കുന്ന കോൺഗ്രസ് ചിന്തൻ ശിബിരത്തിന്റെ അംഗീകാരം.
ശിബിരത്തിന്റെ രണ്ടാംദിനത്തിലാണ് മുതിർന്ന നേതാക്കൾ ഉന്നയിച്ച ആവശ്യത്തിന് പരിഹാരമായത്.
കോൺഗ്രസ് പ്രവർത്തകസമിതി കൂടി അംഗീകാരം നൽകിയ ശേഷമേ ഇത് പ്രാബല്യത്തിലാകൂ. പ്രവർത്തകസമിതി അംഗീകരിക്കുന്നതോടെ ഇപ്പോഴത്തെ കോൺഗ്രസ് ഇലക്ഷൻ കമ്മിറ്റിക്ക് പകരം പാർലമെന്ററി ബോർഡായി മാറും.
ഈ ബോർഡാകും ലോക്‌സഭ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥികളെ തീരുമാനിക്കുക. 50 ശതമാനം സീറ്റുകൾ ദുർബല വിഭാഗങ്ങൾക്ക് നൽകാനും ശിബിരത്തിൽ തീരുമാനമായി. എസ്.സി, എസ്.ടി, ഒ.ബി.സി എന്നിവയ്ക്കും പിന്നോക്ക വിഭാഗങ്ങൾക്കുമാണ് സംവരണാനുകൂല്യം ലഭിക്കുക.
കർഷകരെ കടക്കെണിയിൽ നിന്ന് മോചിപ്പിക്കാൻ താങ്ങുവില നിയമമെന്ന ആവശ്യം കോൺഗ്രസ് ഉന്നയിക്കും. ശിബിരത്തിന്റെ രണ്ടാംദിനത്തിൽ കർഷകരുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്തു.
മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഹരിയാന മുഖ്യമന്ത്രിയുമായ ഭുപീന്ദർ സിങ് ഹൂഡയാണ് ശിബിരത്തിലെ ഇതുമായി ബന്ധപ്പെട്ട സമിതിയുടെ കൺവീനർ.
കാർഷിക മേഖലയിലെ കാലാവസ്ഥാ വ്യതിയാനം, വിളകളുടെ ഇൻഷുറൻസ് നടപ്പാക്കാനുള്ള കാലതാമസം തുടങ്ങിയവയും ചർച്ചയായി. കർഷകരുടെ കടക്കെണി ഒഴിവാക്കാൻ ദേശീയ കടാശ്വാസ കമ്മിഷൻ എന്നിവയും ഉന്നയിക്കപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."