HOME
DETAILS
MAL
സാമുദായിക വിദ്യാഭ്യാസം വിചാരണകൾക്ക് വിധേയമാവട്ടെ
backup
April 02 2023 | 18:04 PM
എസ്.വി മുഹമ്മദലി
ലോകത്ത് ഏറ്റവുമധികം ചർച്ചകളും സംവാദങ്ങളും നടക്കുന്ന ഇടമാണ് വിദ്യാഭ്യാസ മേഖല. നടക്കേണ്ട ഇടമാണെന്നു പറയുന്നത് കൂടുതൽ ശരിയാകും. കാരണം, മനുഷ്യവിഭവശേഷിയുടെ മികച്ച നിക്ഷേപവും വലിയ ഉത്പാദനവും നടക്കുന്ന മേഖലയാണത്. തലമുറകളെയും അവരുടെ മനോഭാവങ്ങളെയും രൂപപ്പെടുത്തിയെടുക്കുന്ന ഇടമെന്ന നിലയിൽ സമൂഹം വിദ്യാഭ്യാസമേഖലയെ അതീവ ജാഗ്രതയോടെ പരിഗണിച്ചുപോന്നിട്ടുണ്ട്. അതതു കാലത്തെ സമൂഹം അവർക്കു വേണ്ട വിദ്യാഭ്യാസ ദർശനങ്ങളെയും രീതിശാസ്ത്രങ്ങളെയും നിർമിച്ചുകൊണ്ടിരിക്കുമ്പോഴും പുതിയൊരു സമൂഹ നിർമാണത്തിന്റെ ഉപാധി തന്നെയായി വിദ്യാഭ്യാസം മനുഷ്യനെയും സംസ്‌കാരത്തെയും സ്വാധീനിച്ചുകൊണ്ടേയിരുന്നു.
ഇന്ത്യയിൽ സ്വാതന്ത്ര്യത്തിനുശേഷം വിദ്യാഭ്യാസമേഖലയിലുണ്ടായ അന്വേഷണങ്ങളും മാറ്റങ്ങളും ഒരു രാജ്യം എങ്ങനെ അസ്തിത്വം വീണ്ടെടുത്തു നിലനിൽക്കണമെന്നതിലേക്കുള്ള സൂചകങ്ങളായിരുന്നുവെന്നു പറയാം. ബ്രിട്ടിഷുകാർ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ നിർമിച്ചെടുത്ത സാംസ്‌കാരിക അധീശത്വത്തെ ഇഴകീറി പരിശോധിക്കാനും രാഷ്ട്രനിർമാണത്തിനു സഹായകമാവുന്ന വിദ്യാഭ്യാസ രീതികളെ പരീക്ഷിക്കാനും നാം ഉത്സാഹം കാണിച്ചു. അതിന്റെ ഫലമായി ഒട്ടേറെ വിദ്യാഭ്യാസ കമ്മിഷനുകൾ ഇന്ത്യയിൽ രൂപപ്പെടുകയും വിവിധങ്ങളായ റിപ്പോർട്ടുകൾ വെളിച്ചം കാണുകയും ചെയ്തു. എന്തെങ്കിലും പഠിച്ചു ജീവിതം തീർക്കുന്നതിനു പകരം ലക്ഷ്യബോധമുള്ള വിദ്യാഭ്യാസ രീതികളെ അവലംബിക്കാൻ അതുവഴി നമുക്ക് അവസരമുണ്ടായി. പരീക്ഷണങ്ങളെ ജാഗ്രതയോടെ ഏറ്റെടുത്തു. ലക്ഷ്യം ഓരോ ഘട്ടത്തിലും പുനർനിർണയിക്കപ്പെടേണ്ടതുണ്ടെന്നും മനുഷ്യവിഭവശേഷിയെ അതിനനുസരിച്ച് പാകപ്പെടുത്തുന്ന ആസൂത്രിതപ്രക്രിയയായി വിദ്യാഭ്യാസം മാറേണ്ടതുണ്ടെന്നും നമുക്ക് ബോധ്യമായിക്കൊണ്ടിരുന്നു. ഓരോ പഠിതാവും രാഷ്ട്രസമ്പത്താണെന്ന വ്യാഖ്യാനം മനോഹരമായി അവതരിപ്പിക്കപ്പെട്ടു. വിദ്യാർഥിത്വം എന്ന ആശയം കൂടുതൽ ജനകീയമായി.