അപ്രതീക്ഷിത മഴ ; വില തകർന്ന് കൈതച്ചക്ക; കർഷകർ പ്രതിസന്ധിയിൽ
മൂവാറ്റുപുഴ
പ്രതീക്ഷിക്കാതെ പെയ്ത മഴയിൽ കൈതച്ചക്ക വിളവെടുക്കാനാകാതെ കർഷകർ. വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിലും കൈതച്ചക്ക വാങ്ങാനാളില്ലാതെ കെട്ടിക്കിടക്കുകയാണ്. ആയിരക്കണക്കിന് ടൺ കൈതച്ചക്കയാണ് കൃഷിയിടത്തിൽ കിടന്ന് നശിക്കുന്നത്. ചീഞ്ഞ കൈതച്ചക്ക കുഴിച്ചിടേണ്ട ഗതികേടിലാണ് കർഷകരും കച്ചവടക്കാരും.
പഴം കൈതച്ചക്കയുടെ വിപണി മുഖ്യമായും കേരളം തന്നെയാണ്. ഫ്രൂട്ട് സ്റ്റാളുകളിലും വഴിയോരത്തും മറ്റുമാണ് കൈതച്ചക്ക ചെലവായിരുന്നത്. മഴ ശക്തമായതോടെ ഈ കച്ചവടം നിലച്ചത് കർഷകരെ ദുരിതത്തിലാക്കി.
കിലോക്ക് 10 രൂപ പോലും വിലയില്ല. വാങ്ങാനാരും എത്തുന്നുമില്ലെന്ന് വാഴക്കുളത്തെ വ്യാപാരികൾ പറയുന്നു.
പച്ച കൈതച്ചക്കക്ക് 30 രൂപ വരെ മൊത്തവിലയുണ്ട്. കർണാടക, മഹാരാഷ്ട്ര, രാജസ്ഥാൻ, ഡൽഹി, ഗുജറാത്ത് സംസ്ഥാനങ്ങളിലേക്കാണ് മുഖ്യമായും പച്ച പൈനാപ്പിൾ കയറ്റുമതി.
റമദാൻ മാസത്തിൽ 50 രൂപ വരെ വിലയുണ്ടായിരുന്ന കൈതച്ചക്ക വിലയാണ് കാലാവസ്ഥ മാറിയപ്പോൾ തകിടംമറിഞ്ഞത്. റമദാന് മുമ്പ് 35-40 ശരാശരി വിലയുണ്ടായിരുന്നു. പഴം കൈതച്ചക്ക ഉൽപാദനം വർധിച്ച സമയത്താണ് തിരിച്ചടി നേരിടുന്നത്. ഇപ്പോൾ കൈതച്ചക്ക തോട്ടത്തിൽ തനിയേ വിളഞ്ഞ് പഴുക്കുന്ന സമയമാണെന്നു കർഷകർ പറയുന്നു. വാഴക്കുളം അഗ്രോ പ്രോസസിങ് കമ്പനിയിൽ പൈനാപ്പിൾ സംസ്കരണം കാര്യമായി നടക്കുന്നില്ലാത്തതിനാൽ അവിടെയും കൈതച്ചക്ക സംഭരിക്കുന്നില്ലെന്ന് കർഷകർ പറയുന്നു. ഇതുമൂലം ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർ നേരിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."