ഹനിക്കപ്പെടുന്ന ന്യൂനപക്ഷാവകാശങ്ങൾ
റസാഖ് ആദൃശ്ശേരി
ഇന്ത്യൻ ഭരണഘടന ന്യൂനപക്ഷങ്ങൾക്ക് അനുവദിച്ച അവകാശങ്ങൾ ദിനംപ്രതി രാജ്യത്ത് ഇല്ലാതാക്കുകയും അവർക്ക് നേരെയുള്ള അക്രമങ്ങൾ ശക്തമാക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. പ്രത്യേകിച്ച് മുസ്‌ലിംകൾക്കെതിരേ അവരുടെ സാമൂഹികവും സാമ്പത്തികവുമായ ജീവിതത്തെ ബാധിക്കുന്ന നിരവധി അക്രമസംഭവങ്ങൾ തീവ്രവലതുപക്ഷ, ഹിന്ദുത്വ ഗ്രൂപ്പുകൾ നടത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഈദിന്റെ തലേ ദിവസം, താരതമ്യേന സമാധാനപരമായ ജോധ്പൂരിൽ പോലും വർഗീയ സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ഇത് അവിടെ നീണ്ട കർഫ്യു ഏർപ്പെടുത്തുന്നതിലേക്ക് നയിച്ചു. റമദാനിൽ കർണാടകയിൽ മുസ്‌ലിം മാമ്പഴവ്യാപാരികൾ, വഴിയോര കച്ചവടക്കാർ, ടൂർ ഓപറേറ്റർമാർ, ഇറച്ചിക്കടയുടമകൾ എന്നിവരെ ബഹിഷ്‌കരിക്കാൻ തീവ്രഹിന്ദുത്വ ഗ്രൂപ്പുകൾ ആഹ്വാനം ചെയ്യുകയും അതിനു സോഷ്യൽ മീഡിയയിൽ വൻപ്രചാരണം നൽകുകയും ചെയ്തു. ഹൈന്ദവ മതപരമായ ഉത്സവങ്ങളിൽ ക്ഷേത്രങ്ങൾക്ക് ചുറ്റും കച്ചവടം നടത്താൻ മുസ്‌ലിംകളെ സമ്മതിച്ചില്ല. മുസ്‌ലിംകളെ തകർക്കാൻ സാമ്പത്തിക ബഹിഷ്‌കരണത്തിനാണ് കോപ്പുകൂട്ടിയത്.
ഒരു സമൂഹത്തെ തകർക്കാൻ സാമ്പത്തിക ബഹിഷ്‌കരണതന്ത്രം പുതിയതല്ല. ബഹിഷ്‌കരണങ്ങൾ ചരിത്രം മാറ്റിമറിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി ബ്രിട്ടീഷ് ചരക്കുകളും സ്ഥാപനങ്ങളും ബഹിഷ്‌കരിക്കാൻ സ്വാതന്ത്ര്യസമരകാലത്ത് ആഹ്വാനം ചെയ്യുകയും ബ്രിട്ടീഷുകാർക്ക് വേണ്ടി പ്രവർത്തിക്കുന്നത് നിർത്താൻ സിവിൽ സേവകരോടു ആവശ്യപ്പെടുകയും ചെയ്തു. ബ്രിട്ടീഷ് ഉൽപന്നങ്ങൾ ബഹിഷ്‌കരിച്ചും ഉദ്യോഗങ്ങളിൽ നിന്ന് രാജിവച്ചുമുള്ള ആ സമരം ഇംഗ്ലീഷുകാരെ കുറച്ചൊന്നുമല്ല പ്രയാസപ്പെടുത്തിയത്. എന്നാൽ ഇന്ന് ഇന്ത്യയിൽ നാം കാണുന്നത് ഒരു കൂട്ടം ഇന്ത്യക്കാർ 'ബഹിഷ്‌കരണം' ഉപയോഗിച്ച് മറ്റൊരു കൂട്ടം ഇന്ത്യക്കാരെ സാമ്പത്തികമായി ഒതുക്കാൻ വേണ്ടി പ്രയത്‌നിക്കുന്നതാണ്.