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ 1948ൽ ഡോ. രാധാകൃഷ്ണൻ കമ്മിഷൻ മുതൽ നമ്മുടെ അഴിച്ചുപണികൾ ആരംഭിച്ചതായി പറയാം. 1952ലെ സെക്കൻഡറി എജുക്കേഷൻ കമ്മിഷനും 1953ലെ യൂനിവേഴ്‌സിറ്റി ഗ്രാന്റ് കമ്മിഷനുമെല്ലാം ഉന്നതവിദ്യാഭ്യാസമേഖലകളിലേക്കുള്ള വിവിധ കാഴ്ചപ്പാടുകൾ മുന്നോട്ടുവച്ചു. എന്നാൽ 1964ലെ കോത്താരി കമ്മിഷൻ വിപ്ലവകരമായ ആശയങ്ങൾകൊണ്ട് സമ്പന്നമായിരുന്നു. ഇന്നു നിലവിലുള്ള 10+2+3 എന്ന വിദ്യാഭ്യാസ പാറ്റേൺ കമ്മിഷന്റെ കണ്ടെത്തലായിരുന്നു. സ്ത്രീ വിദ്യാഭ്യാസത്തെയും ഭാഷാ വിദ്യാഭ്യാസത്തെയും പ്രോത്സാഹിപ്പിക്കുന്ന ഒട്ടേറെ ആശയങ്ങൾ കോത്താരി കമ്മിഷൻ മുന്നോട്ടുവച്ചു. ഗണിതവും ശാസ്ത്രവും പഠിക്കുന്നതിനുള്ള ഊന്നൽ ഇതിൽ പ്രധാനമായിരുന്നു.
ഇങ്ങനെ നിരന്തരമായ മാറ്റങ്ങൾക്കും സംവാദങ്ങൾക്കുമൊടുവിൽ ഇന്ന് നാഷനൽ കരിക്കുലം ഫ്രൈംവർക്ക്(NCF)ചർച്ചയ്ക്കു വരികയാണ്. ഭരിക്കുന്നവരുടെ ആശയങ്ങൾക്കും സാംസ്‌കാരിക മനോഭാവങ്ങൾക്കുമനുസരിച്ച് വിദ്യാഭ്യാസ രീതികളെ മാറ്റിയെടുക്കുക എന്ന ബ്രിട്ടിഷ് കൊളോണിയൽ ചിന്താഗതി ഇപ്പോഴും തുടരുന്നു എന്ന വിവാദം അവഗണിക്കുന്നില്ല. എന്നാൽ രാജ്യം വിദ്യാഭ്യാസ ചട്ടക്കൂടിനെ ചർച്ചയ്ക്ക് കൊണ്ടുവരുമ്പോൾ സമുദായം എന്ന നിലയ്ക്ക് നാം ഏതു മനോഭാവത്തെ ഉൾക്കൊള്ളണമെന്ന കാര്യം അതീവ ഗൗരവത്തോടെ ചർച്ച ചെയ്യേണ്ട സമയമാണിത്. വിവിധ സ്ഥാപനങ്ങളും സംഘടനകളും അവരവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ രൂപപ്പെടുത്തി മത്സരിച്ചു മുന്നേറുമ്പോൾ ഉത്തമ സമുദായമെന്ന നിലയിൽ നമുക്ക് പൊതുവെ ഗുണപ്രദമായതിനെ മാത്രം ചർച്ച ചെയ്തു കണ്ടെത്തുകയും അനാവശ്യമായതെല്ലാം തിരസ്‌കരിക്കുകയും ചെയ്യുന്ന സാമാന്യ അക്കാദമിക ബോധം ഉണ്ടായിവരേണ്ടിയിരിക്കുന്നു. നമ്മുടെ സംവാദങ്ങളും അന്വേഷണങ്ങളുമെല്ലാം ആ വഴിക്കു വളർന്നുവരേണ്ട സമയമാണിത്.
