ആസ്‌ത്രേലിയയില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തിലേക്ക്; ലിബറല്‍ പാര്‍ട്ടിക്ക് വന്‍ തിരിച്ചടി
കാന്‍ബറ: ആസ്‌ത്രേലിയയില്‍ പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് ജയം. ഇതോടെ ആന്റണി ആല്‍ബനീസ് ആസ്‌ത്രേലിയയുടെ പുതിയ പ്രധാനമന്ത്രിയാകും. നിലവിലെ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ നേതൃത്വം നല്‍കുന്ന ലിബറല്‍ പാര്‍ട്ടിയെ തോല്‍പ്പിച്ചാണ് മുന്നേറ്റം. പത്ത് വര്‍ഷത്തിന് ശേഷമാണ് ലിബറല്‍ പാര്‍ട്ടിക്ക് ഭരണം നഷ്ടമാകുന്നത്. 2007 ന് ശേഷം ഇതാദ്യമായാണ് ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തുന്നത്.
66.3 ശതമാനം വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ ആന്റണി അല്‍ബനീസ് നേതൃത്വം നല്‍കുന്ന ലേബര്‍ പാര്‍ട്ടി 72 സീറ്റുകള്‍ ഉറപ്പിച്ചു. എന്നാല്‍ മോറിസന്റെ സഖ്യം 50 സീറ്റില്‍ ഒതുങ്ങി. ഗ്രീന്‍ പാര്‍ട്ടിയും സ്വതന്ത്രരും ഉള്‍പ്പെടെ മറ്റുള്ളവര്‍ 15 സീറ്റിലും വിജയിച്ചു. 151 അംഗ പ്രതിനിധിസഭയില്‍ കേവലഭൂരിപക്ഷത്തിന് 76 സീറ്റുകളാണ് വേണ്ടത്. ചെറുപാര്‍ട്ടികളുടെ പിന്തുണയോടെ ലേബര്‍ പാര്‍ട്ടിക്ക് സര്‍ക്കാര്‍ രൂപവത്കരിക്കാനാവും.
പരാജയം മോറിസണ്‍ അംഗീകരിച്ചു. പാര്‍ട്ടി നേതൃസ്ഥാനത്തുനിന്ന് ഉടന്‍ രാജിവെക്കുമെന്നും അദ്ദേഹം അറിയിച്ചു. കൂടുതല്‍ സാമ്പത്തികസാമൂഹിക സുരക്ഷിതത്വം വാഗ്ദാനം ചെയ്താണ് ലേബര്‍ പാര്‍ട്ടി അധികാരത്തിലേറുന്നത്. ആസ്‌ത്രേലിയന്‍ ജനത മാറ്റത്തിനായി വോട്ട് ചെയ്‌തെന്നും വിജയത്തില്‍ ജനതയോട് കടപ്പെട്ടിരിക്കുന്നുവെന്നും ആന്റണി ആല്‍ബനീസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."