'സവര്‍ക്കറെഅധിക്ഷേപിച്ച് സത്യത്തിന്റെ പോരാട്ടത്തില്‍ വിജയിക്കാന്‍ രാഹുലിന് കഴിയില്ല; 'സാമ്‌ന' എഡിറ്റോറിയല്‍; സവര്‍ക്കറും കുടുബവും രാജ്യത്തിന് വേണ്ടി പണിയെടുത്തവരെന്ന്
മുംബൈ: രാഹുല്‍ ഗാന്ധിയുടെ അയോഗ്യതയില്‍ രാജ്യമെങ്ങും കോണ്‍ഗ്രസിതര പാര്‍ട്ടികള്‍ ഉള്‍പെടെ പ്രതിഷേധം ശക്തമാക്കുമ്പോള്‍ രാഹുലിനെതിരെ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ ശിവസേനയുടെ (ഉദ്ദവ് സേന) മുഖപത്രത്തില്‍ എഡിറ്റോറിയല്‍. വി.ഡി. സവര്‍ക്കറിനെതിരെ അധിക്ഷേപകരമായ പരാമാര്‍ശം നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് സത്യത്തിന്റെ പോരാട്ടത്തില്‍ വിജയിക്കാന്‍ സാധിക്കില്ലെന്നാണ് ശിവസേന(യു.ബി.ടി)യുടെ മുഖപത്രമായ സാമ്‌നയിലെ എഡിറ്റോറിയല്‍. അടിമത്തത്തിനും ബ്രിട്ടീഷ് ഭരണത്തിനുമെതിരെ പോരാടിയ വ്യക്തിയാണ് സവര്‍ക്കറെന്നും രാഹുല്‍ ഗാന്ധിയുടെ അപമാനം പാര്‍ട്ടിക്ക് സഹിക്കുന്നില്ലെന്നും എഡിറ്റോറിയലില്‍ പറയുന്നു.
എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതിന് ശേഷം കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ മാപ്പ് പറയാന്‍ തന്റെ പേര് സവര്‍ക്കര്‍ എന്നല്ല ഗാന്ധിയെന്നാണെന്ന് രാഹുല്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സാമ്‌നയുടെ എഡിറ്റോറിയല്‍.
'എന്റെ പേര് സവര്‍ക്കല്ലെന്ന പ്രസ്താവന രാഹുല്‍ ആവര്‍ത്തിച്ച് നടത്തുന്നുണ്ട്. അത്തരം പ്രസ്താവനകള്‍ നടത്തുന്നതിലൂടെ എന്താണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. എന്നാല്‍ അത്തരം പരാമര്‍ശങ്ങള്‍ കൊണ്ട് ഒരാള്‍ ധൈര്യശാലിയാവുകയോ സവര്‍ക്കറുടെ മേല്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഇല്ലാതാവുകയോ ചെയ്യില്ല- എഡിറ്റോറിയലില്‍ പറയുന്നു.
മഹാവികാസ് അഖാഡിയുടെ ഭാഗമാണെന്നും സവര്‍ക്കര്‍ക്കെതിരായ ഇത്തരം കാഴ്ചപ്പാടുകള്‍ ഒരിക്കലും അംഗീകരിക്കില്ലെന്ന ശിവസേനയുടെ നിലപാടാണ് എഡിറ്റോറിയല്‍ കാണിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. സഖ്യം രൂപീകരിക്കുന്നതിന് മുമ്പും ശിവസേന രാഹുലിന്റെ ഇത്തരം പ്രസ്താവനകള്‍ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
അപകീര്‍ത്തി കേസ് അനീതിയെങ്കില്‍ രാഹുലിന് എന്താണ് സംഭവിച്ചത്. സവര്‍ക്കറെ അപമാനിച്ചു കൊണ്ട് സത്യത്തിന്റെ പോരാട്ടം രാഹുലിന് ഒരിക്കലും ജയിക്കാനാവില്ല. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരുടെ കുടുംബത്തിലാണ് രാഹുല്‍ ജനിച്ചത്. അതാണ് സത്യം. എന്നാല്‍ സവര്‍ക്കറും കുടുംബവും രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്- എഡിറ്റോറിയല്‍ പറയുന്നു. ഇത്തരം പ്രസ്താവനകള്‍ പാര്‍ട്ടിക്ക് മഹാരാഷ്ട്രയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക മാത്രമാണ് ചെയ്യുകയെന്നും എഡിറ്റോറിയല്‍ കോണ്‍ഗ്രസിന് മുന്നറിയിപ്പ് നല്‍കുന്നു.
വി.ഡി. സവര്‍ക്കര്‍ തങ്ങളുടെ ആരാധനാപാത്രമാണെന്നും അദ്ദേഹത്തെ അപമാനിക്കുന്നത് ക്ഷമിക്കാനാകില്ലെന്നും പറഞ്ഞ് ഉദ്ധവ് താക്കറെയും രംഗത്തെത്തിയിരുന്നു.
സേന (യു.ബി.ടി), കോണ്‍ഗ്രസ്, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി) എന്നീ മൂന്ന് പാര്‍ട്ടികളും ചേര്‍ന്ന് മഹാ വികാസ് അഘാഡി(എം.വി.എ) സഖ്യം രൂപീകരിച്ചത് ജനാധിപത്യം സംരക്ഷിക്കുന്നതിനുവേണ്ടിയാണെന്നും അതിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."