രാഹുല്‍ വീണ്ടും നേതാവായാല്‍
പ്രതിച്ഛായ
ജേക്കബ് ജോർജ്
7012000311
ഉദയ്പൂരിലെ ചിന്തന്‍ ശിബിരം പല കാര്യങ്ങളിലും തീരുമാനമെടുത്തു. നേതാവിന്റെ കാര്യത്തിലൊഴികെ. കോണ്‍ഗ്രസ് പ്രസിഡൻ്റ് സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം അങ്ങനെയങ്ങ് അംഗീകരിച്ചില്ലെങ്കിലും ഒാഗസ്റ്റിലെ സംഘടനാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി തന്നെ നേതാവാകുമെന്ന് ഇന്‍ഡോറില്‍ ചേര്‍ന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബിരം സൂചിപ്പിക്കുന്നു. പാര്‍ട്ടിയുടെ സംഘടനാ തലത്തിലും ആശയപരമായ അടിത്തറയിലും വലിയ മാറ്റങ്ങള്‍ വരുത്തുന്നതാവും ചിന്തന്‍ ശിബിരമെന്നു പറഞ്ഞു കേട്ടിരുന്നുവെങ്കിലും ആ വഴിക്കുള്ള വലിയ മാറ്റങ്ങളൊന്നും ഇന്‍ഡോറില്‍ നിന്നുണ്ടായില്ല. നേതാവായി രാഹുല്‍ ഗാന്ധി തുടരുകയെന്ന ലക്ഷ്യം പരോക്ഷമായെങ്കിലും അംഗീകരിച്ചു കിട്ടുക എന്നതില്‍ കവിഞ്ഞ് ചിന്തന്‍ ശിബിരം സംഘടനാപരമായി അത്ര വലിയ ലക്ഷ്യങ്ങളൊന്നും പ്രഖ്യാപിച്ചിരുന്നുമില്ല.
137 വയസ് പിന്നിട്ട പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഇന്ത്യയ്ക്കു സ്വതന്ത്ര്യം നേടിത്തന്ന പാര്‍ട്ടി. സ്വതന്ത്ര ഇന്ത്യയെ വളര്‍ച്ചയിലേക്കു നയിച്ച പാര്‍ട്ടി. മഹാത്മാ ഗാന്ധിയുടെയും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെയുമെല്ലാം പാര്‍ട്ടി. അങ്ങനെയുള്ള ഒരു പാര്‍ട്ടിയുടെ അടിസ്ഥാന ശിലകളില്‍ പെട്ടെന്നൊരു മാറ്റം കൊണ്ടു വരിക അത്ര എളുപ്പമുള്ള കാര്യമല്ല തന്നെ. അതും രണ്ടോ മൂന്നോ ദിവസത്തെ ചിന്തന്‍ ശിബിരത്തിലെ ചര്‍ച്ചകളിലൂടെ. സാമൂഹ്യ നിതിക്കു വേണ്ടി വീറോടെ വാദിക്കുന്ന ഒരു പ്രസ്ഥാനമായി കോണ്‍ഗ്രസിനെ മാറ്റുകയെന്ന ലക്ഷ്യം വച്ച് വലിയ ചര്‍ച്ചകള്‍ ശിബിരത്തില്‍ നടന്നു. ആ വഴിക്കും നല്ല തീരുമാനമുണ്ടായില്ല.
സാമൂഹ്യ നീതി സംബന്ധിച്ച വിഷയങ്ങളില്‍ പാര്‍ട്ടി പ്രസിഡൻ്റിന് ഉപദേശം നല്‍കാന്‍ ഒരു സമിതി രൂപീകരിക്കാന്‍ തീരുമാനച്ചെന്നു മാത്രം. സംഘടനാപരമായ ചില പ്രധാന തീരുമാനങ്ങള്‍ക്ക് ചിന്തന്‍ ശിബിരം രൂപം നല്‍കിയിട്ടുണ്ട്. വരാന്‍ പോകുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ഫലപ്രദമായി സംഘടനാ പ്രവര്‍ത്തനവും പ്രചാരണവും ഏകോപിപ്പിച്ചു നടപ്പിലാക്കാനാണ് ഈ സമിതി. സംഘടനാ ഭാരവാഹികളുടെ പ്രകടനം വിലയിരുത്താനുള്ള മേല്‍നോട്ട സമിതിയും അതതു സമയത്ത് ജനവികാരം മനസിലാക്കാന്‍ പ്രത്യേക സംഘവും പ്രത്യേക മാധ്യമ വിഭാഗവും രൂപീകരിക്കും.
പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം പ്രവര്‍ത്തകരെ പഠിപ്പിക്കാന്‍ ദേശീയ തലത്തില്‍ ഒരു പരിശീലന കേന്ദ്രവും രൂപീകരിക്കും. സംഘടനയുടെ വിവിധ തലങ്ങളില്‍ യുവാക്കള്‍ക്കും ദലിത് - പിന്നോക്ക വിഭാഗങ്ങള്‍ക്കും സ്ഥാനം നല്‍കും. ഒരാള്‍ക്ക് ഒരു പദവി എന്ന തത്വം നടപ്പാക്കും. ഒരു പദവിയില്‍ ഒരാള്‍ക്കു തുടരാവുന്ന കാലാവധി പരമാവധി അഞ്ചു വര്‍ഷമായി നിജപ്പെടുത്തും. ചിന്തന്‍ ശിബിരം കൊണ്ടു വന്ന പ്രധാന നിര്‍ദേശങ്ങള്‍ തന്നെയാണിത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിക്കാനും മാത്രം വേണ്ട ശക്തി കോണ്‍ഗ്രസിനു പകരാന്‍ ഈ നിര്‍ദേശങ്ങള്‍ക്കാവുമോ? ആരായിരിക്കും ഇനി കോണ്‍ഗ്രസിനെ നയിക്കുക എന്നത് സംബന്ധിച്ച് തീരുമാനമൊന്നുമെടുക്കാതിരുന്നതെന്തേ? കോണ്‍ഗ്രസിന്റെ അടിസ്ഥാന ദര്‍ശനങ്ങളിലും നിലപാടുകളിലും മാറ്റം കൊണ്ടു വരാതിരുന്നതെന്ത്?
വലിയ മാറ്റങ്ങള്‍ ലക്ഷ്യം വച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചിന്തന്‍ ശിബിരം സംഘടിപ്പിച്ചതെങ്കിലും പാര്‍ട്ടിയുടെ ഉള്ളറകളിലേക്കു പരിഷ്‌ക്കാരം കൊണ്ടുവരാന്‍ നേതൃത്വം തയാറായില്ലെന്നതാണു ശ്രദ്ധേയം. രാജ്യത്താകമാനം കോണ്‍ഗ്രസ് പരക്കെ പരാജയം ഏറ്റുവാങ്ങിയെങ്കിലും ഇനിയെങ്കിലും പാര്‍ട്ടിയെ രക്ഷിക്കാന്‍ ഒരു നേതാവ് ഉയര്‍ന്നു വരുമെന്ന ചിന്ത എങ്ങുമെത്താതെ ബാക്കി നില്‍ക്കുന്നു.
രാജ്യത്തിനായാലും മതത്തിനായാലും രാഷ്ട്രീയ കക്ഷിക്കായാലും സംഘടനയ്ക്കായാലും ശരിയായി നയിക്കണമെങ്കില്‍ തലപ്പത്ത് നല്ലൊരു നേതാവു വേണം. കോണ്‍ഗ്രസിന് അങ്ങനെയൊരു നേതാവാണ് ഇന്നാവശ്യം. പുതിയൊരു നേതാവിനെക്കുറിച്ച് ആരും ഒന്നും മിണ്ടിയതേയില്ല. രാഹുല്‍ഗാന്ധി തന്നെ തുടരട്ടെ എന്ന ചിന്ത എല്ലാവരും അംഗീകരിച്ചതു പോലെയായിരുന്നു ശിബിരത്തിന്റെ പോക്ക്.