ബദൽ
വിദ്യാഭ്യാസം
മുസ്‌ലിം സമൂഹത്തിൽ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുകൊണ്ടുള്ള ബദൽ വിദ്യാഭ്യാസ സംവിധാനം (Alternative Education System) കേരളത്തിൽ ആരംഭിച്ചിട്ടു വർഷങ്ങളേറെയായി. പള്ളികളിലെ ഉസ്താദുമാരെ കേന്ദ്രീകരിച്ചുകൊണ്ടുള്ള നമ്മുടെ പള്ളി ദർസുകൾ ഗുരുകുല സമ്പ്രദായത്തിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളായിരുന്നു. എന്നാൽ ഉന്നതവിദ്യാഭ്യാസമേഖല അറബിക് കോളജുകളായി പരിവർത്തിക്കപ്പെട്ടതോടെ അറിവിന്റെ അധികാര കേന്ദ്രം ഉസ്താദിൽ നിന്നു സ്ഥാപനങ്ങളിലേക്ക് വഴിമാറി. മക്തബുകളിൽനിന്നു മാറി മദ്‌റസകൾ ഉണ്ടായി വന്നതുപോലെ ഇതും വിദ്യാഭ്യാസത്തിന്റെ ആധുനികവത്കരണത്തിൽ നിർണായകമായ വഴിത്തിരിവു തന്നെയായിരുന്നു.
എന്നാൽ, അറബി കോളജായി തുടങ്ങിയ സ്ഥാപനങ്ങൾ പലതും സമാനമായ സ്ഥാപനങ്ങളെ അഫിലിയേറ്റ് ചെയ്ത് യൂനിവേഴ്‌സിറ്റികളായി പരിവർത്തിക്കപ്പെട്ടു. എണ്ണത്തിൽ വളർന്നുവന്ന ഇത്തരം സ്ഥാപനങ്ങൾ ഗുണനിലവാരത്തിന്റെ കാര്യത്തിൽ എങ്ങനെ നിൽക്കുന്നുവെന്ന് പരിശോധിക്കപ്പെടുക അത്ര എളുപ്പമായിരുന്നില്ല. പ്രാദേശികമായ അധികാരങ്ങളും കൃത്യവും കർക്കശ സ്വഭാവത്തിലുള്ളതുമായ മാനദണ്ഡങ്ങളുടെ അഭാവവും മികച്ച ഗുണനിലവാരവും ഉയർന്ന ഉത്പാദനക്ഷമതയുമുള്ള സ്ഥാപനങ്ങൾ ഇല്ലാതെ വന്നതിന് കാരണമായി. ആർക്കും എവിടെയും സ്ഥാപനങ്ങൾ തുടങ്ങാമെന്ന നില വിദ്യാർഥികളിലും രക്ഷിതാക്കളിലും ആശയക്കുഴപ്പം ഉണ്ടാക്കിയെന്നു പറയാം.