ദലിത് സമൂഹത്തോടു സവർണ വിഭാഗം സ്വീകരിച്ച അതേനടപടികൾക്ക് ഇന്നു മുസ്‌ലിംകളും വിധേയമായിക്കൊണ്ടിരിക്കുകയാണ്. അയിത്തത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ തൊഴിൽ വേർതിരിവ് നടത്തിയും അർഹമായ കൂലി കൊടുക്കാതെയുമുള്ള അനീതിമൂലം ദലിതർ ഇപ്പോഴും പിന്തള്ളപ്പെട്ടവരുടെ കൂട്ടത്തിൽ നിലകൊള്ളുന്നു. സവർണ വിഭാഗം ഉണ്ടാക്കിയെടുത്ത ഈ രൂപകൽപനയുടെ ബലത്തിൽ, ദലിതർ ചരിത്രപരമായി കുറഞ്ഞ വേതനമുള്ള തൊഴിലുകളിലേക്ക് സ്ഥിരമായി തള്ളപ്പെടുന്നു. മുസ്‌ലിംകൾക്കെതിരേ സമാനമായ പ്രവണതയാണിന്ന് ദൃശ്യമാകുന്നത്. തൊഴിൽരംഗത്ത് മതത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനം അവർ അനുഭവിക്കുന്നു. ഡൽഹിയിലും മറ്റും ജോലിക്കുള്ള അഭിമുഖങ്ങളിൽ പലപ്പോഴും മുസ്‌ലിംകൾ യോഗ്യതയുണ്ടായിട്ടും തള്ളപ്പെടുന്നതായും അവിടങ്ങളിൽ ഉയർന്ന ജാതിപ്പേരുള്ളവരെ നിയമിക്കുകയും ചെയ്യുന്നതായി തൊഴിൽ രംഗത്തെ ചില പഠനങ്ങൾ വ്യക്തമാക്കുന്നു.
മുസ്‌ലിംകൾക്കെതിരേ ഇപ്പോൾ നടക്കുന്ന അക്രമങ്ങൾ മുൻകാലങ്ങളിൽനിന്ന് വളരെ വ്യത്യസ്തമാണെന്നും ഇന്ത്യ വംശഹത്യയുടെ ഘട്ടത്തിലേക്ക് കടന്നേക്കാമെന്നും ചില വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുസ്‌ലിം ഉന്മൂലനം മാത്രമല്ലല്ലോ വംശഹത്യ. ഇന്ത്യയിൽ അത് സാധ്യവുമല്ല. കാരണം 20 കോടിയിലേറെ വരുന്ന മുസ്‌ലിം സമൂഹത്തെ ഇല്ലാതാക്കാൻ എത്ര ശ്രമിച്ചാലും സാധ്യമാവില്ല. അതേസമയം, മുസ്‌ലിംവിരുദ്ധ കലാപങ്ങളും കൂട്ടക്കൊലകളും നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നതും സാമൂഹികമായും സാംസ്‌കാരികമായും സാമ്പത്തികമായും അവരെ തകർക്കാൻ ശ്രമിക്കുന്നതും രണ്ടാംതരം പൗരന്മാരാക്കി അവഗണിക്കുന്നതുമെല്ലാം വംശഹത്യയുടെ മറ്റൊരു രൂപം തന്നെയാണ്.
