വെടിയേറ്റു മരിച്ച ആറു വയസ്സുകാരി പുതുജീവനായത് അഞ്ചു പേര്‍ക്ക്; എയിംസിന്റെ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി റോളി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ച ആറു വയസ്സുകാരി ജീവനായത് അഞ്ചുപേര്‍ക്ക്. നോയിഡയിലുള്ള റോളി പ്രജാപതി എന്ന ആറുവയസ്സുകാരിയാണ് ആജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്.
തലക്ക് വെടിയേറ്റ റോളിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താമസിയാതെ, പരിക്കിന്റെ തീവ്രത കാരണം അവള്‍ കോമയിലേക്ക് പോകുകയും തുടര്‍ന്ന് ഡല്‍ഹിയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു.
പെണ്‍കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ അവളുടെ മസ്തിഷ്‌കമരണം പ്രഖ്യാപിച്ചു. തുടര്‍ന്നാണ് മാതാപിതാക്കള്‍ അവയവദാന സന്നദ്ധത അറിയിച്ചത്. അത് അഞ്ചുപേര്‍ക്ക് പുതുജീവനേകി. എയിംസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവാണ് റോളി. കരള്‍, വൃക്കകള്‍, കോര്‍ണിയ, ഹൃദയ വാല്‍വ് എന്നിവയാണ് ദാനം നല്‍കിയത്.
'ഏപ്രില്‍ 27 ന് റോളി എന്ന ആറര വയസ്സുകാരി ആശുപത്രിയില്‍ എത്തി. അവളുടെ തലച്ചോറില്‍ വെടിയേറ്റതിനെ തുടര്‍ന്ന് ഒരു വെടിയുണ്ട ഉണ്ടായിരുന്നു. തലച്ചോറ് പൂര്‍ണ്ണമായും തകര്‍ന്നു. മസ്തിഷ്‌ക മരണം സംഭവിച്ച അവസ്ഥയിലാണ് അവള്‍ ഹോസ്പിറ്റലില്‍ എത്തിയത്. അതിനാല്‍ ഞങ്ങള്‍ കുടുംബാംഗങ്ങളുമായി സംസാരിച്ചു.
'അവള്‍ക്ക് മസ്തിഷ്‌ക മരണം ഉണ്ടെന്ന് ഞങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന്, ഞങ്ങളുടെ ഡോക്ടര്‍മാരുടെ സംഘം മാതാപിതാക്കളോടൊപ്പം ഇരുന്ന് അവയവദാനത്തെക്കുറിച്ച് സംസാരിച്ചു. മറ്റ് കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ അവയവങ്ങള്‍ ദാനം ചെയ്യാന്‍ അവര്‍ തയ്യാറാണെങ്കില്‍ ഞങ്ങള്‍ മാതാപിതാക്കളെ കൗണ്‍സിലിംഗ് ചെയ്യുകയും അവരുടെ സമ്മതം തേടുകയും ചെയ്തു' സീനിയര്‍ എയിംസ് ന്യൂറോ സര്‍ജന്‍ ഡോ. ദീപക് ഗുപ്ത എ.എന്‍.ഐയോട് പറഞ്ഞു.
അവയവങ്ങള്‍ ദാനം ചെയ്യുകയും അഞ്ച് ജീവന്‍ രക്ഷിക്കുകയും ചെയ്ത റോളിയുടെ മാതാപിതാക്കളെ എയിംസ് ഡോക്ടര്‍ അഭിനന്ദിച്ചു.
''അവയവദാനത്തെക്കുറിച്ച് കൂടുതല്‍ അറിവില്ലാതിരുന്നിട്ടും ഈ നടപടി സ്വീകരിച്ചതിന് മാതാപിതാക്കളോട് ഞങ്ങള്‍ വളരെ നന്ദിയുള്ളവരായിരുന്നു. ജീവന്‍ രക്ഷിക്കേണ്ടതിന്റെ പ്രാധാന്യം അവര്‍ മനസ്സിലാക്കി'' ഡോ. ഗുപ്ത കൂട്ടിച്ചേര്‍ത്തു.
'ഡോക്ടര്‍ ഗുപ്തയും അദ്ദേഹത്തിന്റെ സംഘവും അവയവദാനത്തിന് ഞങ്ങളെ ഉപദേശിച്ചു. ഞങ്ങളുടെ കുട്ടിക്ക് മറ്റ് ജീവന്‍ രക്ഷിക്കാന്‍ കഴിയും. ഞങ്ങള്‍ അതിനെക്കുറിച്ച് ചിന്തിക്കുകയും മറ്റുള്ളവരുടെ ജീവിതത്തില്‍ അവള്‍ ജീവിച്ചിരിക്കണമെന്നും ഞങ്ങള്‍ തീരുമാനിച്ചു. മറ്റുള്ളവര്‍ പുഞ്ചിരിക്കാന്‍ അവള്‍ കാരണമാകുന്നു' റോളിയുടെ പിതാവ് ഹര്‍നാരായണ്‍ പ്രത്ജാപതി പറഞ്ഞു. പൂനം ദേവിയാണ് റോളിയുടെ അമ്മ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."