ന്യൂനപക്ഷാവകാശങ്ങള്‍ അനര്‍ഹമായി നേടിയതാര്?
കേരളത്തില്‍ ന്യൂനപക്ഷ ക്ഷേമം എന്ന വകുപ്പുണ്ടാകുന്നത് 2004ലെ മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ സച്ചാര്‍ സമിതി റിപ്പോര്‍ട്ട് പരിഗണിച്ചതിനുശേഷമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ മതന്യൂനപക്ഷമായ മുസ്‌ലിംകള്‍ ഒരേസമയം പിന്നോക്കവും ന്യൂനപക്ഷവും ദരിദ്രരും അരക്ഷിതരുമാണ്. 18 കോടിയിലധികം വരുന്ന മുസ്‌ലിംകളില്‍ ഭൂരിഭാഗവും സാമൂഹികമായ എല്ലാ അടിച്ചമര്‍ത്തലുകളും നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അവരുടെ പിന്നോക്കാവസ്ഥയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് രജീന്ദര്‍ സച്ചാറിന്റെ നേതൃത്വത്തില്‍ ഒരു സമിതിയെ മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ നിയമിക്കുന്നത്. 2005 മാര്‍ച്ച് ഒന്‍പതിനാണ് ഈ കമ്മിറ്റി നിലവില്‍ വന്നത്. സയ്യിദ് ഹാമിദ്, ഡോ. ടി.കെ ഉമ്മന്‍, എം.എ ബാസിത്, ഡോ. അക്തര്‍ മജീദ്, ഡോ. അബൂ സ്വാലിഹ് ഷരീഫ്, ഡോ. രാഗേഷ് ബസന്ത് എന്നിവരായിരുന്നു കമ്മിറ്റിയിലെ മറ്റംഗങ്ങള്‍.
ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും സന്ദര്‍ശിച്ച് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയും മുസ്‌ലിം സംഘടനകളുമായി ചര്‍ച്ച ചെയ്തും വ്യവസ്ഥാപിതമായ മറ്റു മാര്‍ഗങ്ങള്‍ അവലംബിച്ചും വിശദമായി പഠിച്ചാണ് 403 പേജ് വരുന്ന സച്ചാര്‍ സമിതി റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്. നൂറ്റാണ്ടുകള്‍ ഇന്ത്യ ഭരിച്ച മുസ്‌ലിംകള്‍ സ്വാതന്ത്ര്യത്തിനുശേഷം ആദിവാസികളേക്കാളും ദലിതരേക്കാളും പിന്നോക്കമാണെന്ന് സച്ചാര്‍ സമിതി കണ്ടെത്തി. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഭരിച്ച ബംഗാളില്‍ പോലും അവരുടെ സ്ഥിതി തുലോം കഷ്ടമാണ്. ഇതിനൊരു പരിഹാരമായി സച്ചാര്‍ സമിതി സര്‍ക്കാരിനോട് നിര്‍ദേശിച്ചത് വിദ്യാഭ്യാസമില്ലാത്തവര്‍ക്ക് അതിനുള്ള മാര്‍ഗങ്ങള്‍ ഒരുക്കണം, ഉദ്യോഗസ്ഥതലത്തില്‍ മതിയായ പ്രാതിനിധ്യം നല്‍കണം എന്നൊക്കെയാണ്. അത് പ്രകാരമാണ് അലിഗഡ് മുസ്‌ലിം സര്‍വകലാശാലയുടെ അഞ്ച് ഓഫ് കാംപസുകള്‍ ഇന്ത്യയിലെ മുസ്‌ലിം ഭൂരിപക്ഷ ജില്ലകളില്‍ തുടങ്ങാന്‍ തീരുമാനിക്കുന്നത്. അതിലൊന്നാണ് മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ ആരംഭിച്ചത്. അലിഗഡ് നിയമപ്രകാരം ആ യൂനിവേഴ്‌സിറ്റിക്ക് ഓഫ് കാംപസ് പാടില്ലാത്തതാണ്. എന്നാല്‍ നിയമം ഭേദഗതി ചെയ്താണ് ഓഫ് കാംപസുകള്‍ കൊണ്ടുവന്നത്.
ഉദ്യോഗരംഗത്ത് നാമമാത്രമായ പ്രാതിനിധ്യം പോലും മുസ്‌ലിം സമുദായത്തിനില്ലെന്നും സച്ചാര്‍ സമിതി കണ്ടെത്തി. അതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് അഭ്യസ്തവിദ്യരായ മുസ്‌ലിം ചെറുപ്പക്കാര്‍ക്ക് സിവില്‍ സര്‍വിസില്‍ പരിശീലനം നല്‍കുന്നതിന് വേണ്ടി കോച്ചിങ് സെന്ററുകള്‍ സ്ഥാപിക്കാനുള്ള നിര്‍ദേശം. അതുപ്രകാരം ആരംഭിച്ചതാണ് 'സിവില്‍ സര്‍വിസ് കോച്ചിങ് സെന്റര്‍ ഫോര്‍ മുസ്‌ലിം യൂത്ത്‌സ്'.
