HOME
DETAILS
MAL
വാക്കിലും പ്രവൃത്തിയിലും വര്‍ഗീയരാഷ്ട്രീയത്തിനെതിരായ പോരാട്ടം സംഘ്പരിവാര്‍ നുണപ്രചാരണത്തിന്റെ മുനയൊടിച്ച സതീശന്‍
backup
May 23 2021 | 04:05 AM
കൊച്ചി: വര്‍ഗീയതയ്‌ക്കെതിരേ സുവ്യക്തമായ നിലപാട് വാക്കിലും പ്രവൃത്തിയിലും പാലിക്കുന്ന നേതാവാണ് വി.ഡി സതീശന്‍.
പറവൂര്‍ നിയമസഭാ മണ്ഡലത്തില്‍നിന്ന് തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഒരിക്കല്‍ പോലും ഏതെങ്കിലും വര്‍ഗീയകക്ഷികളുമായി സന്ധി ചെയ്തതായി എതിരാളികള്‍ പോലും ആരോപണമുന്നയിച്ചിട്ടില്ല.
കേരളത്തില്‍ ശബരിമല, ഗുരുവായൂര്‍ പോലുള്ള പ്രധാന ക്ഷേത്രങ്ങളില്‍നിന്നുള്ള വരുമാനം സംസ്ഥാന ഖജനാവിലേക്കാണ് ചെല്ലുന്നതെന്നും ഈ തുക സംസ്ഥാന സര്‍ക്കാര്‍ പൊതുകാര്യങ്ങള്‍ക്കായി ചെലവഴിക്കുന്നുവെന്നുമുള്ള സംഘ്പരിവാറിന്റെ കാലങ്ങളായുള്ള നുണപ്രചാരണത്തിന്റെ മുനയൊടിച്ചത് വി.ഡി സതീശനാണ്. പിന്നീടങ്ങോട്ട് സംഘ്പരിവാറിന്റെ വര്‍ഗീയ പ്രചാരണങ്ങളുടെയെല്ലാം അടിസ്ഥാനം ഇത്തരം നുണകളാണെന്ന് തിരിച്ചറിയാന്‍ കാരണമായത് സതീശന്റെ ഇടപെടലായിരുന്നു.
2015ല്‍ നിയമസഭയില്‍ സബ്മിഷനിലൂടെയാണ് സതീശന്‍ ഈ വിഷയമുന്നയിച്ചത്. സംസ്ഥാന സര്‍ക്കാരുകള്‍ ക്ഷേത്രസ്വത്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്നും മുസ്‌ലിം , ക്രിസ്ത്യന്‍ ആരാധനാലയങ്ങളില്‍നിന്നുള്ള വരുമാനം ഇത്തരത്തില്‍ ഉപയോഗിക്കുന്നില്ലെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ആരോപിച്ചിരുന്നു.
എന്നാല്‍ ക്ഷേത്രങ്ങളില്‍നിന്നുള്ള വരുമാനം പൊതുഖജനാവിലേക്ക് വരുന്നില്ലെന്നു മാത്രമല്ല, ക്ഷേത്രങ്ങളുടെ വികസനത്തിനായി 2011ല്‍ അധികാരത്തിലേറിയ യു.ഡി.എഫ് സര്‍ക്കാര്‍ 2015 വരെ 231.8 കോടി രൂപ ചെലവഴിച്ചതായും അന്ന് ദേവസ്വം മന്ത്രിയായിരുന്ന വി.എസ് ശിവകുമാര്‍ നിയമസഭയില്‍ മറുപടി നല്‍കി. ക്ഷേത്രങ്ങളില്‍നിന്നുള്ള വരുമാനം ദേവസ്വം ബോര്‍ഡുകളിലേക്കോ അതാത് ക്ഷേത്രങ്ങളുടെ അക്കൗണ്ടുകളിലേക്കോ ആണ് എത്തുകയെന്നും മന്ത്രി മറുപടിയായി പറഞ്ഞു.
നിയമസഭയില്‍ ദേവസ്വംമന്ത്രി തന്നെ ഈ മറുപടി നല്‍കിയതോടെ സംഘ്പരിവാറിന് വലിയ തിരിച്ചടിയാകുകയായിരുന്നു. സമൂഹമാധ്യമങ്ങളും ഏറ്റെടുത്തതോടെ വിഷയം ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."