തുടര്‍ച്ചയായി രണ്ടാം തവണയും ഭരണം കരസ്ഥമാക്കിയ ബി.ജെ.പിയെ നേരിടാന്‍ വേണ്ടിയാണ് ഒരു ചിന്തന്‍ ശിബിരത്തിലൂടെ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചതെന്ന കാര്യം നേര്.
അങ്ങേപ്പുറത്ത് ശത്രു പാളയത്തിലേക്കൊന്നു നോക്കിയാല്‍ അവിടുത്തെ ശക്തി സന്നാഹങ്ങളെക്കുറിച്ചു മനസിലാവും. എണ്ണയിട്ട യന്ത്രം പോലെയാണ് ബി.ജെ.പിയുടെ സംഘടനാ സംവിധാനം. ഒരിടത്തും പാര്‍ട്ടിയില്‍ മുറുമുറുപ്പോ അഭിപ്രായഭിന്നതയോ ഇല്ല. തികഞ്ഞ കേഡര്‍ സംവിധാനത്തിന്റെ കെട്ടുറപ്പും കരുത്തും എല്ലാ തലത്തിലും കാണാം.
പുറമെയാണ് രാഷ്ട്രീയ സ്വയം സേവക് സംഘ് എന്ന ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനം. രാഷ്ട്ര നിര്‍മാണത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ ആര്‍.എസ്.എസിന് പരസ്യമായ രാഷ്ട്രീയമില്ലെന്നാണു വയ്പ്പ്. എങ്കിലും കാര്യത്തോടടുക്കുമ്പോള്‍ ബി.ജെ.പിക്കൊപ്പം ആര്‍.എസ്.എസും ആര്‍.എസ്.എസിനൊപ്പം ബി.ജെ.പിയുമുണ്ടാവും. ഒന്നു രാഷ്ട്രീയ സംഘടന മറ്റേത് ഹൈന്ദവ സംഘടന. ഇതു രണ്ടും കൂടി ചേര്‍ന്നാലുണ്ടാവുന്ന ശക്തി ഒന്നു വേറെ തന്നെയാണ്.ഈ രണ്ടു വന്‍ ശക്തികള്‍ക്കും പുറമെയാണ് വിശ്വഹിന്ദു പരിഷത് പോലെ പലതരം സംഘ്പരിവാര്‍ സംഘടനകള്‍. ഇവയുടെയെല്ലാം പ്രവര്‍ത്തനഫലം ആത്യന്തികമായി കിട്ടുന്നത് ബി.ജെ.പിക്കാണ് പ്രത്യേകിച്ച് തെരഞ്ഞെടുപ്പു വേളകളില്‍.
തികഞ്ഞ പ്രൊഫഷണല്‍ സംവിധാനമുള്ള പാര്‍ട്ടിയാണ് ബി.ജെ.പി എന്ന കാര്യവും ശ്രദ്ധിക്കണം. കൃത്യമായി തെരഞ്ഞെടുപ്പു നടത്തുന്ന പാര്‍ട്ടി. പതിവായി നേതാക്കളെ തെഞ്ഞെടുക്കുന്ന പാര്‍ട്ടി.
അതുകൊണ്ടു തന്നെ സംഘടനയുടെ കെട്ടുറപ്പ് ഉറപ്പു വരുത്തുന്ന പാര്‍ട്ടി. അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേദികളുള്ള പാര്‍ട്ടി. എല്ലാറ്റിനുമുപരി കുടുംബാധിപത്യത്തിനു ഒരു വിലയും നല്‍കാത്ത പാര്‍ട്ടി.
അതിനുമപ്പുറത്ത് അതികായനായി നില്‍ക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. തൊട്ടു താഴെ അമിത്ഷായെപ്പോലെയുള്ള നേതാക്കള്‍. ബി.ജെ.പിയുടെ ഭരണത്തിലുള്ള സംസ്ഥാനങ്ങള്‍ നല്‍കുന്ന കരുത്തു വേറെയും.
