സ്പീക്കര്‍ കസേരയിലെ ഇരുപത്തിമൂന്നാമന്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പത്തുവര്‍ഷം ലോക്‌സഭയില്‍ കേരളത്തിന്റെ ശബ്ദമായി തിളങ്ങിയ അനുഭവസമ്പത്തുമായാണ് ഇന്നലെ എം.ബി രാജേഷ് പതിനഞ്ചാം കേരള നിയമസഭയെ നിയന്ത്രിക്കാനുള്ള ചുമതല ഏറ്റെടുത്തത്. കേരള നിയമസഭയുടെ ഇരുപത്തിമൂന്നാമത്തെ സ്പീക്കറാണ് രാജേഷ്.
നിയമസഭയില്‍ ആദ്യമാണെങ്കിലും പാര്‍ലമെന്ററി രാഷ്ട്രീയത്തിലെ മികച്ച ട്രാക്ക് റെക്കോര്‍ഡാണ് സ്പീക്കറാകുമ്പോള്‍ രാജേഷിന്റെ പിന്‍ബലം. സൈനികോദ്യോഗസ്ഥനായിരുന്ന ചളവറ കയില്യാട് മാമ്പറ്റ ബാലകൃഷ്ണന്‍ നായരുടെയും എം.കെ രമണിയുടെയും മകനായി 1971ല്‍ പഞ്ചാബിലെ ജലന്ധറില്‍ ജന നം. ഒറ്റപ്പാലം എന്‍.എസ്.എസ് കോളജില്‍നിന്ന് ധനതത്ത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും തിരുവനന്തപുരം ലോ അക്കാദമിയില്‍നിന്ന് നിയമബിരുദവും നേടി. ഹിന്ദിയും ഇംഗ്ലീഷും നന്നായി കൈകാര്യം ചെയ്യുന്ന രാജേഷിന്റെ ലോക്‌സഭയിലെ പ്രസംഗങ്ങളധികവും ഹിന്ദിയിലായിരുന്നു.
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. നിലവില്‍ സി.പി.എം സംസ്ഥാന സമിതി അംഗമാണ്. ലോക്‌സഭയിലെക്കുള്ള ആദ്യ പോരാട്ടത്തില്‍ കഷ്ടിച്ചു കടന്നുകൂടിയ രാജേഷ് 2014ല്‍ ഒരു ലക്ഷത്തോളം വോട്ടുകള്‍ക്കാണ് കേരള രാഷ്ട്രീയത്തിലെ അതികായകനായിരുന്ന എം.പി വീരേന്ദ്രകുമാറിനെ തറപറ്റിച്ചത്. എന്നാല്‍ 2019ല്‍ സംസ്ഥാനമൊട്ടാകെ ആഞ്ഞടിച്ച യു.ഡി.എഫ് തരംഗത്തില്‍ വി.കെ ശ്രീകണ്ഠനോട് പരാജയപ്പെടുകയായിരുന്നു. 2009 മുതല്‍ വിദേശകാര്യം, ശാസ്ത്ര സാങ്കേതികം, പെട്രോളിയം, ഊര്‍ജകാര്യം, കൃഷി എന്നീ പാര്‍ലമെന്ററി സമിതികളില്‍ പ്രവര്‍ത്തിച്ചു.
ബ്രിട്ടനിലെ കവന്ററി യൂണിവേഴ്‌സിറ്റി ബിസിനസ് സ്‌കൂളിന്റെ ക്ഷണപ്രകാരം 2011ലെ ലീഡര്‍ഷിപ്പ് ലക്ചര്‍ സീരീസില്‍ പ്രഭാഷണം നടത്താനുള്ള അവസരം രാജേഷിനുണ്ടായി. ലണ്ടന്‍ കിങ്‌സ് കോളജും ബ്രിട്ടീഷ് വിദേശകാര്യ വകുപ്പും സംയുക്തമായി നടത്തിയ പരിപാടിയിലേക്ക് ഇന്ത്യയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട എം.പിമാരിലൊരാള്‍ രാജേഷായിരുന്നു.
പരന്ന വായനയുള്ള രാജേഷ് എഴുത്തുകാരന്‍, പ്രഭാഷകന്‍, പരിഭാഷകന്‍ എന്നീ നിലകളിലും ശ്രദ്ധേയനാണ്. പൗരത്വ നിയമം സംബന്ധിച്ച അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ദശലക്ഷക്കണക്കിനാളുകളാണ് സമൂഹമാധ്യമങ്ങളിലൂടെ കണ്ടത്. ഹര്‍കിഷന്‍ സിങ് സുര്‍ജിത്, ജ്യോതിബസു, പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി എന്നീ നേതാക്കളുടെ പ്രസംഗങ്ങളുടെ പരിഭാഷകനായി ശ്രദ്ധിക്കപ്പെട്ടു. 2008ലെ ലോക മത പാര്‍ലമെന്റിനു മുന്നോടിയായി സ്‌കൂള്‍ ഓഫ് ഭഗവദ്ഗീത സംഘടിപ്പിച്ച ഉച്ചകോടിയില്‍ മതവും രാഷ്ട്രീയവും എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്താനും അദ്ദേഹത്തിന് അവസരമുണ്ടായി.
കഴിഞ്ഞ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനില്‍നിന്ന് രാജേഷിലേക്ക് നിയമസഭയുടെ നിയന്ത്രണമെത്തുന്നതിന് കൗതുകം നിറഞ്ഞ മറ്റൊരു സാമ്യവുമുണ്ട്. വിദ്യാര്‍ഥി രാഷ്ട്രീയ കാലഘട്ടം മുതല്‍ ശ്രീരാമകൃഷ്ണന്റെ തൊട്ടുപിന്നില്‍ രാജേഷുണ്ടായിരുന്നു.
കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായ ഭാര്യ നിനിത കണിച്ചേരിയും മക്കള്‍ പ്ലസ്ടു വിദ്യാര്‍ഥിനിയായ നിരഞ്ജനയും നാലാം ക്ലാസ് വിദ്യാര്‍ഥിനിയായ പ്രിയദത്തയുമടങ്ങുന്നതാണ് രാജേഷിന്റെ കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."