'കുട്ടികളെ യഥാര്‍ത്ഥ ചരിത്രം പഠിപ്പിക്കും' ടെക്സ്റ്റ് ബുക്കുകളിലെ കാവിവത്ക്കരണത്തെ ന്യായീകരിച്ച് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി
ബംഗളൂരു: ആര്‍.എസ്.എസ് നേതാവിന്റെ പ്രസംഗം ഉള്‍പെടുത്തിയത് ഉള്‍പെടെ കര്‍ണാടക പാഠപുസ്തകങ്ങളിലെ കാവിവത്ക്കരണത്തെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ്. പാഠപുസ്തക പരിഷ്‌കരണത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ വിദ്യാര്‍ഥികളെ യഥാര്‍ഥ ചരിത്രം പഠിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നാണ് മന്ത്രി പറയുന്നത്.
ചില ബുദ്ധിജീവികളും രാഷ്ട്രീയക്കാരും പുതിയ പാഠപുസ്തകങ്ങള്‍ കാണാതെയാണ് ജാതി രാഷ്ട്രീയം കളിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രഫ. ബരഗൂര്‍ രാമചന്ദ്രപ്പയുടെ നേതൃത്വത്തില്‍ പരിഷ്‌കരിച്ച പാഠപുസ്തകങ്ങള്‍ നുണകളും തെറ്റായ വിവരങ്ങളും കൊണ്ട് നിറഞ്ഞതാണെന്നും ഞങ്ങള്‍ സത്യം പഠിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പാഠപുസ്തകങ്ങളില്‍ നിന്ന് ടിപ്പു സുല്‍ത്താനെക്കുറിച്ചുള്ള ഉള്ളടക്കങ്ങള്‍ നീക്കം ചെയ്തതിനെയും നാഗേഷ് ന്യായീകരിച്ചു. ടിപ്പുവിനെക്കുറിച്ചുള്ള ഉള്ളടക്കം വെട്ടിക്കുറക്കുകയും ആവശ്യമുള്ളത് നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്. എന്തുകൊണ്ടാണ് വാഡിയാര്‍ രാജവംശത്തെക്കുറിച്ച് പഠിപ്പിക്കുന്നതിന് പകരം ടിപ്പു സുല്‍ത്താനെ കുറിച്ച് പഠിപ്പിക്കുന്നതെന്നും നാഗേഷ് ചോദിച്ചു. ആര്‍.എസ്.എസ് സ്ഥാപകന്‍ കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെ പ്രസംഗം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് നാഗേഷ് സ്ഥിരീകരിച്ചു. എന്നാല്‍ പാഠത്തില്‍ ആര്‍.എസ്.എസിനെക്കുറിച്ചോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെക്കുറിച്ചോ പരാമര്‍ശിക്കുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഭഗത് സിങ്ങിനെയും നാരായണ ഗുരുവിനെയും സംബന്ധിച്ച ഭാഗങ്ങള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ചും മന്ത്രി വിഷദീകരണം നല്‍കി. ജി രാമകൃഷ്ണ എഴുതിയ ഭഗത് സിംഗിനെക്കുറിച്ചുള്ള പാഠത്തിന് പകരം ചക്രവര്‍ത്തി സുലിബെലെ എഴുതിയ പാഠം ഉള്‍പ്പെടുത്തിയതായി നാഗേഷ് പറഞ്ഞു. രാമകൃഷ്ണന്‍ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവുമായി അടുത്ത് നില്‍ക്കുന്നതിനാലാണ് അധ്യായം മാറ്റിയത്. ചരിത്ര പാഠപുസ്തകത്തിന്റെ അധികവിവരങ്ങള്‍ കുറക്കാനാണ് നാരായണ ഗുരുവിനെക്കുറിച്ചുള്ള അദ്ധ്യായം ഒഴിവാക്കിയത്- മന്ത്രി കൂട്ടിച്ചേര്‍ത്തു.
ബരഗൂര്‍ കമ്മിറ്റി ജവഹര്‍ലാല്‍ നെഹ്‌റു ഇന്ദിരാഗാന്ധിക്ക് എഴുതിയ കത്തുകള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതിനെയും നാഗേഷ് ചോദ്യം ചെയ്തു. അച്ഛന്‍ മകള്‍ക്ക് എഴുതുന്ന കത്തുകള്‍ നമ്മുടെ കുട്ടികള്‍ എന്തിനാണ് പഠിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. വിവാദമുണ്ടാക്കുന്നവര്‍ പാഠപുസ്തകത്തിന്റെ ഹാര്‍ഡ് കോപ്പിക്കായി കാത്തിരിക്കണമെന്നും എന്തെങ്കിലും തിരുത്തല്‍ ആവശ്യമുണ്ടെങ്കില്‍ ഞങ്ങള്‍ അത് തീര്‍ച്ചയായും ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."