വിരോധാഭാസമെന്ന് പറയട്ടെ, ഇന്ത്യയില്‍ എല്ലായിടത്തും ഇതിന്റെ പേര് സിവില്‍ സര്‍വിസ് കോച്ചിങ് സെന്റര്‍ ഫോര്‍ മുസ്‌ലിം യൂത്ത്‌സ് എന്നാണെങ്കിലും കേരളത്തിലത് സിവില്‍ സര്‍വില്‍ കോച്ചിങ് സെന്റര്‍ ഫോര്‍ മൈനോരിറ്റി യൂത്ത്‌സ് എന്നാക്കി മാറ്റി. ഇവിടെയും ഒരു വര്‍ഷത്തോളം മുസ്‌ലിം യൂത്ത്‌സ് എന്നായിരുന്നു. മുസ്‌ലിം പ്രമോട്ടര്‍മാരെ നിയമിച്ചിടത്തൊക്കെ മൈനോരിറ്റി പ്രമോട്ടര്‍മാരെ വച്ചു. അതിനുശേഷം ആ തസ്തികതന്നെ എടുത്തുകളഞ്ഞു. ഇങ്ങനെയൊക്കെയായിട്ടും ഒരു മുസ്‌ലിം സംഘടനയും അതില്‍ പരാതി പറഞ്ഞില്ല. 100 ശതമാനം മുസ്‌ലിംകള്‍ക്ക് വേണ്ടി തുടങ്ങിയ കേന്ദ്രത്തില്‍ 20 ശതമാനം മറ്റു പിന്നോക്ക സമുദായങ്ങള്‍ക്ക് നല്‍കിയപ്പോഴും ആരും പ്രതിഷേധിച്ചില്ല. ഇപ്പോള്‍ ക്രിസ്ത്യാനികള്‍ പറയുന്നത് ഈ 80:20 അനുപാതം വിവേചനവും അനീതിയുമാണ്. അത് 50:50 ആക്കണം എന്നാണ്.
ജനസംഖ്യാനുപാതത്തേക്കാള്‍ എത്രയോ കൂടുതല്‍ പ്രാതിനിധ്യമുള്ളവര്‍ നാമമാത്ര പ്രാതിനിധ്യം പോലുമില്ലാത്തവര്‍ക്ക് പരിശീലനം നല്‍കുമ്പോള്‍ അതില്‍ അസഹിഷ്ണുത കാണിക്കുകയാണ്. മുസ്‌ലിം ഗേള്‍സ് സ്‌കോളര്‍ഷിപ്പ് ക്രിസ്ത്യാനിക്ക് വേണമെന്ന് പറയുന്നത് പോലുള്ള അസംബന്ധം മാത്രമാണിത്. കേരളത്തിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന്റെ പ്രശ്‌നങ്ങളെ പറ്റി പഠിക്കാന്‍ ജസ്റ്റിസ് കോശി അധ്യക്ഷനായും ജേക്കബ് പുന്നൂസ് ഉള്‍പ്പെടെ മൂന്ന് ഉന്നതരായ ക്രിസ്ത്യന്‍ ഉദ്യോഗസ്ഥന്മാര്‍ അംഗങ്ങളായുമുള്ള ഒരു സമിതിയെ കഴിഞ്ഞ പിണറായി സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. അതിന്റെ റിപ്പോര്‍ട്ട് വരാനിരിക്കുകയാണ്. ഈ അവസരത്തില്‍ മുസ്‌ലിം വിഭാഗത്തെ ലക്ഷ്യംവച്ചുള്ള ക്രിസ്ത്യന്‍ വര്‍ഗീയത സംഘ്പരിവാര്‍ ഗൂഢാലോചനയാണോ അല്ലെങ്കില്‍ മറ്റാരുടെയെങ്കിലും തലച്ചോറില്‍ നിന്നാണോ ഉണ്ടായതെന്ന് മനസിലാകുന്നില്ല. ഇതിന്റെ ഫലം കേരളത്തെ വര്‍ഗീയ ഭ്രാന്താലയമാക്കും എന്നുറപ്പാണ്.
പൊതുസമൂഹത്തിന്റെ ആഗ്രഹപ്രകാരമാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏറ്റെടുത്തത് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഏതു പൊതുസമൂഹമാണ് ഇങ്ങനെ ആവശ്യപ്പെട്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കേണ്ടതുണ്ട്. എല്ലാ വകുപ്പുകളും സി.പി.എം സംസ്ഥാന കമ്മിറ്റി തീരുമാനിക്കുമ്പോള്‍ ന്യൂനപക്ഷ വകുപ്പില്‍ മാത്രം ഇങ്ങനെ ഒരു തീരുമാനമെടുക്കാന്‍ കാരണമെന്താണ്? ആരോഗ്യമന്ത്രിയായി കെ.കെ ശൈലജ തന്നെ വരണമെന്നായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകരുടേയും പൊതുസമൂഹത്തിന്റേയും ആഗ്രഹം. ഇതും മാറ്റാന്‍ മുഖ്യമന്ത്രി തയാറാവുമോ?