മുസ്‌ലിംകളുടെ സ്വത്വം, ഉപജീവന മാർഗം, സംസ്‌കാരം, മതപരമായ ആചാരങ്ങൾ എന്നിവയ്ക്കെതിരായ അക്രമം നിരന്തരം അരങ്ങേറുമ്പോൾ രാജ്യത്തിന്റെ ഭരണഘടന അംഗീകരിച്ചതിനു ശേഷം രാഷ്ട്രത്തിന്റെ പൂർവപിതാക്കൾ 'വിഭാവനം ചെയ്ത ഇന്ത്യ' എന്ന ആശയത്തിലേക്കു നോക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. ഹിന്ദുത്വവാദികൾ അംഗീകരിക്കുന്ന ദേശീയ പുരുഷനാണ് സർദാർ വല്ലഭഭായ് പട്ടേൽ. 1930ലെ കറാച്ചി കോൺഗ്രസിന്റെ അധ്യക്ഷനായിരിക്കെ പട്ടേൽ പ്രഖ്യാപിച്ചു- 'ഒരു ഹിന്ദുവായിത്തന്നെ ന്യൂനപക്ഷങ്ങൾക്ക് സ്വദേശി ഫൗണ്ടൻ പേനയും കടലാസും ഞാൻ നൽകും. അതിൽ അവരുടെ ആവശ്യങ്ങൾ അവർ രേഖപ്പെടുത്തട്ടെ, അതേപോലെ അംഗീകരിക്കാൻ ഞാൻ തയാറാണ്. ഭാവി ഭരണഘടനയിൽ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരമുണ്ടാവുമെന്നു കോൺഗ്രസിന്റെ ഈ സമ്മേളനം മുസ്‌ലിംകൾ, സിഖുകാർ തുടങ്ങിയ എല്ലാ ന്യൂനപക്ഷങ്ങൾക്കും ഉറപ്പ് നൽകുന്നു'. ഈയുറപ്പിനു വല്ല വിലയും കൽപ്പിക്കുന്നുവെങ്കിൽ മതന്യൂനപക്ഷങ്ങൾക്ക് നേരെ ഇത്തരം ആക്രമണങ്ങളും വിവേചനങ്ങളും നടക്കുമോ?
ഇന്ത്യൻ ഭരണഘടനയിൽ മൗലികാവകാശങ്ങൾ വിവരിക്കുന്ന മൂന്നാം അധ്യായത്തിൽ കൊടുത്തിട്ടുള്ള 14 മുതൽ 18 വരെയുള്ള അനുച്ഛേദങ്ങൾ ഇന്ത്യൻ പൗരന്മാർക്ക് തുല്യതയ്ക്കുള്ള അവകാശം (Right to equality) ഉറപ്പു നൽകുന്നവയാണ്. ഇതിൽ 14ാം അനുച്ഛേദമനുസരിച്ച് രാജ്യത്തെ എല്ലാ പൗരന്മാരും നിയമത്തിന്റെ മുമ്പിൽ സമൻമാരാണെന്നും എല്ലാവർക്കും തുല്യസംരക്ഷണം ഉറപ്പുവരുത്തുന്നുവെന്നും പറയുന്നു. 15ാം അനുച്ഛേദമനുസരിച്ച് ജാതി, മതം, വംശം, ജനിച്ച പ്രദേശം, ലിംഗം എന്നിവയുടെ അടിസ്ഥാനത്തിൽ പൗരന്മാരുടെ കാര്യത്തിൽ യാതൊരു വിവേചനവും പാടില്ല എന്നു വ്യവസ്ഥ ചെയ്തിരിക്കുന്നു. എന്നാൽ ഇന്ന് ഇന്ത്യയിൽ ഭരണഘടനയുടെ ഈ വകുപ്പുകൾക്ക് എന്ത് വിലയാണുള്ളത്?
