ദേവസഹായം പിള്ള ഇനി വിശുദ്ധന്‍; പ്രഖ്യാപനം നടത്തി ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാൻ: ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിലായിരുന്നു പ്രഖ്യാപനം.ഇന്ത്യയില്‍ വിശുദ്ദ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ആദ്യ അല്‍മായ രക്തസാക്ഷിയാണ് ദേവസഹായം പിള്ള. ഇന്ത്യന്‍ സഭയുടെ വൈദികന്‍ അല്ലാത്ത ആദ്യ വിശുദ്ധനാണ് അദ്ദേഹം.
നാഗര്‍കോവിലിനടുത്തുളള കാറ്റാടിമലയില്‍ വിശുദ്ധപദവി പ്രഖ്യാപനവുമായി ബന്ധപ്പെട്ട ആഘോഷപരിപാടികള്‍ ഇന്നലെ മുതല്‍ ആരംഭിച്ചിരുന്നു. ദൈവസഹായം പിള്ളയോടൊപ്പം മറ്റ് ഒന്‍പത് പേരെക്കൂടി വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തി.
കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡത്തിനു സമീപം നട്ടാലത്ത് 1712 ഏപ്രില്‍ 23ന് ജനിച്ച നീലകണ്ഠപ്പിള്ളയാണ് പില്‍ക്കാലത്തു ക്രിസ്തുമതം സ്വീകരിച്ചു ദേവസഹായം പിള്ളയായി മാറിയത്. മാര്‍ത്താണ്ഡവര്‍മയുടെ ഭരണകാലത്ത് തിരുവിതാംകൂര്‍ സൈന്യത്തില്‍ ഉന്നതപദവി വഹിച്ചിരുന്നു. വടക്കാന്‍കുളം പള്ളിയിലെ ഈശോ സഭ വൈദികനായിരുന്ന ജെ.പി.ബുട്ടാരിയില്‍ നിന്ന് 1745 മേയ് 17ന് ജ്ഞാനസ്‌നാനം സ്വീകരിച്ചു.
മതം മാറിയതിനെത്തുടര്‍ന്ന് അദ്ദേഹത്തെ കാരാ?ഗൃഹത്തില്‍ അടച്ചു. രാജാവിന്റെ നിര്‍ദേശ പ്രകാരം 1752 ജനുവരി നാലിന് അദ്ദേഹത്തെ വെടിവെച്ചു കൊല്ലുകയായിരുന്നു എന്നാണ് വിശ്വാസം. 300 വര്‍ഷങ്ങള്‍ക്ക് ശേഷം 2012 ഡിസംബര്‍ 2ന് കോട്ടാറില്‍ വച്ചാണ് ദേവസഹായം പിള്ളയെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയര്‍ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."