ന്യൂനപക്ഷ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്തിരുന്ന കെ.ടി ജലീലിനെതിരേ, അദ്ദേഹം പ്രസ്തുത വകുപ്പ് ഉപയോഗിച്ച് മുസ്‌ലിം സമുദായത്തിന് വാരിക്കോരി കൊടുക്കുന്നെന്ന് ആരോപണമുന്നയിച്ച് വര്‍ഗീയത പറഞ്ഞുപരത്തിയ കെ.സി.വൈ.എമ്മുകാരുടെ പരാതിയെ പേടിച്ച് ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുമ്പോള്‍ ജലീലിനെതിരേയുള്ള ആരോപണം അംഗീകരിക്കലാണ് ഒരര്‍ഥത്തില്‍ ചെയ്യുന്നത്. ഇങ്ങനെയൊരു ആരോപണത്തെ പ്രതിരോധിക്കാന്‍ ഒരിക്കലും സി.പി.എം മുന്നോട്ടുവന്നിരുന്നില്ല എന്നതും ഈ സമയത്ത് ഓര്‍ക്കേണ്ടതുണ്ട്.
മുന്നോക്ക സമുദായ ക്ഷേമ കോര്‍പറേഷന്‍ എന്ന സമിതിയുള്ള ചുരുങ്ങിയ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. അതിന്റെ ചെയര്‍മാന് കാബിനറ്റ് റാങ്കും മറ്റു സൗകര്യങ്ങളും നല്‍കുമ്പോള്‍ ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ചെയര്‍മാന് ഒരു എക്‌സ്‌ക്യുട്ടീവ് അധികാരം പോലുമില്ല. 26 ശതമാനമാണ് കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ ജനസംഖ്യ. ക്രിസ്ത്യന്‍ സമുദായം 18 ശതമാനവും. ഈ 18 ശതമാനമാണ് കേരളത്തിലെ 60 ശതമാനം വരുന്ന എയ്ഡഡ് സ്‌കൂള്‍, കോളജുകള്‍ നടത്തുന്നത്. 82 ശതമാനം വരുന്നവര്‍ എല്ലാവരും കൂടി നടത്തുന്നത് 40 ശതമാനം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാത്രം. ഉദ്യോഗരംഗത്തെ സ്ഥിതിയും വ്യത്യസ്തമല്ല. ക്രിസ്ത്യന്‍ മാനേജ്‌മെന്റ് നടത്തുന്ന നിരവധി സ്ഥാപനങ്ങളില്‍ അറബി പഠിപ്പിക്കുന്നില്ല. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ മുസ്‌ലിം ഭൂരിപക്ഷമുള്ള ജില്ലകളില്‍ ഒന്നായ മലപ്പുറത്തെ ആസ്ഥാന നഗരിയില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് ജെമ്മാസ് സ്‌കൂളില്‍ 10 മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ഒരു അറബി അധ്യാപകന്‍ എന്ന കേരള എജുക്കേഷല്‍ റൂള്‍ പാലിക്കുന്നേയില്ല. മലപ്പുറത്തെ എല്ലാ ജനപ്രതിനിധികളുടേയും ബില്‍ഡിങ് ഫണ്ട് അടക്കം സഹായം ലഭിക്കുന്ന സ്ഥാപനം കൂടിയാണത്.
മുസ്‌ലിം സമുദായത്തിന് എന്നില്‍ വിശ്വാസമുണ്ടെന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. എന്നാല്‍ എനിക്ക് അവരില്‍ വിശ്വാസമുണ്ടെന്ന് അദ്ദേഹം പറയാതിരുന്നത് ബോധപൂര്‍വമാവാനാണ് സാധ്യത. വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്ക് ഒരു സീറ്റു പോലും നല്‍കാതെ മതേതര കേരളം അതിന്റെ പൈതൃകം നിലനിര്‍ത്തിയതിന് സാക്ഷ്യംവഹിച്ച തെരഞ്ഞെടുപ്പാണ് കഴിഞ്ഞുപോയത്. ഐക്യജനാധിപത്യ മുന്നണിക്ക് കേരളം ഭരിക്കാന്‍ അവസരം കിട്ടാതിരുന്നപ്പോഴും ഏക ആശ്വാസം എല്‍.ഡി.എഫായാലും യു.ഡി.എഫായാലും കേരളം ഭരിക്കുന്നത് ഒരു മതേതര സര്‍ക്കാരാണല്ലോ എന്നതാണ്. ആ വിശ്വാസത്തിന് കോട്ടം തട്ടാതെ കാത്തുസൂക്ഷിക്കാന്‍ പിണറായി വിജയനും എല്‍.ഡി.എഫ് സര്‍ക്കാരിനും ബാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."