ന്യൂനപക്ഷങ്ങളോട് വർധിച്ചുവരുന്ന അസഹിഷ്ണുത, ഭരണകക്ഷിയിൽപെട്ട നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങൾ, പൊതുഅധികാരികളുടെ അനാസ്ഥ എന്നിവയെല്ലാമാണ് ഇന്ത്യയിലിന്നു നടന്നുകൊണ്ടിരിക്കുന്നത്. ഇത് ഭരണഘടന ന്യൂനപക്ഷങ്ങൾക്ക് നൽകിയ അവകാശങ്ങൾക്ക് ഒരു വിലയും ഇല്ലാതാക്കുന്നു. ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും വ്യക്തിഗത തിരഞ്ഞെടുപ്പുകളുടെയും പേരിൽ ഒരു വിഭാഗത്തെ അക്രമിക്കാൻ ഭരണകൂടവും പിന്തുണക്കുന്നവരും ചേരുമ്പോൾ ഭരണഘടനയുടെ അതിരുകൾക്ക് നിറം മങ്ങുന്നു. ബ്രിട്ടീഷ് ചരിത്രകാരനായ ലോർഡ് ആക്ടൺ സൂചിപ്പിച്ചതു പോലെ 'ജനാധിപത്യത്തിന്റെ നിലവിലുള്ള ഒരു തിന്മ ഭൂരിപക്ഷത്തിന്റെ സ്വേച്ഛാധിപത്യമാണ്. ജനാധിപത്യത്തിൽ സ്വാതന്ത്ര്യത്തിന്റെ അടയാളം ന്യൂനപക്ഷങ്ങളുടെ സുരക്ഷയാണ്'.
ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം വർഗീയ കലാപങ്ങൾ 2019ൽ 438 ആയിരുന്നത് 2020ൽ 857 ആയി ഉയർന്നു. അക്രമത്തിന്റെ രൂപങ്ങളിൽ സാമൂഹികവും സാമ്പത്തികവും സാമുദായികവും ഉൾപ്പെടുന്നു. ഇക്കൂട്ടത്തിൽ ആൾക്കൂട്ട കൊലപാതകങ്ങൾ വരെയുണ്ട്. കേന്ദ്രത്തിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി അധികാരത്തിലെത്തിയതിനുശേഷം വിദ്വേഷ കുറ്റകൃത്യങ്ങൾ വർധിച്ചതായിട്ടാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
ഭരണഘടനയിൽ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ള നിരവധി വ്യവസ്ഥകൾ അടങ്ങിയിരിക്കുന്നു. കൂടാതെ, ഇന്ത്യൻ സമൂഹത്തിന്റെ ഐക്യവും സാഹോദര്യവും സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനത്തിന് അത് ജീവൻ നൽകുകയും ചെയ്യുന്നു. എന്നിട്ടും ഭരണഘടനാപരമായ റിപ്പബ്ലിക് ഉദ്ഘാടനം ചെയ്യപ്പെട്ട് ഏഴ് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ അന്യവൽക്കരിക്കപ്പെടുന്നു. വർധിക്കുന്ന അക്രമങ്ങൾക്കിടയിൽ ഭരണഘടനാസിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള അന്തരം ഭരണഘടനയിൽ വിശ്വസിക്കുന്ന എല്ലാവരെയും ആശങ്കപ്പെടുത്തുന്നതാണ്. ന്യൂനപക്ഷാവകാശങ്ങൾ പ്രോത്സാഹിപ്പിക്കുകയും അവ സംരക്ഷിക്കുന്നതിന് ഭരണകൂടം ശ്രമം നടത്തുകയും വേണം. ബി.ആർ അംബേദ്കർ പറഞ്ഞത് പോലെ, 'ഒരു ഭരണഘടന എത്ര മികച്ചതാണെങ്കിലും അത് ജനസാമാന്യത്തിന്റെ വിവേകവും അധികാരത്തിലിരിക്കുന്നവരുടെ രാഷ്ട്രീയ ധാർമ്മികതയും ജുഡിഷ്യറിയുടെ സർഗ്ഗാത്മകതയും ഇല്ലാതെ പ്രവർത്തിക്കില്ല.' എന്നാൽ ഇത് പ്രസംഗങ്ങളിൽ ഇന്ന് കാണാൻ കഴിയും. പക്ഷേ പ്രവർത്തനങ്ങളിൽ കാണാനില്ലായെന്നതാണ് ഖേദകരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."