കൊവിഡ് വാര്‍ റൂം നിര്‍ദേശം നടപ്പിലാക്കാതെ തദ്ദേശ സ്ഥാപനങ്ങള്‍
മഞ്ചേരി: കൊവിഡ് വാര്‍ റൂമുകള്‍ തുറക്കാനുള്ള നിര്‍ദേശം നടപ്പാക്കാതെ തദ്ദേശ സ്ഥാപനങ്ങള്‍.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ജാഗ്രതയോടെ കൈകാര്യം ചെയ്യാനും പഞ്ചായത്ത്, നഗരസഭാ പരിധികളില്‍ വാര്‍ റൂം, ക്ലസ്റ്റര്‍ സംവിധാനം, കോര്‍ ടീം എന്നിവ രൂപീകരിക്കാന്‍ നി ര്‍ദേശം നല്‍കിയിരുന്നത്. ചുരുക്കം സ്ഥലങ്ങളില്‍ മാത്രമാണ് ഇത് നടപ്പായത്. മിക്ക ഇടങ്ങളിലും ഡി.സി.സി സെന്ററുകളുടെ പ്രവര്‍ത്തനം മാറ്റിനിര്‍ത്തിയാല്‍ പ്രതിരോധപട്ടികയില്‍ ചേര്‍ക്കാന്‍ ഒന്നുമില്ല. സന്നദ്ധ സംഘടനകളുടെ കനിവിലാണ് തദ്ദേശ സ്ഥാപനങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മേനിനടിക്കുന്നത്. രണ്ട് തവണകളിലായി നിര്‍ദേശം ലഭിച്ചിട്ടും ആവശ്യമായ ക്രമീകരണം ഒരുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ തയാറായില്ല.
തദ്ദേശ സ്ഥാപനത്തിലെ ഫോണ്‍ നമ്പര്‍ നല്‍കി കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും പലയിടത്തും വിളിച്ചാല്‍ ഫോണെടുക്കാന്‍ പോലും ആളില്ല. പഞ്ചായത്ത് തലത്തില്‍ നിശ്ചിത വീടുകള്‍ ഉള്‍പ്പെടുത്തി ക്ലസ്റ്ററുകള്‍ രൂപീകരിക്കണമെന്ന നിര്‍ദേശംപോലും നടപ്പാക്കാത്ത തദ്ദേശ സ്ഥാപനങ്ങളുമുണ്ട്.
ക്ലസ്റ്ററുകളുടെ പ്രത്യേക ചുമതല നോഡല്‍ ഓഫിസര്‍ക്ക് നല്‍കി പ്രതിരോധം ഉറപ്പ് വരുത്താനായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടിരുന്നത്. വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് വിവരങ്ങള്‍ ഏകോപിപ്പിക്കല്‍, രോഗവിവരങ്ങള്‍ ശേഖരിക്കല്‍, രോഗികളേയും നിരീക്ഷണത്തില്‍ കഴിയുന്നവരേയും ബന്ധപ്പെട്ട് ആവശ്യമായ സഹായമെത്തിക്കലും ക്ലസ്റ്ററുകള്‍ക്ക് കീഴിലാണ് നടക്കേണ്ടത്. തദ്ദേശ സ്ഥാപനങ്ങള്‍ നിര്‍ദേശം മുഖവിലക്ക് എടുക്കാതിരുന്നതോടെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ താളംതെറ്റുന്ന സ്ഥിതിയാണ്.
ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കല്‍, കൊവിഡ് പരിശോധന, വാക്‌സിനേഷന്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കെല്ലാം രോഗികളുടെയും മറ്റും ബന്ധുക്കള്‍ ബന്ധപ്പെടേണ്ടത് വാര്‍ റൂമിലാണ്. ഈ സംവിധാനം നിലവിലില്ലാത്ത ഇടങ്ങളില്‍ സന്നദ്ധ സംഘടനകളാണ് തുണയാകുന്നത്. അത്യാവശ്യഘട്ടങ്ങളില്‍ ആര്‍.ആര്‍.ടി അംഗങ്ങളുടെ സേവനം കിട്ടാത്ത സ്ഥിതിയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."