മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം; കെ സുധാകരനെതിരെ കേസ്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കേസ്. ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവായ വിനു വിന്‍സന്റിന്റെ പരാതിയില്‍ പാലാരിവട്ടം പൊലിസാണ് കേസെടുത്തത്. ഐപിസി 153 വകുപ്പ് പ്രകാരമാണ് കേസ്. ഒരു വ്യക്തിയെ നായയോട് ഉപമിക്കുന്നത് അധിക്ഷേപമാണ്, അതുകൊണ്ട് കേസെടുക്കണം എന്നാണ് പരാതിയില്‍ പറയുന്നത്.
തൃക്കാക്കര മണ്ഡലത്തില്‍ മുഖ്യമന്ത്രി ചങ്ങലയില്‍നിന്നു പൊട്ടിയ നായയെപ്പോലെ നടക്കുകയാണെന്നായിരുന്നു കെ സുധാകരന്റെ പരാമര്‍ശം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ഒരു വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സുധാകരന്റെ ആക്ഷേപം. പരാമര്‍ശം വിവാദമായതോടെ താന്‍ മലബാറിലെ നാട്ടുഭാഷയിലാണ് സംസാരിച്ചതെന്നും ആര്‍ക്കെങ്കിലും വിഷമമുണ്ടാക്കിയെങ്കില്‍ പിന്‍വലിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ തെരഞ്ഞെടുപ്പില്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെയാണ് താന്‍ പ്രതികരിച്ചത് എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."