മസ്ജിദുല്‍ അഖ്സയില്‍ വീണ്ടും പൊലിസ് അതിക്രമം
ജറൂസലേം: ഫലസ്തീനില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനു പിന്നാലെ ഇസ്റാഈല്‍ അധിനിവേശ പ്രദേശങ്ങളില്‍ തീവ്ര ജൂതഗ്രൂപ്പുകളും ഫലസ്തീനികളും തമ്മില്‍ സംഘര്‍ഷം.
ഇന്നലെയും മസ്ജിദുല്‍ അഖ്സയില്‍ പൊലിസ് അതിക്രമം നടത്തി. പിന്നാലെ നിയന്ത്രണങ്ങളും കൊണ്ടുവന്നു. വെസ്റ്റ്ബാങ്ക്, കിഴക്കന്‍ ജറൂസലേം തുടങ്ങിയ പ്രദേശങ്ങളിലാണ് ഇസ്റാഈല്‍ പിന്തുണയോടെ സംഘര്‍ഷം. ഇതിന്റെ പേരില്‍ നിരവധി ഫലസ്തീന് പൗരന്മാരെ ഇസ്റാഈല്‍ പൊലിസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ വെള്ളിയാഴ്ച ഇസ്റാഈല്‍ സേന കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ച് പ്രകോപനം സൃഷ്ടിച്ച മസ്ജിദുല്‍ അഖ്സ വളപ്പില്‍ തീവ്ര ജൂതഗ്രൂപ്പുകളെ ഇസ്റാഈല്‍ പൊലിസ് സംരക്ഷണത്തോടെ പ്രവേശിപ്പിച്ചു. അതിനിടെ രാവിലെ പള്ളിയില്‍ നിസ്കരിക്കാനെത്തിയവരെ പൊലിസ് മര്‍ദിച്ചതായും ആറു ഫലസ്തീന് പൗരന്മാരെ അറസ്റ്റ് ചെയ്തതായും ഫലസ്തീന് വാര്‍ത്താ ഏജന്‍സി വഫ റിപ്പോര്‍ട്ടു ചെയ്തു.
പൊലിസ് അതിക്രമം ചിത്രീകരിക്കാന്‍ ശ്രമിച്ച പള്ളിയിലെ സുരക്ഷാ ഉദ്യോഗസ്ഥന് ഫദി അല്യാന്, ഇസ്ലാമിക് വഖ്ഫ് കൗണ്‍സില്‍ ഉദ്യോഗസ്ഥന് അലി വസൗസ് എന്നിവരും അറസ്റ്റിലായി. പള്ളിയിലേക്ക് പ്രവേശിക്കാന്‍ 45 വയസില്‍ താഴേയുള്ളവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."