ഇത്രയും ബുദ്ധിമാനായ ചെറുപ്പക്കാരന്റെ ജീവിതമാണ് ആ ഉദ്യോഗസ്ഥര്‍ തച്ചുടച്ചത്, പേരറിവാളനും നമ്പി നാരായണനെ പോലെ നിയമനടപടികളുമായി ഇറങ്ങുമോ ?
ചെന്നൈ: എത്ര ക്രൂരതയാണ് രാജീവ് ഗാന്ധി വധക്കേസില്‍ കുറ്റമുക്തനായ പേരറിവാളനോട് രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സി ചെയ്തത്.? അതറിയണമെങ്കില്‍ ജയിലിലെ ആ ചെറുപ്പക്കാരന്റെ ജീവിതകഥ മാത്രം കേട്ടാല്‍മതി. അതറിഞ്ഞാലും മതി. വര്‍ഷങ്ങള്‍ക്കിപ്പുറം നമ്പി നാരായണനു ചാരക്കേസില്‍ നിന്നു നീതി കിട്ടിയപ്പോള്‍ പ്രതിക്കൂട്ടിലായത് കേസന്വേഷിച്ച ഉദ്യോഗസ്ഥരായിരുന്നു. അയാള്‍ക്ക് കോടതി നഷ്ടപരിഹാരവും അനുവദിച്ചു. പക്ഷേ, ആയുസിന്റെ നഷ്ടം നികത്താന്‍ ആര്‍ക്കാവും. ? പേരറിവാളനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നിയമനടപടികളുമായി ഇറങ്ങുമോ എന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്.
30 വര്‍ഷവും ഏകാന്ത തടവറയിലായിരുന്നു പേരറിവാളന്‍. ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും തൂക്കുകയറില്‍ കിടന്നാടുമെന്നറിഞ്ഞിട്ടും അയാള്‍ തോറ്റ്‌കൊടുത്തില്ല. തടവുകാലം വെറുതെ കളഞ്ഞതുമില്ല. ജയിലില്‍ നിന്ന് കുറെ കോഴ്‌സുകള്‍ക്ക് ചേര്‍ന്നുപഠിച്ചു. ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബി.സി.എയും എം.സി.എയും പാസായി.
പി.എച്ച്.ഡി ചെയ്യാന്‍ പ്ലസ്ടു പാസാകണമായിരുന്നു. അതിനുവേണ്ടി പ്ലസ്ടു പരീക്ഷ എഴുതിയപ്പോള്‍ ആ വര്‍ഷം ഒന്നാം റാങ്കോടെയാണ് അയാള്‍ വിജയിയായത്. ഒട്ടേറെ ഡിഗ്രികള്‍ അയാള്‍ സ്വന്തമാക്കിയത് ജയിലില്‍ കിടന്നുകൊണ്ടാണ്. ഉന്നതമാര്‍ക്കില്‍ വിജയിക്കുകമാത്രമല്ല ജയിലിലെ അന്തേവാസികളുടെ അധ്യാപകനുമായി ഈ ചെറുപ്പക്കാരന്‍. ഒടുവില്‍ സത്യം ജയിക്കുന്നു.
പേരറിവാളന് വധശിക്ഷ ലഭിക്കാന്‍ കാരണം കേസിന്റെ ശക്തിക്കുവേണ്ടി കുറ്റപത്രത്തില്‍ ചില തിരുത്തലുകള്‍ വരുത്തിയതുകൊണ്ടാണെന്ന് ഒരു സി.ബി.ഐ ഉദ്യോഗസ്ഥന്‍ തന്നെ കുറ്റസമ്മതം നടത്തിയിരുന്നു. അതും വിവാദമായി. ഇതിലൂടെ പേരറിവാളന്റെ നിരപരാധിത്വം ഒന്നൂകൂടി ഉറക്കെ വ്യക്തമാക്കപ്പെടുകയായിരുന്നു.
