ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം; ജീപ്പ് തകര്‍ത്തു, യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഇടുക്കി: ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം. ഇന്നലെ രാത്രിയായിരുന്നു സംഭവം. പെരിയകനാല്‍ എസ്റ്റേറ്റ് ഭാഗത്ത് കാട്ടാന ജീപ്പ് തകര്‍ത്തു. തലനാരിഴക്കാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്.
അതിനിടെ ജില്ലയില്‍ ഇന്ന് അരിക്കൊമ്പന്‍ ദൗത്യം പുരോഗമിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ ഇടുക്കി ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളിലെ ജനങ്ങളെ ബോധവല്‍ക്കരിക്കുന്ന നടപടികള്‍ക്ക് വ്യാഴാഴ്ച തുടക്കമിട്ടിരുന്നു. വീടുകളില്‍ വാര്‍ഡ് മെമ്പര്‍മാര്‍ നേരിട്ടുചെന്ന് വിവരങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. ദൗത്യദിനമായ ഞായറാഴ്ച പുറത്തിറങ്ങാതിരിക്കാന്‍ പരമാവധി ശ്രമിക്കണമെന്നും അരിക്കൊമ്പനെ പിടികൂടി കൊണ്ടുപോകുന്നതുവരെ വനംവകുപ്പിന്റെയും പൊലിസിന്റെയും മറ്റു വകുപ്പുകളുടെയും പ്രവര്‍ത്തനങ്ങളോട് സഹകരിക്കണമെന്നുമാണ് ജനങ്ങളോട് അഭ്യര്‍ഥിക്കുന്നത്. ശനിയാഴ്ച മൈക്ക് അനൗണ്‍സ്‌മെന്റും നടത്തി. മലയാളം, തമിഴ് എന്നീ ഭാഷകള്‍ക്ക് പുറമേ ഗോത്രവര്‍ഗ ഭാഷയായ കുടി ഭാഷയിലും അനൗണ്‍സ്‌മെന്റ് നടത്തി.
ചിന്നക്കനാലില്‍ അരിക്കൊമ്പന്‍ ഏറ്റവും നാശംവിതച്ചത് 301 കോളനിയിലാണ്. ഈ കോളനിയില്‍ അരിക്കൊമ്പന്‍ ആക്രമിക്കാത്ത ഒരു വീടുപോലുമില്ല. വീടുകളെല്ലാം പൂര്‍ണമായോ ഭാഗികമായോ തകര്‍ന്ന നിലയിലാണ്.
അരിക്കൊമ്പനെ പിടികൂടാനായി വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം 71 പേരടങ്ങുന്ന 11 ടീമുകളാണു തയാറായിരിക്കുന്നത്. ആനയുടെ സാന്നിധ്യം മനസ്സിലാക്കിയ ശേഷം മയക്കുവെടി വച്ചു കുങ്കിയാനകളുടെ സഹായത്തോടെ വാഹനത്തില്‍ കയറ്റി കോടനാട് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ദൗത്യസംഘത്തില്‍പെട്ട സൂര്യ എന്ന കുങ്കിയാന വയനാട് മുത്തങ്ങ ആനപ്പന്തിയില്‍ നിന്ന് ചിന്നക്കനാലിലെത്തിയിരുന്നു. കുങ്കിയാനകളിലൊന്നായ വിക്രം നേരത്തേ എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."