അതിശക്ത മഴയ്ക്ക് സാധ്യത ആറു ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു
സ്വന്തം ലേഖകൻ
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്ന് അതിശക്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്.
ബുധനാഴ്ച വരെ പരക്കെ മഴ ലഭിക്കുമെന്നാണ് വിലയിരുത്തൽ. കേരള തീരത്ത് കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. അതിനാൽ തീരദേശങ്ങളിൽ ഉള്ളവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
കാറ്റിന്റെ വേഗത മണിക്കൂറിൽ 60 കി.മീ വരെയാകാൻ സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."