കൊടക്കര കുഴല്‍പ്പണക്കേസ് ബി.ജെ.പി- ആര്.എസ്.എസ് നേതാക്കളിലേക്ക്; ചോദ്യം ചെയ്യും
തൃശൂര്‍: കൊടക്കര കുഴല്‍പ്പണ കവര്‍ച്ചാക്കേസില്‍ ബി.ജെ.പി-ആര്.എസ്.എസ് നേതാക്കളെ ശനിയാഴ്ച്ച ചോദ്യം ചെയ്യും. ആര്.എസ്.എസ് മേഖല സെക്രട്ടറി, ട്രഷറര്‍ എന്നിവര്‍ ഹാജരാകണം. ആര്.എസ്.എസ് മേഖല സെക്രട്ടറി, തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നിവര്‍ ഹാജരാകണം.
കുഴല്‍പ്പണം തട്ടിയ സംഭവത്തില്‍ ഇവര്‍ക്ക് ബന്ധമുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് മൊഴിയെടുക്കാനാണ് ഇവരെ വിളിപ്പിച്ചിരിക്കുന്നത്. ശനിയാഴ്ച്ച രാവിലെ ഹാജരാകാന്‍ മൂന്നുപേരോടും പൊലിസ് ആവശ്യപ്പെട്ടു. തൃശൂരില്‍ ക്യാംപ് ചെയ്യുന്ന പ്രത്യേക അന്വേഷണസംഘമാണ് ഇവരെ ചോദ്യം ചെയ്യുക.
കേസിലെ മുഖ്യപ്രതികളായ രണ്ടുപേര്‍ നേരത്തെ പിടിയിലായിരുന്നു. മുഹമ്മദ് അലി, അബ്ദുള്‍ റഷീദ് എന്നിവരാണ് കണ്ണൂരില്‍ നിന്നും പിടിയിലായത്.
ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെ കൊടകര പാലത്തിന് സമീപത്ത് വച്ചാണ് കാറില്‍ വന്ന സംഘം പണം കവര്‍ന്നത്. വ്യാപാര ആവശ്യത്തിനായുള്ള 25 ലക്ഷം രൂപയും കാറും കവര്‍ന്നുവെന്നാണ് യുവമോര്‍ച്ച മുന്‍ ട്രഷറര്‍ സുനില്‍ നായിക്, ആര്.എസ്.എസ് പ്രവര്ത്തകന് ധര്‍മരാജ് എന്നിവര്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ഇത് തെളിയിക്കുന്ന രേഖകള്‍ ഇതുവരെയും എത്തിച്ചിട്ടില്ല.
എന്നാല്‍, ബി.ജെ.പി. തിരഞ്ഞെടുപ്പ് ചെലവിനെത്തിച്ച മൂന്നരക്കോടിയാണ് കവര്‍ന്നതെന്നായിരുന്നു സി.പി.എമ്മിന്റെയും കോണ്‍ഗ്രസിന്റെയും ആരോപണം. 19 പ്രതികളില്‍നിന്നായി ഒരു കോടിയിലേറെ രൂപ അന്വേഷണസംഘം ഇതിനകം കണ്ടെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."