HOME
DETAILS

കാലാവസ്ഥാ വ്യതിയാനം: ലോകം പട്ടിണിയിലേക്കോ?

  
backup
May 24 2022 | 19:05 PM

9845623-4562

കെ. ജംഷാദ്

കേരളം ഉൾപ്പെടെ ലോകത്തെ എല്ലാ പ്രദേശങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തര ഫലങ്ങൾ അനുഭവിക്കാൻ തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ പതിറ്റാണ്ടിൽ കാലാവസ്ഥാ വ്യതിയാനം യാഥാർഥ്യമാണെന്നു തിരിച്ചറിഞ്ഞിരുന്നെങ്കിലും ഇത്രവേഗം നമ്മെ തേടിയെത്തുമെന്ന് ശാസ്ത്രജ്ഞർ പോലും ചിന്തിച്ചിരുന്നില്ല. ക്ലൈമറ്റ് മോഡൽ (കാലാവസ്ഥാ പ്രവചന കംപ്യൂട്ടർ മാതൃക) പ്രവചനം പോലും തെറ്റിച്ചാണ് വ്യതിയാനത്തിന്റെ കെടുതികൾ തലപൊക്കുന്നത്. ഡാറ്റയുടെ ഇൻപുട് മാറുന്നതിനനുസരിച്ച് ക്ലൈമറ്റ് മോഡലുകൾ നൽകുന്ന റിസൾട്ടുകളും ഭയപ്പെടുത്തുന്നതാണ്.


കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ ശക്തവും സുസ്ഥിരവുമായ സുതാര്യവുമായ നടപടികൾ ഇല്ലെങ്കിൽ മനുഷ്യരാശിയുടെ അതിജീവനം ഭൂമുഖത്ത് സങ്കീർണമാകുമെന്ന തിരിച്ചറിവിലാണ് ലോകം. നേരത്തെ കാലാവസ്ഥാ വ്യതിയാനം മനുഷ്യരെ പ്രതികൂലമായി ബാധിക്കും എന്നായിരുന്നെങ്കിൽ ഇന്ന് നിലനിൽപ്പു ഭീഷണിയിലേക്ക് ചുവടുമാറിയിരിക്കുന്നു. കാലാവസ്ഥാപരമായി കേരളവും പ്രകൃതിക്ഷോഭങ്ങൾ പതിവായ നാടായി മാറി. ഈ വർഷവും കാലാവസ്ഥാ വ്യതിയാനം നമുക്ക് ദൃശ്യമാണ്. കാർഷികവിളകളെയും പ്രകൃതിയെയും കുറച്ചൊന്നുമല്ല ഈ വെല്ലുവിളി ബാധിക്കുന്നത്. ആഗോള പ്രതിഭാസമായതിനാൽ ലോകത്തെ എല്ലാ രാജ്യങ്ങളും ഒന്നിച്ചു പ്രവർത്തിച്ചാലേ ഈ ദുരന്തത്തിൽനിന്ന് രക്ഷയുണ്ടാകൂ.