ആദ്യം ബിൽഡിങ്ങിന്റെ ശിലയിടൽ പിന്നെ വാഹനം, അതിൽ ബിൽഡിങ് പൂർത്തിയാക്കാനുള്ള ഓട്ടങ്ങൾ എന്നിങ്ങനെയായിരുന്നു പലയിടങ്ങളിലെയും രീതി. ഒരു സ്ഥാപനത്തിനു ഏറ്റവും പ്രാഥമികമായി വേണ്ട നടത്തിപ്പുരീതികളെക്കുറിച്ചുള്ള ചിന്ത, പകർന്നുനൽകുന്ന വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ശരിയായ കാഴ്ചപ്പാട്, അതിനു പിന്നിലുള്ള യുക്തിഭദ്രമായ പാഠ്യ, പാഠ്യേതര തത്വങ്ങൾ, അവശ്യം വേണ്ട മനുഷ്യവിഭവശേഷി, സമകാലികമായും സാമൂഹികമായുമുള്ള ആവശ്യങ്ങൾ എന്നിവയെക്കുറിച്ചൊന്നും ചിന്തിക്കാതെയുള്ള എടുത്തുചാട്ടമായിരുന്നു പലയിടങ്ങളിലും കണ്ടത്. ബിൽഡിങ്ങിന്റെയും ഇൻഫ്രാസ്ട്രക്ചറിന്റെയും പെരുമയിൽ ചിലർക്കു പിടിച്ചുനിൽക്കാനായെങ്കിലും മികച്ച വിദ്യാലയ ദർശനത്തിന്റെയും പഠനപ്രക്രിയയുടെയും അഭാവം പലയിടത്തും പ്രകടമായിരുന്നു. നല്ല അക്കാദമിക വൈദഗ്ധ്യമുള്ള ഒരാളെങ്കിലും നയിക്കാനില്ലാത്ത അവസ്ഥ പല സ്ഥാപനങ്ങളിലും പ്രകടമായിരുന്നതായി കാണാം.
ദഅ്‌വത്ത് എന്ന ബാനറിലായിരുന്നു സ്ഥാപനങ്ങളധികവും ഉയർന്നുവന്നത്. രക്ഷിതാക്കളെ കൂടുതൽ ആകർഷിച്ചതും ഈ ബാനർ തന്നെയായിരുന്നു. എന്നാൽ പഠിതാക്കളുടെ എണ്ണമെടുത്താൽ ഇത്രയേറെ ദഅ്‌വാ പ്രവർത്തകരെ എവിടെ കൊണ്ടിരുത്തും എന്നും ചോദിക്കപ്പെടേണ്ടതുണ്ടായിരുന്നു. ദഅ്‌വത്ത് എന്നത് പക്വമായ മനസ്സിൽ നിന്ന് വളരെ ഉൾക്കാഴ്ചയോടെ ഉണ്ടായിവരേണ്ട മൂല്യവത്തായ ധർമമാണെന്നിരിക്കെ എല്ലാ കൗമാരക്കാരെയും അതിലേക്കു വിളിച്ചുകൊണ്ടുവന്ന് ഒരേ മൂശയിൽ വാർത്തെടുക്കുന്ന രീതി എത്രത്തോളം പ്രായോഗികമാണെന്നത് ചർച്ച ചെയ്യപ്പെടേണ്ടതു തന്നെയായിരുന്നു. അതേസമയം, പഠിച്ച് ഉന്നതസ്ഥാനത്തെത്തിച്ചേർന്നവർ സ്വയം ബോധത്തിന്റെ ഭാഗമായി ഒറ്റയ്ക്കും കൂട്ടായും ചെയ്തുകൊണ്ടിരിക്കുന്ന ദഅ്‌വാ പ്രവർത്തനങ്ങൾക്ക് നാട്ടിൽ നല്ല അംഗീകാരം ലഭിക്കുന്നുമുണ്ടായിരുന്നു. സ്ഥാപനങ്ങൾ വഴി നടത്തുന്ന സംഘടിത ശ്രമങ്ങൾക്കപ്പുറത്താണ് അതിന്റെ ഗുണപരത എന്ന നിരീക്ഷണത്തെ ഇതു ശക്തിപ്പെടുത്തുന്നുണ്ട്. ദഅ്‌വാ സ്ഥാപനങ്ങളിൽ നിന്നു പുറത്തിറങ്ങിയ പലരെയും അതിനു കിട്ടാത്ത സാഹചര്യത്തിൽ ഇത്തരമൊരു ചിന്ത ബലപ്പെട്ടുവരികയുമാണ്.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."