പേരറിവാളന്‍ കുറ്റവാളിയാണെന്ന് വിധിച്ചതിന് കാരണമായി പറഞ്ഞത് രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ ബെല്‍റ്റ് ബോംബ് കൂട്ടിയോജിപ്പിക്കാന്‍ സഹായിച്ചുവെന്നാണ്. പക്ഷേ, രാജീവ് ഗാന്ധി വധക്കേസിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍ കെ രാഹോത്തം തങ്ങള്‍ക്ക് ഒരു തെളിവും പേരറിവാളന്റെ കാര്യത്തില്‍ ലഭിച്ചിട്ടില്ലെന്ന് സമ്മതിച്ചിരുന്നു. അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ 'രാജീവ് വധക്കേസ'് എന്ന പുസ്തകത്തലും അതാവര്‍ത്തിക്കുന്നു.
എന്നിട്ടും അതിന്റെ കാരണക്കാരന്‍ പേരറിവാളനാണെന്ന് സി.ബി.ഐ വാദിച്ചു. അവന്‍ ഒരു ഒമ്പത് വോള്‍ട്ടേജ് ബാറ്ററി സെല്ല് വാങ്ങിച്ചിരുന്നുവെന്നും അവര്‍ കഥമെനഞ്ഞു. പക്ഷേ, അവര്‍ക്കൊരിക്കലും ബോംബില്‍ ഉപയോഗിച്ച ഒമ്പത് വോള്‍ട്ടേജ് ബാറ്ററി വാങ്ങിയത് പേരറിവാളനാണെന്ന് തെളിയിക്കാന്‍ സാധച്ചിരുന്നില്ല.
സത്യത്തില്‍ പേരറിവാളന്‍ അങ്ങനെയൊരു ബാറ്ററി വാങ്ങിയിട്ടില്ലെന്ന് ആണയിടുന്നു. അങ്ങനെയൊന്ന് ആര്‍ക്കും നല്‍കിയിട്ടുമില്ല. പക്ഷേ, സി.ബി ഐ എന്നിട്ടും അങ്ങനെ വാദിച്ചു. അതിന് തെളിവായി അയാളുടെ പോക്കറ്റില്‍ നിന്ന് കിട്ടിയതാണെന്ന് പറഞ്ഞ് ഒരു രശീതി ഹാജരാക്കി. മുപ്പത്തി ഒന്ന് വര്‍ഷം മുമ്പ് ചെന്നൈയിലെ ഏതെങ്കിലും ഒരു പെട്ടിക്കടയില്‍ നിന്ന് ബാറ്ററി വാങ്ങിയാല്‍ അതിന് ബില്ല് നല്‍കുമോ...? അങ്ങനെ ജനം വിശ്വസിക്കണമെത്രെ. നല്‍കിയാല്‍ തന്നെ 'ഒരു കുറ്റവാളി' അത് കയ്യില്‍പ്പിടിച്ച് നടക്കുമോ...? പേരറിവാളന്റെ ഈ വലിയ ചോദ്യം കേട്ടാല്‍ നഴ്‌സറിക്കുട്ടികളുടെ സാമാന്യബുദ്ധി പോലും ഇതൊരു പെരുംനുണയാണെന്ന് ആയിരം വട്ടം സമ്മതിച്ച് തരും. എന്നാല്‍ നമ്മുടെ നാട്ടിലെ ബുദ്ധി രാക്ഷസന്‍മാരുടേതെന്ന് അവകാശപ്പെടുന്ന സി ബി ഐയുടെ വാദം കേട്ട കോടതികള്‍ക്ക് അത് ഏറ്റവും വലിയ ശരിയായാണ് അനുഭവപ്പെട്ടത്. അതിനു ബലി കൊടുക്കേണ്ടിവരികയായിരുന്നു ആ ചെറുപ്പക്കാരന്റെ യൗവ്വനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."