ഇതെല്ലാം കൂടി നോക്കുമ്പോഴാണ് കോണ്‍ഗ്രസ് എത്ര കണ്ടു പുറകിലാണെന്നു മനസിലാവുക. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശ് രണ്ടാം തവണയും ബി.ജെ.പിയുടെ കൈയിലായിരിക്കുന്നു. കോണ്‍ഗ്രസ് ഭരണം കൈയാളിയിരുന്ന പഞ്ചാബ് ഭരണം ആം ആദ്മി പാര്‍ട്ടി പിടിച്ചെടുക്കുകയും ചെയ്തു. കര്‍ണാടക, മധ്യപ്രദേശ്, ഗോവ എന്നിങ്ങനെ കോണ്‍ഗ്രസിന്റെ കുത്തകളായിരുന്ന സംസ്ഥാനങ്ങളൊക്കെയും കൈവിട്ടു പോയിരിക്കുന്നു.
ഇതൊന്നും മനസിലാക്കാതെയല്ല കോണ്‍ഗ്രസ് നേതൃത്വം ചിന്തന്‍ ശിബിരം നടത്താന്‍ ഇന്‍ഡോറിലെത്തിയത്. വിഷയമെന്തെന്നു നേതാക്കള്‍ക്കൊക്കെയറിയാം. ഗ്രൂപ്പ്-23 നേതാക്കള്‍ എല്ലാം പഠിക്കുകയും തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. പക്ഷെ സംഘടനാ നേതൃത്വത്തില്‍ കാര്യമായൊരു അഴിച്ചുപണി നടത്താന്‍ നേതാക്കള്‍ ഒരുക്കമല്ല. ഗാന്ധി കുടുംബത്തെ കൈവിട്ടു കൊണ്ടൊരു കളികളിക്കാന്‍ കോണ്‍ഗ്രസിലാരും തയാറല്ലെന്നു സാരം.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തിന്റെ കൈയ്പ്പറിഞ്ഞ് വേദി വിട്ടതാണു രാഹുല്‍ ഗാന്ധി. പക്ഷെ ഇപ്പോഴും പാര്‍ട്ടി അദ്ദേഹത്തിന്റെ ചൊൽപടിയില്‍ തന്നെ. ഗാന്ധി കുടുംബത്തിന്റെ ആശ്രിതര്‍ക്കു മാത്രമേ നേതൃത്വത്തില്‍ സ്ഥാനമുള്ളൂ. സ്ഥാനമൊന്നുമില്ലാത്ത രാഹുല്‍ ഗാന്ധി തന്നെ എല്ലാ നേതാക്കളെയും വരുതിയില്‍ നിര്‍ത്തുന്നു.
ഒാഗസ്റ്റില്‍ സംഘടനാ തെരഞ്ഞെടുപ്പു നടക്കുമ്പോള്‍ രാഹുല്‍ ഗാന്ധി വീണ്ടും പ്രസിഡൻ്റാകും. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പു നേരിടാന്‍ രാഹുല്‍ ഗാന്ധി തന്നെ മുന്നിട്ടിറങ്ങും. കഴിഞ്ഞ തെരഞ്ഞെടുപ്പിലേപ്പോലെ വിഷയങ്ങള്‍ അവതരിപ്പിക്കും. മോദിയെയും ബി.ജെ.പിയെയും എതിര്‍ക്കും. അധിക്ഷേപിക്കും. അപ്പോഴും ഫലം പഴയതു തന്നെയായിരിക്കും. 2019-ലെ തെരഞ്ഞെടുപ്പുപോലെ. യു.പിയിലെയും പഞ്ചാബിലെയും നിയമസഭാ തെരഞ്ഞെടുപ്പു പോലെ. എന്തിന്, കേരള നിയമസഭയിലേക്കു കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പു പോലെ.
കോണ്‍ഗ്രസിനു വേണ്ടത് പുതിയ നേതാവാണ്. പുതിയ നേതൃത്വമാണ്. പുതിയ മുദ്രാവാക്യമാണ്. പഴയ നേതൃത്വം പഴയ കാലത്തെ പ്രവര്‍ത്തന രീതികള്‍ മാത്രമേ തുടരുകയുള്ളൂ. എങ്കില്‍ പഴയ കാലത്തെ ഫലങ്ങള്‍ മാത്രമേ കിട്ടുകയുള്ളൂ എന്നും ഓര്‍ക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."