കൃഷിയും കാലാവസ്ഥയും

മനുഷ്യനിലനിൽപ്പ് ഭക്ഷണത്തെ ആശ്രയിച്ചാണ്. ഭക്ഷ്യവസ്തുക്കളുടെ ക്ഷാമം, പട്ടിണി എന്നിവ മൂലം പതിനായിരങ്ങളാണ് രാജ്യത്ത് മരിച്ചത്. ലോകത്ത് സൊമാലിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഈ വർഷമുണ്ടായ കടുത്ത വരൾച്ചയെ തുടർന്ന് പട്ടിണിയിലാണ്. കൃഷിക്ക് ഏറ്റവുമനുയോജ്യം വിളകൾക്ക് ആവശ്യമായ കാലാവസ്ഥയാണ്. കാലാവസ്ഥ മോശമായാൽ പ്രതീക്ഷിച്ച വിളവെടുപ്പ് ലഭിക്കില്ല. ഇതു നമ്മുടെ ഭക്ഷ്യ, ധാന്യ ശേഖരത്തിന്റെ തോത് കുറയ്ക്കും. അതോടെ വിലക്കയറ്റമുണ്ടാകും. വിലക്കയറ്റം സാമ്പത്തിക രംഗത്തെ ബാധിക്കും. തുടർന്ന് ഓരോ പൗരനെയും ബാധിക്കും. ഉദാഹരണത്തിന്, ഇപ്പോഴത്തെ തക്കാളി വില നോക്കാം. കാലാവസ്ഥ മോശമായപ്പോൾ ചെടികൾ നശിച്ചു. ക്ഷാമവുണ്ടായി. കൃഷിക്ക് ഏറ്റവും നല്ല കാലാവസ്ഥയുള്ളപ്പോഴാണ് ഭക്ഷ്യോൽപാദനം പര്യാപ്തമായ തോതിലെത്തുകയുള്ളൂ. നല്ല കാലാവസ്ഥ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ശരിയായ താപനില, സൂര്യപ്രകാശം, കാറ്റ്, മഴ തുടങ്ങിയവയാണ്. കാറ്റ് ശരിയല്ലെങ്കിൽ പരാഗണത്തെ ബാധിക്കും. മഴ വെള്ളത്തിന്റെ ലഭ്യതയെ ഉറപ്പുവരുത്തും. വെയിൽ വിളവിന് പ്രധാനവുമാണ്. 2050ൽ ആഗോള ഭക്ഷ്യോൽപാദനം 17 ശതമാനം കാലാവസ്ഥാ വ്യതിയാനംമൂലം കുറയുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഇന്ത്യയുടെ സാമ്പത്തികരംഗം പ്രധാനമായും കൃഷിയെ ആശ്രയിക്കുന്നതിനാൽ ഈ പ്രശ്‌നം ബാധിക്കുന്നവരിൽ കേരളവും ഉൾപ്പെടും. ബ്രസീൽ സൊയാബീൻ കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യമാണ്. അവരുടെ പ്രധാന വരുമാനം ആ മേഖലയിൽ നിന്നാണ്. വേൾഡ് റിസോഴ്‌സസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ഗവേഷണ ഫലങ്ങൾ പറയുന്നത്, മഴയുടെ പാറ്റേണും താപനിലയിലെ വ്യതിയാനവുംമൂലം ബ്രസീലിലെ സൊയാബീൻ, കാപ്പി ഉൽപാദനം എന്നിവ 95 ശതമാനം വരെ കുറയുന്നു എന്നാണ്. ഈ കണക്ക് പരിശോധിച്ചാൽ എത്രവേഗത്തിലാണ് കാലാവസ്ഥാ വ്യതിയാനം ഭക്ഷ്യപ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് മനസിലാക്കാം.


ഇന്ത്യയിലേക്ക് വന്നാൽ 2019ൽ കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ റിപ്പോർട്ടനുസരിച്ച് പരാഗണ കാലത്തിനു ശേഷം താപനിലയിൽ വലിയ വർധനവുണ്ടാകുന്നത് വിളവ് കുറയ്ക്കുന്നു എന്നു ചൂണ്ടിക്കാട്ടുന്നു. ചൂടുകൂടുന്നതും ജലക്ഷാമവും ഉത്തരേന്ത്യയിലെ പാടങ്ങൾ നേരിടുന്ന പ്രധാന പ്രതിസന്ധിയാണ്. ഇതു നേരിടാൻ കേന്ദ്ര സർക്കാരിനു മുന്നിൽ നാഷനൽ ഇന്നൊവേഷൻ ഇൻ ക്ലൈമറ്റ് റെസിലിയന്റ് അഗ്രികൾച്ചർ (നിക്ര) നിരവധി പദ്ധതികൾ വച്ചിട്ടുണ്ടെങ്കിലും അതിന്റെ ഫലപ്രാപ്തി പ്രായോഗിക തലത്തിൽ കുറവാണ്. ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചറൽ റിസർച്ചിന്റെ നേതൃത്വത്തിൽ ജില്ലാ അഗ്രികൾച്ചറൽ കണ്ടിൻജൻസി പദ്ധതി മുന്നോട്ടുവച്ചിരുന്നുവെന്ന് 2019ൽ കാർഷിക മന്ത്രി നരേന്ദ്ര സിങ് തോമർ രാജ്യസഭയെ അറിയിച്ചിരുന്നു. ഇത്തരം പദ്ധതികൾക്ക് ലക്ഷ്യം കാണാനായിട്ടില്ല. അതിനു പ്രധാന കാരണങ്ങളിലൊന്ന് താളംതെറ്റിയ കാലാവസ്ഥയാണ്.


