ചട്ടം ഭേദഗതി ചെയ്തില്ല ; പ്ലസ്ടു തസ്തിക മാറ്റം നിയമക്കുരുക്കിലേക്ക്
ടി. മുംതാസ്
കോഴിക്കോട്
സർക്കാർ ഉത്തരവ് പ്രകാരം ചട്ടത്തിൽ ഭേദഗതിവരുത്താത്തതിനാൽ ഹയർ സെക്കൻഡറിയിലെ തസ്തികമാറ്റം വഴിയുള്ള നിയമനം നിയമക്കുരുക്കിലേക്ക്.
ചട്ടം ഭേദഗതി ചെയ്യുകയോ നിലവിലെ രീതിയിൽ തന്നെ നിയമനം നടത്തുകയോ വേണമെന്ന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിധി അവഗണിച്ച് സർക്കാർ നിയമന നടപടികളുമായി മുന്നോട്ടു പോകുകയാണ് ഇപ്പോൾ.
2001ലെ ഹയർസെക്കൻഡറി സ്പെഷൽ റൂൾ പ്രകാരം ഓരോ വിഷയത്തിലെയും ജൂനിയർ തസ്തികയുടെ 25ശതമാനം ഹൈസ്‌കൂൾ, പ്രൈമറി അധ്യാപകർക്ക് നൽകണം. പി.ജിയും സെറ്റും ഉള്ള ഹൈസ്‌കൂൾ അധ്യാപകർക്കാണ് തസ്തികമാറ്റം വഴി നിയമനത്തിന് മുൻഗണന.
അവരുടെ അഭാവത്തിൽ പ്രൈമറി അധ്യാപകർക്കു നൽകും. എന്നാൽ ഹൈസ്‌കൂൾ അധ്യാപകരുടെ അഭാവത്തിൽ മാത്രം നിയമനം എന്ന വ്യവസ്ഥ തങ്ങളുടെ അവസരം നഷ്ടപ്പെടുത്തുമെന്ന പ്രൈമറി അധ്യാപകരുടെയും മറ്റും പരാതി പരിഗണിച്ച് അവർക്കു കൂടി ഹയർ സെക്കൻഡറിയിലേക്ക് അവസരം ലഭിക്കും വിധം സർക്കാർ നേരത്തെ ഉത്തരവിറക്കിയിരുന്നു.
2015 ഡിസംബർ ഒന്നിലെ ഉത്തരവ് പ്രകാരം ഹൈസ്‌കൂൾ അധ്യാപകർ, പ്രൈമറി അധ്യാപകർ, ലാബ് അസിസ്റ്റന്റ്, വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർ എന്നിവർക്ക് 70:20:5:5 അനുപാതത്തിലാണ് ഹയർസെക്കൻഡറിയിലേക്ക് തസ്തിക മാറ്റം ലഭിക്കുക. എന്നാൽ ഇതിനായി സ്‌പെഷൽ റൂളിൽ ഇതുവരെ മാറ്റം വരുത്തിയിട്ടില്ല.
അതിനിടെ ചട്ടം ഭേദഗതി വരുത്താതെ 70:20:5:5 അനുപാത പ്രകാരം നിയമനം നടത്തുന്നതിനെതിരേ തസ്തിക മാറ്റത്തിന് അർഹതയുള്ള ചില ഇംഗ്ലീഷ് അധ്യാപകർ ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. ഇതിനെത്തുടർന്ന്ാണ് ചട്ടം ഭേദഗതി ചെയ്യുകയോ നിലവിലെ രീതിയിൽ തന്നെ നിയമനം നടത്തുകയോ വേണമെന്ന് ട്രൈബ്യൂണൽ വിധിച്ചത്.എന്നാൽ ഇൗ വിധി വിധി മാനിക്കാതെയാണ് തസ്തിക മാറ്റത്തിന് കഴിഞ്ഞ ദിവസം സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കിയത്.
ഇംഗ്ലീഷ് അധ്യാപകരായിരുന്നു ട്രൈബ്യൂണലിനെ സമീപിച്ചിരുന്നത് എന്നതിനാൽ ഇത്തവണ നേരത്തെ വിജ്ഞാപനത്തിൽ ഉണ്ടായിരുന്ന 50 ഇംഗ്ലീഷ് അധ്യാപക ഒഴിവുകൾ അപേക്ഷകരെ വിളിച്ചപ്പോൾ അപ്രത്യക്ഷമായതായും അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടി നിയമ നടപടികൾക്ക് ഒരുങ്ങുകയാണ് ഒരു കൂട്ടം അധ്യാപകർ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."