ന്യൂനപക്ഷക്ഷേമം മുഖ്യമന്ത്രി ഏറ്റെടുത്തത് ക്രൈസ്തവ സഭകളുടെ സമ്മര്‍ദത്തെ തുടര്‍ന്നെന്ന്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ ന്യൂനപക്ഷക്ഷേമം മുഖ്യമന്ത്രി തിരിച്ചെടുത്തത് ക്രൈസ്തവ സഭകളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണെന്ന് സൂചന.
മന്ത്രിമാരുെട വകുപ്പുകളെ കുറിച്ച് തീരുമാനമെടുത്ത സെക്രട്ടേറിയേറ്റ് യോഗത്തില്‍ സി.പി.എം സ്വതന്ത്രനായി മലപ്പുറം താനൂരില്‍ നിന്ന് തുടര്‍ച്ചയായി രണ്ടാം തവണയും ജയിച്ച വി. അബ്ദുറഹ്മാന് ന്യൂനപക്ഷവും പ്രവാസികാര്യവും നല്‍കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ റെയിവേയും കായികവും നല്‍കി മറ്റ്‌വകുപ്പുകള്‍ മുഖ്യമന്ത്രി ഏറ്റെടുക്കുകയായിരുന്നു. അതേ സമയം നേരത്തെ തീരുമാനിച്ചതില്‍ അബ്ദുറഹ്മാന്റെ വകുപ്പില്‍ മാത്രമാണ് മാറ്റം വരുത്തിയത്.
ഒന്നാം പിണറായി മന്ത്രിസഭയില്‍ കെ.ടി ജലീല്‍ ആയിരുന്നു ന്യൂനപക്ഷക്ഷേമം കൈകാര്യം ചെയ്തിരുന്നത്. സംസ്ഥാനത്ത് ന്യൂനപക്ഷക്ഷേമ വകുപ്പ് രൂപീകൃതമായതിനു ശേഷം പാലൊളി മുഹമ്മദ്കുട്ടി (ന്യൂനപക്ഷ സെല്‍), മഞ്ഞളാംകുഴി അലി എന്നിവരായിരുന്നു ന്യൂനപക്ഷ വകുപ്പ് മന്ത്രിമാര്‍.
ന്യൂനപക്ഷ വകുപ്പ് ഒരു മതവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാത്രം പ്രാധാന്യം നല്‍കുന്നതായി സംസ്ഥാനത്തെ വിവിധ ക്രൈസ്തവ സഭകള്‍ ആരോപിച്ചിരുന്നു. ഇത്തവണ ന്യൂനപക്ഷ വകുപ്പ് ക്രൈസ്തവ വിഭാഗത്തിന് നല്‍കണമെന്ന് പരസ്യമായും രഹസ്യമായും ആവശ്യം ഉയരുകയും ചെയ്തു. കൂടാതെ രഹസ്യമായി ചില മത അധ്യക്ഷന്മാര്‍ മുഖ്യമന്ത്രിയില്‍ സമ്മര്‍ദം ചെലുത്തിയതായും സൂചനയുണ്ട്.
ഇത്തവണത്തെ പിണറായി മന്ത്രിസഭയിലെ നാല് ക്രിസ്ത്യന്‍ മന്ത്രിമാരില്‍ നാലുപേരും സിറോ മലബാര്‍, ഓര്‍ത്തഡോക്‌സ്, സി.എസ്.ഐ, ലത്തീന്‍ എന്നിങ്ങനെ ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ടവരാണ്. അതുകൊണ്ടു തന്നെ അവരില്‍ ഏതെങ്കിലും ഒരു സഭാവിഭാഗത്തിന് നല്‍കിയാല്‍ അതു മറ്റു സഭകളുടെ അതൃപ്തിക്ക് കാരണമായേക്കും. ഇക്കാരണങ്ങളാലാണ് ന്യൂനപക്ഷവകുപ്പ് കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രി തന്നെ തീരുമാനിച്ചതെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."