കാലംതെറ്റുന്ന കാലവർഷം


കാലവർഷം കാലം തെറ്റുന്നുവെന്നതാണ് ഇന്ത്യയിലെ കാർഷികമേഖല നേരിടുന്ന പ്രധാന വെല്ലുവിളി. ഒപ്പം തീവ്രകാലാവസ്ഥാ സംഭവങ്ങൾ കൃഷിയെ മാത്രമല്ല, ജനജീവിതത്തെയും മണ്ണിനെയും പ്രകൃതിയെയുമെല്ലാം പ്രതികൂലമായി ബാധിക്കുന്നു. ഇന്ത്യയിലെ കാർഷിക മേഖലയിലെ പ്രധാന സീസണാണ് മൺസൂൺ കാലം.
ജൂൺ മുതൽ സെപ്റ്റംബർ വരെ തുടരുന്ന തെക്കുപടിഞ്ഞാറൻ മൺസൂൺ കാലത്തെ ആശ്രയിച്ചാണ് ഇന്ത്യയിലെ കൃഷി. മൺസൂൺ പാറ്റേണിൽ പ്രകടമായ മാറ്റം കഴിഞ്ഞ പത്തുവർഷത്തെ കണക്കു പരിശോധിച്ചാൽ കാണാം. കേരളത്തിൽ 2015നു ശേഷം ആഗോള പ്രതിഭാസങ്ങളായ ലാനിനയും എൽനിനോയും കാരണം വരൾച്ചയും പ്രളയവും ഉണ്ടായി. കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലമാണ് പ്രളയം, വരൾച്ച പോലുള്ള തീവ്ര കാലാവസ്ഥാ സാഹചര്യങ്ങൾ. കൂടാതെ മൺസൂൺ മഴയുടെ പാറ്റേണിലെ മാറ്റം പ്രളയം പോലുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു. ഏതാനും മണിക്കൂറുകളിൽ ഒരു ദിവസം മുഴുവൻ പെയ്യേണ്ട മഴ, തീവ്രമഴകളുടെ (24 മണിക്കൂറിൽ 20 സെ.മിൽ കൂടുതൽ മഴ) എണ്ണം കൂടുന്നത് എന്നിവ കൃഷിയെ നശിപ്പിക്കുന്നു.
പ്രളയം മണ്ണിന്റെ ഘടനയിലും സ്വഭാവത്തിലും മാറ്റം വരുത്തുന്നു. തൽഫലമായി കൃഷിയും കന്നുകാലികളും മനുഷ്യരും തുല്യമായി പ്രയാസം നേരിടുന്നു. വേനൽമഴ കുറയുകയോ, കൂടുകയോ ചെയ്യുന്നത് കൃഷിയെ ബാധിക്കുന്നു. ഈ വർഷം മെയ് മാസത്തിൽ അപ്രതീക്ഷിതമായുണ്ടായ മഴ കേരളത്തിൽ വിളവെടുപ്പിനു പാകമായ ഹെക്ടർ കണക്കിനു നെൽകൃഷിയെ ബാധിച്ചു. ശക്തമായ കാറ്റ് വാഴക്കൃഷിയുടെ നട്ടെല്ല് തകർത്തു. മൺസൂണിന്റെ തുടക്കത്തിലെ രണ്ടുമാസം മഴ കുറയുകയും ഓഗസ്റ്റിനു ശേഷം മഴ കൂടുകയും ചെയ്യുന്ന പാറ്റേൺ കുറേ വർഷങ്ങളായി കേരളത്തിൽ കണ്ടുവരുന്നു.


നമ്മുടെ കാർഷിക കലണ്ടറും പഴഞ്ചൊല്ലുകളും തിരുത്തുകയാണ് കാലാവസ്ഥാ വ്യതിയാനം. ചിങ്ങത്തിൽ ചിങ്ങി ചിങ്ങി പെയ്യേണ്ട മഴ തകർത്തുപെയ്ത് പ്രളയമുണ്ടാക്കുന്നു. മഴ തകർത്തുപെയ്യേണ്ട ഇടവപ്പാതിയും കർക്കിടകവും വെളുക്കെ ചിരിക്കുന്നു. കാർഷിക വിളകളെ നശിപ്പിക്കാൻ ഇതിൽപരം എന്തുവേണം. കാലാവസ്ഥക്ക് അനുയോജ്യമായ കാർഷിക വിളകൾ തിരഞ്ഞെടുക്കാമെന്നുവച്ചാൽ അസ്ഥിരമായ കാലാവസ്ഥ പിടിനൽകുന്നുമില്ല.
ഇക്കാലമത്രയും കേരളത്തിന് അനുഗ്രഹമായ ഭൂപ്രകൃതിയാണ് ഇപ്പോൾ നമുക്കു വില്ലനാകുന്നത്. പടിഞ്ഞാറ് അറബിക്കടലും കിഴക്ക് പശ്ചിമഘട്ടവും കാലാവസ്ഥയിൽ നേരിയ മാറ്റം ഉണ്ടാക്കുമ്പോൾ തന്നെ തീവ്രകാലാവസ്ഥാ സാഹചര്യവും ഉണ്ടാക്കുന്നു. പ്രളയത്തിനു പ്രധാന കാരണം ഈ ഭൂപ്രകൃതിയാണ്. കേരളത്തിൽ റിപ്പോർട്ട് ചെയ്ത തീവ്ര കാലാവസ്ഥാ സംഭവങ്ങളുടെ പകുതിപോലും തമിഴ്‌നാട്ടിൽ ഇല്ലാതിരിക്കാൻ കാരണം ഭൂപ്രകൃതിയുടെ സ്വാധീനമാണ്.


കൂടിയ ചൂടും രൂക്ഷമായ തണുപ്പും ശക്തമായ മഴയുമെല്ലാം കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടല്ലാതാക്കി മാറ്റിയിരിക്കുന്നു. ഈത്തപ്പഴത്തിന്റെ കുരു മുളയ്ക്കാത്ത കേരളത്തിൽ റോഡരികിലും മറ്റും കുരുമുളച്ചുണ്ടായ ഈത്തപ്പന കാണാം. പാകമാകാത്ത അത്തിമരം ചൂടിൽ പഴുക്കുന്നതും കാണാം. മുന്തിരിക്കുലകൾ പലയിടത്തും കാണാം. കാലാവസ്ഥ മാറുകയാണ്. തിരികെ ലഭിക്കുമോ നമ്മുടെ പഴയ കാലാവസ്ഥയും സംസ്‌കൃതിയും എന്ന ചോദ്യത്തിന് ഉത്തരമില്ല. എത്രനാൾ ഭൂമിയിൽ മനുഷ്യരുണ്ടാകും എന്നാണ് ഇപ്പോൾ കാലാവസ്ഥാ ശാസ്ത്രജ്ഞരും ആലോചിക്കുന്നത്.

(മാധ്യമപ്രവർത്തകനും കാലാവസ്ഥാ നിരീക്ഷകനുമാണ് ലേഖകൻ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  14 days ago
No Image

വാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു

National
  •  14 days ago
No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  14 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  14 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  14 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  14 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  14 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  14 days ago
No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  14 days ago